Political Drama | ഇ പി ജയരാജൻ പുറത്തായപ്പോൾ രക്ഷപ്പെടുന്നത് മുകേഷോ? എംഎൽഎയുടെ രാജിക്കായി മുറവിളി കൂട്ടുമ്പോൾ കൺവീനർ തെറിച്ചു
പുറത്തുപോകൽ സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് ഇടയാക്കിയിട്ടുണ്ട്
സോണി കല്ലറയ്ക്കൽ
(KVARTHA) ഇ പി ഇപ്പോൾ നടൻ മുകേഷിനെപ്പോലുള്ളവർക്ക് രക്ഷകൻ ആയിരിക്കുകയാണ്. ഒപ്പം സി.പി എമ്മിനും സഖാക്കൾക്കും. ഇ പി യെ നീക്കിയത് കൊണ്ട് പീഡന കേസ് മറക്കാൻ അല്ലെങ്കിൽ മറയ്ക്കാൻ കഴിയുമോ?. ഇപ്പോൾ പൊതു സമൂഹത്തിൽ നിന്ന് ഉയരുന്ന ചോദ്യമിതാണ്. മാധ്യമങ്ങളും പുതിയ വാർത്തയ്ക്ക് പിന്നാലെയാണ്. എല്‍ഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് നീക്കി, പകരം ചുമതല ടി പി രാമകൃഷ്ണന് നൽകിയിരിക്കുകയാണ്. ബിജെപി ബാന്ധവ വിവാദത്തിലാണ് പാര്‍ട്ടിയുടെ അച്ചടക്ക നടപടി.
നടപടിയില്‍ പ്രതിഷേധിച്ച് സംസ്ഥാന സമിതിയില്‍ പങ്കെടുക്കാതെ ഇപി കണ്ണൂരിലേക്ക് പോയി. ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി ഇ പി ജയരാജന്‍ നടത്തിയ കൂടിക്കാഴ്ച വന്‍ വിവാദത്തിന് ഇടയാക്കിയിരുന്നു. ബിജെപി പ്രവേശനത്തിൽ ഇപിയുമായി മൂന്ന് വട്ടം ചർച്ച നടത്തിയെന്ന് ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രൻ്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച പുറത്തറിഞ്ഞത്. പ്രകാശ് ജാവദേക്കറുമായി നടന്നത് രാഷ്ട്രീയ കൂടിക്കാഴ്ച ആയിരുന്നില്ലെന്നും അതിനാലാണ് പാര്‍ട്ടിയെ അറിയിക്കാത്തിരുന്നത് എന്നുമായിരുന്നു വിഷയത്തില്‍ ഇ പിയുടെ വിശദീകരണം.
ഇതിനോട് ഒരാൾ സോഷ്യൽ മീഡിയയിൽ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു: 'ഇതിപ്പോൾ ചക്കിന് വെച്ചത് കൊക്കിന് കൊണ്ടു എന്നു പറഞ്ഞതു പോലെയായി. എം.എൽ.എ മുകേഷിന്റെ രാജിക്കായി മുറവിളി കൂട്ടുമ്പോൾ എൽ.ഡി.എഫ് കൺവീനർ ഇ. പി. ജയരാജിനെ പുറത്താക്കിയിരിക്കുന്നു. പാർട്ടിക്കറിയാം! ഒരു ഇ. പിയെ പുറത്താക്കിയെന്നു വെച്ച് പാർട്ടിക്ക് ഒന്നും സംഭവിക്കാൻ പോകുന്നില്ല എന്ന്. എന്നാൽ മാധ്യമ ചാനലുകൾ ഇന്നു മുഴുവൻ ഇ. പിക്ക് പുറകെ പൊയ്കൊള്ളും.
പ്രിയ മാധ്യമ സുഹൃത്തുക്കളെ ഒരു സിനിമ മേഖലയെ തന്നെ ശുദ്ധികലശം നടത്തി സിനിമ മേഖലയെ പുതിയ സുവർണ്ണകാലത്തിലേക്ക് കൈപിടിച്ചുയർത്തുവാൻ കഴിയുംവിധം കൊല്ലം എം.എൽ.എ മുകേഷിന്റെ രാജിയിലൂടെ അത് സാധ്യമാകുമെന്നിരിക്കെ നിങ്ങളിൽ നിന്നും പൊതു സമൂഹം പ്രതീക്ഷിക്കുന്നത് നീതിയുക്തമായ രീതിയിലുള്ള സിനിമ മേഖലയിലെ പുഴുക്കുത്തുകൾക്കെതിരെയുള്ള ശക്തമായ വെളിപ്പെടുത്തലുകൾ തുടരുമെന്നു തന്നെയാണ്. ഓരോ മണിക്കൂറുകളിൽ പുറത്തു വന്നുകൊണ്ടിരിക്കുന്ന സത്യങ്ങൾക്കു നേരെ നിങ്ങളുടെ കണ്ണാടി തിരിച്ചു പിടിക്കൂ. ബാക്കിയെല്ലാം നിങ്ങളെ വഴി തിരിച്ചു വിടുവാനുള്ള പുകമറകളാണ്. നിങ്ങളതിൽ ദയവ് ചെയ്ത് വീഴരുത്'.
