Released | 'അവസാന ശ്വാസം വരെ മോദിയുടെ പ്രത്യയശാസ്ത്രത്തിനെതിരെ പോരാടും'; ഇടക്കാല ജാമ്യത്തിൽ ജയിലിൽ നിന്ന് പുറത്തിറങ്ങി ലോക്‌സഭാ എംപി എൻജിനീയർ റാഷിദ്
● റാഷിദിൻ്റെ പാർട്ടി(എഐപി) നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്
ന്യൂഡൽഹി: (KVARTHA) തീവ്രവാദ ഫണ്ടിംഗ് കേസിൽ തിഹാർ ജയിലിൽ അടക്കപ്പെട്ടിരുന്ന ബാരാമുല്ല എംപി എൻജിനീയർ റാഷിദ്, ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രചാരണം നടത്തുന്നതിനായി കോടതി ഒക്ടോബർ രണ്ട് വരെ ഇടക്കാല ജാമ്യം അനുവദിച്ചതിനെ തുടർന്ന് ജയിലിൽ നിന്ന് പുറത്തിറങ്ങി. ബുധനാഴ്ച വൈകിട്ട് 4.15നാണ് റാഷിദ് ജയിലിൽ നിന്ന് പുറത്തിറങ്ങിയതെന്ന് ജയിൽ ഉദ്യോഗസ്ഥൻ പറഞ്ഞു.
തൻ്റെ രാഷ്ട്രീയ പോരാട്ടം തുടരുമെന്ന് റാഷിദ് മാധ്യമങ്ങളോട് പ്രതികരിച്ചു. ഞാൻ എൻ്റെ ജനങ്ങളെ നിരാശപ്പെടുത്തില്ല. പ്രധാനമന്ത്രി മോദിയുടെ 'നയാ കാശ്മീർ' എന്ന ആഖ്യാനത്തിനെതിരെ പോരാടും. 2019 ഓഗസ്റ്റ് അഞ്ചിന് അദ്ദേഹം ചെയ്തതെന്തും ജനം തള്ളിക്കളഞ്ഞിട്ടുണ്ട്, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് പരാമർശിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു.
ബിജെപി തനിക്കെതിരെ അടിച്ചമർത്തൽ തന്ത്രങ്ങൾ പ്രയോഗിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു, ഞാൻ ബിജെപിയുടെ ഇരയാണ്, എൻ്റെ അവസാന ശ്വാസം വരെ പ്രധാനമന്ത്രി മോദിയുടെ പ്രത്യയശാസ്ത്രത്തിനെതിരെ പോരാടുമെന്നും റാഷിദ് കൂട്ടിച്ചേർത്തു.
Er Rashid walks out from Tihar jail, says will not let down my people. My fight is bigger than what Omar Abdullah says. His fight is for the chair, my fight is for the people pic.twitter.com/qsTGBVKfeV
— The Asian News Hub (@AsianNewsHub) September 11, 2024
എൻജിനീയർ റാഷിദ് എന്നറിയപ്പെടുന്ന ഷെയ്ഖ് അബ്ദുൽ റാഷിദ് 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബാരാമുല്ലയിൽ മുൻ മുഖ്യമന്ത്രി ഉമർ അബ്ദുല്ലയെ പരാജയപ്പെടുത്തിയതോടെ ശ്രദ്ധേയനായിരുന്നു. 2019 ൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) യാണ് തീവ്രവാദ-ധനസഹായ പ്രവർത്തനങ്ങൾ ആരോപിച്ച് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമപ്രകാരം അറസ്റ്റിലാകുന്ന ആദ്യത്തെ മുഖ്യധാരാ നേതാവാണ് അദ്ദേഹം.
ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പ് സെപ്റ്റംബർ 18, സെപ്റ്റംബർ 25, ഒക്ടോബർ ഒന്ന് എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായി നടക്കും. ഒക്ടോബർ എട്ടിന് ഫലം പ്രഖ്യാപിക്കും. എൻജിനീയർ റാഷിദിൻ്റെ പാർട്ടിയായ അവാമി ഇത്തിഹാദ് പാർട്ടി (എഐപി) നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്. എന്നിരുന്നാലും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹം സ്വതന്ത്രനായാണ് മത്സരിച്ചത്. റാഷിദ് ജയിലിലായതിനാൽ മക്കളായ അബ്രാർ റാഷിദും അസ്രാർ റാഷിദുമാണ് അന്ന് പിതാവിൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകിയത്.
രണ്ട് ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടിലും സമാനമായ തുകയുടെ ഒരു ജാമ്യത്തിലും റാഷിദിനെ ഇടക്കാല ജാമ്യത്തിൽ വിട്ടയക്കാൻ അഡീഷണൽ സെഷൻസ് ജഡ്‌ജ് ചന്ദർ ജിത് സിംഗ് കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. കേസിനെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കരുതെന്നുൾപ്പെടെ ചില ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. നേരത്തെ ജൂലൈ അഞ്ചിന് ലോക്‌സഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിനായി കോടതി രണ്ട് മണിക്കൂർ കസ്റ്റഡി പരോൾ അനുവദിച്ചിരുന്നു.
#EngineerRashid #JammuKashmir #Elections #Terrorism #India #Justice