Coalition Govt | മോദിക്ക് മുന്നിലുള്ള പ്രതിസന്ധി, ഇന്ത്യയിലെ മുൻ കൂട്ടുകക്ഷി സർക്കാരുകൾക്ക് കാലാവധി തികയ്ക്കാനായിട്ടുണ്ടോ? ചരിത്രമറിയാം 

 
Modi


2014, 2019 തിരഞ്ഞെടുപ്പുകളിൽ 283ഉം 303ഉം സീറ്റുകളിൽ ജയിച്ച് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിൻ്റെ പ്രബലനായ നേതാവായിരുന്നു മോദിയെങ്കിൽ ഇപ്പോൾ സാഹചര്യം വ്യത്യസ്തമാണ്

ന്യൂഡെൽഹി:  (KVARTHA) ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് കേവല ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്ന് 10 വർഷത്തിന് ശേഷം  നരേന്ദ്ര മോദിക്ക് ഭരണം തുടരാൻ ആദ്യമായി സഖ്യകക്ഷികളെ ആശ്രയിക്കേണ്ട സ്ഥിതിയാണുള്ളത്. 2014, 2019 തിരഞ്ഞെടുപ്പുകളിൽ 283ഉം 303ഉം സീറ്റുകളിൽ ജയിച്ച് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിൻ്റെ പ്രബലനായ നേതാവായിരുന്നു മോദിയെങ്കിൽ ഇപ്പോൾ സാഹചര്യം വ്യത്യസ്തമാണ്. 

ഇത്തവണ ബിജെപിക്ക് 240 സീറ്റുകൾ മാത്രമാണ് നേടാനായത്. ഭൂരിപക്ഷത്തേക്കാൾ 32 എണ്ണം കുറവ്. 14 പാർട്ടികൾ അടങ്ങുന്ന നാഷണൽ ഡെമോക്രാറ്റിക് അലയൻസ് (NDA) സഖ്യത്തിന് 293 സീറ്റുകൾ ലഭിച്ചു.  ബിജെപിക്ക് സ്വന്തമായി കേവല ഭൂരിപക്ഷം ഇല്ലാത്തതിനാൽ ചന്ദ്രബാബു നായിഡുവിൻ്റെ ടിഡിപിയും നിതീഷ് കുമാറിൻ്റെ ജെഡിയുവും എൻഡിഎയിൽ ശക്തരായി മാറിയിട്ടുണ്ട്.  ഇതാദ്യമായല്ല ബിജെപി കൂട്ടുകക്ഷി സർക്കാരിന് നേതൃത്വം നൽകുന്നത്.  മുൻകാലങ്ങളിൽ ഇന്ത്യയെ സംബന്ധിച്ചിടത്തോളം സഖ്യ സർക്കാരുകൾ എങ്ങനെയായിരുന്നുവെന്ന് അറിയാം.

1977-1979: ഇന്ത്യയിലെ ആദ്യത്തെ കൂട്ടുകക്ഷി സർക്കാർ

1977ൽ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെട്ടതിനെ തുടർന്നാണ് ഇന്ത്യയിലെ ആദ്യത്തെ കൂട്ടുകക്ഷി സർക്കാർ രൂപീകരിച്ചത്. കോൺഗ്രസ് നേതാവും പ്രധാനമന്ത്രിയുമായ ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ ഏർപ്പെടുത്തി ഏകദേശം രണ്ട് വർഷത്തിന് ശേഷമാണ് 1977 ലെ തിരഞ്ഞെടുപ്പ് നടന്നത്. അടിയന്തരാവസ്ഥ പിൻവലിച്ച് 1977 ജനുവരിയിൽ പെട്ടെന്ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയായിരുന്നു.