ഈ അഭിപ്രായം നൂറ് ശതമാനം സത്യമല്ലെ എന്ന് തോന്നിപ്പോകുക സ്വഭാവികം. ഇ.പിയെ എൽ.ഡി.എഫ് കൺവീനർ സ്ഥാനത്തു നിന്ന് നീക്കം ചെയ്തത് വലിയ സംഭവമാണോ? അതിൻ്റെ പേരിൽ ഇത്രമാത്രം ചർച്ചയ്ക്ക് പ്രാധാന്യമുണ്ടോ. ഇത് പൊതുസമൂഹമാണ് വിലയിരുത്തേണ്ടത്. ഇ പി ജയരാജൻ പാർട്ടിയുടെ കേന്ദ്രകമ്മിറ്റി അംഗമാണ്. എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്നും ഒഴിഞ്ഞതിന് എന്താണ് കുഴപ്പം?എന്നും ഒരു സ്ഥാനത്ത് ആരും സ്ഥിരമായി ഇരിക്കില്ല. അങ്ങനെ മാറി മാറി വരും. അത് ഈ അവസരത്തിൽ വലിയ സംഭവമാക്കി മാറ്റാൻ ആര് ശ്രമിച്ചാലും അത് കണ്ണടച്ച് ഇരുട്ടാക്കുന്നതിന് തുല്യമാണെന്ന് സാമാന്യബോധമുള്ളവർക്ക് മനസ്സിലാക്കാൻ പ്രയാസമില്ല.
ഒരു പക്ഷേ, ബി.ജെ.പി ബന്ധം മോഹിച്ചു നിൽക്കുന്നവർക്ക് ബി.ജെ.പി യിൽ എത്തി അധികാര സ്ഥാനങ്ങൾ കൈക്കലാക്കാനുള്ള ഒരു സാഹചര്യമായി ഇത് മാറുകയും ചെയ്യും. ഇതിന് പിന്നിൽ വലിയ കളിയുണ്ട്. ജനങ്ങളെ വീണ്ടും കഴുതകൾ ആക്കുന്ന കളി. അതല്ലേ സത്യവും. ഹേമാ കമ്മീഷൻ റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ സിനിമാ മേഖലയിൽ നിന്ന് സൂപ്പർതാരങ്ങൾ ഉൾപ്പെടെയുള്ളവർക്കെതിരെ വലിയ ആരോപണങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുമ്പോൾ അല്ലെങ്കിൽ പാർട്ടിയിൽപ്പെട്ട ഒരു എം.എൽ.എയും നടനുമായ എം മുകേഷിനെതിരെ വലിയ പ്രതിഷേധങ്ങൾ സംസ്ഥാനത്ത് എങ്ങും അലയടിക്കുമ്പോൾ ഇതിനെയൊക്കെ വഴിതിരിച്ചു വിടാൻ കാണിക്കുന്ന സർക്കാരിൻ്റെയും ഭരിക്കുന്ന പാർട്ടിയുടെയും അടവ് ആയി കാണാമെന്നാണ് സാമൂഹ്യ മാധ്യമങ്ങളിലെ വാദം.
തെറ്റ് തിരുത്താനാണ് ശ്രമിക്കുന്നതെങ്കിൽ, ഏറ്റവും വലിയ തെറ്റ് അധികാരത്തിൽ ഇരിക്കുന്ന ആളുകൾ തന്നെയാണ്. അത് തിരുത്താനുള്ള ചങ്കുറപ്പ് പാർട്ടിക്ക് ഉണ്ടാകുമോ എന്നാണ് പൊതുസമൂഹം നോക്കുന്നത്. വെറുതെ ഇത്തരം കാര്യങ്ങളുടെ പുറകേ പോയി മാധ്യമങ്ങളും തരം താഴരുതെന്ന് അപേക്ഷിക്കുന്നു.