Alert | ശക്തമായ മഴയും കാറ്റും: 7 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജൂലൈ 30ന് ചൊവ്വാഴ്ച അവധി


മുഴുവൻ വിദ്യാർത്ഥികൾ താമസിച്ചു പഠിക്കുന്ന റസിഡൻഷ്യൽ സ്ഥാപനങ്ങൾക്ക്/ കോഴ്സുകൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റം ഉണ്ടായിരിക്കുന്നതല്ല.
തിരുവനന്തപുരം: (KVARTHA) ശക്തമായി മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ ചൊവ്വാഴ്ച (ജൂലൈ 30) തൃശൂര്‍, വയനാട്, പാലക്കാട്, എറണാകുളം, മലപ്പുറം, ഇടുക്കി, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ത്യശൂർ ജില്ലയിലെ അംഗണവാടികൾ, നഴ്സറികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ, പ്രൊഫഷണൽ കോളേജുകൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടർ ഉത്തരവിട്ടു. മുഴുവൻ വിദ്യാർത്ഥികൾ താമസിച്ചു പഠിക്കുന്ന റസിഡൻഷ്യൽ സ്ഥാപനങ്ങൾക്ക്/ കോഴ്സുകൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റം ഉണ്ടായിരിക്കുന്നതല്ല.
കനത്ത കാലവർഷത്തിൻ്റെയും മഴക്കെടുതികളുടെയും പശ്ചാത്തലത്തിൽ പാലക്കാട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ, അംഗണവാടികൾ, കിൻറർഗാർട്ടൻ, മദ്രസ, ട്യൂഷൻ സെൻ്റർ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് കലക്ടർ അറിയിച്ചു. മുൻകൂട്ടി നിശ്ചയിച്ച പൊതു പരീക്ഷകൾക്കും റസിഡൻഷ്യൽ രീതിയിൽ പഠനം നടത്തുന്ന മോഡൽ റസിഡൻഷ്യൽ സ്കൂളുകൾക്കും നവോദയ വിദ്യാലയത്തിനും അവധി ബാധകമല്ല.
തൃശൂരിൽ ഡാമുകൾ തുറന്നു
അതേസമയം, വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്നതിനാല്‍ അധികജലം പുറത്തേക്കൊഴുക്കി ജലനിരപ്പ് ക്രമീകരിക്കുന്നതിന് പീച്ചി ഡാമിന്റെ നാല് ഷട്ടറുകള്‍ തുറന്നു. സ്പില്‍വേ ഷട്ടറുകള്‍ തുറന്ന് അധികജലം ഒഴുക്കുന്നത് മൂലം മണലി, കരുവന്നൂര്‍ പുഴകളിലെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചിട്ടുണ്ട്.
കൂടാതെ, വാഴാനി ഡാമിന്റെ നാല് സ്പിൽവേ ഷട്ടറുകൾ മൂന്ന് സെന്റിമീറ്റർ കൂടി തുറന്നു 8 സെന്റീമീറ്റർ ആക്കി ഉയർത്തിയതായും വടക്കാഞ്ചേരി പുഴയിലേക്ക് അധികജലം ഒഴുകുന്നതിനാൽ പ്രദേശവാസികൾ ജാഗ്രത പുലർത്തണമെന്നും എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
പത്താഴക്കുണ്ട് ഡാമിലെ എല്ലാ ഷട്ടറുകളും മൂന്ന് സെന്റീമീറ്റർ വീതം ഉയർത്തി. മഴ ശക്തമായാൽ ഘട്ടം ഘട്ടമായി ഷട്ടറുകൾ കൂടുതൽ ഉയർത്തുമെന്നും അസി. എക്സി. എൻജിനീയർ അറിയിച്ചു. നിലവിലെ ജലനിരപ്പ് 13.06 മീറ്റർ ആണ്. പരമാവധി ജലനിരപ്പ് 14 മീറ്റർ ആണ്.