ജനതാ പാർട്ടി എന്ന വിവിധ പാർട്ടികളുടെ സഖ്യമാണ് കോൺഗ്രസിനെ പരാജയപ്പെടുത്തിയത്. ജനതാ പാർട്ടിയുടെ വിജയത്തിനു ശേഷം മൊറാർജി ദേശായി പ്രധാനമന്ത്രിയായി. എന്നാൽ പ്രത്യയശാസ്ത്രപരമായ ഭിന്നതകൾ മൂലം ജനതാ പാർട്ടി രണ്ട് വർഷത്തിന് ശേഷം പിളർന്നു.  1979-ൽ ജനതാ പാർട്ടിയിലെ പിളർന്ന വിഭാഗത്തിന്റെ പിന്തുണയോടെയും കോൺഗ്രസ് പാർട്ടിയുടെ പുറത്തുള്ള പിന്തുണയോടെയും ചരൺ സിംഗ് പ്രധാനമന്ത്രിയായി.
എന്നാൽ കോൺഗ്രസ് പാർട്ടി പിന്തുണ പിൻവലിച്ചതിനാൽ 23 ദിവസത്തിന് ശേഷം ഭരണം വീണു. 1980ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 353 സീറ്റുകൾ നേടി ഇന്ദിരാഗാന്ധി അധികാരത്തിൽ തിരിച്ചെത്തി. 

1989: കോൺഗ്രസിനെതിരായ സഖ്യം

1989ൽ രാജീവ് ഗാന്ധിയുടെ കീഴിൽ കോൺഗ്രസ് 529-ൽ 197 സീറ്റുകൾ നേടി ഏറ്റവും വലിയ കക്ഷിയായി. മുൻ കോൺഗ്രസ് നേതാവും ധനമന്ത്രിയുമായ വിശ്വനാഥ് പ്രതാപ് സിംഗ് എന്ന വിപി സിങ് നാഷണൽ ഫ്രണ്ട് എന്ന പേരിൽ ഒരു പുതിയ സഖ്യം രൂപീകരിച്ചിരുന്നു. വിപി സിങ്ങിൻ്റെ നേതൃത്വത്തിലുള്ള നാഷണൽ ഫ്രണ്ട് 143 സീറ്റുകൾ നേടിയപ്പോൾ ബിജെപി 85 സീറ്റുകൾ കരസ്ഥമാക്കി. 

തുടർന്ന് ബിജെപിയുടെ പിന്തുണയോടെ വിപി സിംഗ് പ്രധാനമന്ത്രിയായി. അയോധ്യയിൽ രാമക്ഷേത്രമെന്ന ആവശ്യവുമായി നടത്തിയ രഥയാത്രയ്ക്കിടയിൽ ലാൽ കൃഷ്ണ അദ്വാനി അറസ്റ്റിലായപ്പോൾ ബിജെപി പിന്തുണ പിൻവലിച്ചതിനെത്തുടർന്ന് 1990-ൽ അദ്ദേഹത്തിൻ്റെ സർക്കാർ വീണു.

മുതിർന്ന ജനതാദൾ നേതാവായ ചന്ദ്ര ശേഖർ, ദേശീയ മുന്നണിയുടെ ഭാഗമായിരുന്ന പാർട്ടിയെ പിളർത്തി 1990-ൽ സമാജ്‌വാദി ജനതാ പാർട്ടി രൂപീകരിച്ചു. 1990 നവംബറിൽ വിപി സിങ്ങിൻ്റെ പിൻഗാമിയായി കോൺഗ്രസിൻ്റെ പിന്തുണയോടെ അദ്ദേഹം പ്രധാനമന്ത്രിയായി. എന്നാൽ ആ സർക്കാരും ഏതാനും മാസങ്ങൾക്കുശേഷം വീണു.

1991-ലെ തിരഞ്ഞെടുപ്പിൽ, കോൺഗ്രസ് പാർട്ടി വീണ്ടും ഏറ്റവും വലിയ കക്ഷിയായി. കോൺഗ്രസ് നേതാവ് പിവി നരസിംഹ റാവു ജനതാദളിൻ്റെ പിന്തുണയോടെ പ്രധാനമന്ത്രിയായി. കാലാവധി പൂർത്തിയാക്കിയ റാവു സർക്കാർ പുതിയ സാമ്പത്തിക പരിഷ്കാരങ്ങൾക്ക് തുടക്കമിട്ടു.

1996: 13 ദിവസത്തെ സഖ്യം

1996-ൽ ബിജെപി ആദ്യമായി ഒറ്റ വലിയ കക്ഷിയായി ഉയർന്നു. പാർട്ടി 161 സീറ്റുകൾ നേടിയപ്പോൾ കോൺഗ്രസ് 140 സീറ്റുകളിലൊതുങ്ങി. ജനതാദൾ  46 സീറ്റുകളോടെ മൂന്നാം സ്ഥാനത്തെത്തി. വാജ്പേയി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തെങ്കിലും പാർലമെൻ്റിൽ ഭൂരിപക്ഷം നേടാനായില്ല. സർക്കാർ 13 ദിവസം മാത്രമേ നിലനിന്നുള്ളൂ.

പിന്നീട് ജനതാദൾ, തെലുങ്കുദേശം പാർട്ടി (ടിഡിപി) എന്നിവയുൾപ്പെടെ 13 പാർട്ടികളും ഇടതു-കമ്മ്യൂണിസ്റ്റ് പാർട്ടികളും ഉൾപ്പെടുന്ന പുതിയ സഖ്യത്തിന്റെ പിന്തുണയോടെ എച്ച്‌ഡി ദേവഗൗഡ പ്രധാനമന്ത്രിയായി. എന്നാൽ അഭിപ്രായ ഭിന്നതകൾ മൂലം ഒരു വർഷത്തിനുള്ളിൽ ദേവഗൗഡ സർക്കാർ വീണു. ശേഷം ഇന്ദർ കുമാർ ഗുജ്‌റാൾ പ്രധാനമന്ത്രിയായി, പക്ഷേ അദ്ദേഹത്തിൻ്റെ സർക്കാരിനും ഒരു വർഷത്തിൽ കൂടുതൽ നിലനിൽക്കാനായില്ല.

1998: എൻഡിഎയുടെ ജനനം

1998ലെ തെരഞ്ഞെടുപ്പിന് ശേഷം വാജ്പേയി വീണ്ടും പ്രധാനമന്ത്രിയായി. ശിവസേന, എഐഎഡിഎംകെ തുടങ്ങിയ പാർട്ടികൾ ഉൾപ്പെടുന്ന എൻഡിഎ എന്ന പേരിൽ ഒരു സഖ്യം രൂപീകരിക്കാൻ അദ്ദേഹത്തിന് ഇത്തവണ കഴിഞ്ഞു. എഐഎഡിഎംകെ പിന്തുണ പിൻവലിച്ചതിനെ തുടർന്ന് 13 മാസത്തിന് ശേഷം സർക്കാർ നിലംപതിച്ചു.

1999: എൻഡിഎ സഖ്യം

1999ൽ നടന്ന തിരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യത്തെ ബിജെപി നേതാവ് വാജ്‌പേയി വിജയത്തിലേക്ക് നയിച്ചു. സർക്കാർ കാലാവധി പൂർത്തിയാക്കി.

2004-2014: യുപിഎയുടെ ജനനം

2004ൽ സോണിയാഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പാർട്ടി ഏറ്റവും വലിയ കക്ഷിയായി. തിരഞ്ഞെടുപ്പിന് ശേഷം യുണൈറ്റഡ് പ്രോഗ്രസീവ് അലയൻസ് (യുപിഎ) എന്ന പുതിയ സഖ്യം നിലവിൽ വന്നു. 1991-ൽ ധനമന്ത്രിയെന്ന നിലയിൽ ഇന്ത്യയുടെ സാമ്പത്തിക പരിഷ്കാരങ്ങളുടെ ശില്പിയായിരുന്ന മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു.
2009ലെ തെരഞ്ഞെടുപ്പിൽ മൻമോഹൻ സിങ്ങിൻ്റെ നേതൃത്വത്തിൽ യുപിഎ സഖ്യം രണ്ടാം തവണയും അധികാരത്തിലെത്തി.

2024: 10 വർഷത്തിന് ശേഷം വീണ്ടും സഖ്യ സർക്കാർ 

ബിജെപിക്ക് പൂർണ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും ചേർന്ന് കേന്ദ്രസർക്കാരിൽ സുപ്രധാന  സമ്മർദം ചെലുത്തും. ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്,  ഏകീകൃത സിവിൽ കോഡ്, അഗ്നിപഥ് തുടങ്ങിയ സുപ്രധാന വിഷയങ്ങളിൽ ബിജെപിക്ക് നിലപാട് മാറ്റേണ്ടി വന്നേക്കാം. മറുവശത്ത് പ്രതിപക്ഷവും ശക്തമാണ്. അതിനോയോക്കെ എങ്ങനെ കൈകാര്യം ചെയ്യുമെന്നതിനെ ആശ്രയിച്ചിരിക്കും മൂന്നാം മോദി സർക്കാരിന്റെ ഭാവി.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia