Earthquake | തൃശൂരിലുണ്ടായ ഭൂചലനം: അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രി കെ രാജന്‍; 'ആശങ്കപ്പെടേണ്ട സാഹചര്യമില്ല' 

 
Earthquake


നവമാധ്യമങ്ങളില്‍ ജനങ്ങള്‍ക്ക് പരിഭ്രാന്തിയുണ്ടാക്കുന്ന വിധത്തിലുള്ള സന്ദേശങ്ങള്‍ പ്രചരിക്കുന്നത് തടയാൻ നിർദേശം 

തൃശൂര്‍: (KVARTHA) ജില്ലയില്‍ കുന്നംകുളം, തലപ്പിള്ളി താലൂക്ക് പരിധിയിലെ ചിലയിടങ്ങളില്‍ ജൂണ്‍ 15, 16 തീയതികളിലായി നേരിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ട സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും നിലവില്‍ ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്നും റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ അറിയിച്ചു. ആവശ്യമായ തുടര്‍നടപടി സ്വീകരിക്കുന്നതിനും സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും മന്ത്രിയുടെ അധ്യക്ഷതയില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായി യോഗം ചേര്‍ന്നു.  

കുന്നംകുളം താലൂക്കിലെ എരുമപ്പെട്ടി, പഴഞ്ഞി മേഖലയില്‍ ജൂണ്‍ 15ന് രാവിലെ 08.15 നോട് കൂടി ഉണ്ടായ ഭൂചലനം നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ് 3.0 ആയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് ഒരു മുഴക്കത്തോട് കൂടി നാല് സെക്കന്റ് നീണ്ടതായും, ഒബ്‌സര്‍വേറ്ററിയില്‍ വെണ്‍മനാട് സ്ഥലം കാണിച്ചതായും അധികൃതര്‍ അറിയിച്ചു. ജൂണ്‍ 16ന് രാവിലെ 03.55 ന് ഉണ്ടായ ഭൂചലനം 2.9 ആയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഭൂചലനങ്ങള്‍ പ്രവചിക്കുന്നതിന് നിലവില്‍ സാങ്കേതിവിദ്യകള്‍ ഇല്ലാത്ത സാഹചര്യത്തില്‍, പ്രദേശത്ത് ആവശ്യമായ ജാഗ്രത പുലര്‍ത്തണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. 

ജനങ്ങള്‍ക്ക് ഉണ്ടാകുന്ന ആശങ്ക ദൂരീകരിക്കുന്നതിനും, സ്വീകരിക്കേണ്ടതായ മുന്‍കരുതലുകള്‍ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് ബോധവത്കരണം നടത്തുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കണം. എവിടെയെങ്കിലും പ്രത്യേക സാഹചര്യങ്ങള്‍ ഉള്ളതായി അറിവായാല്‍ ഉടനെ ഗ്രാമപഞ്ചായത്ത്, ജിയോളജി വിഭാഗം ഉദ്യേഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ സന്ദര്‍ശനം നടത്തി റിപ്പോര്‍ട്ട് ചെയ്യാനും തഹസില്‍ദാര്‍മാര്‍ക്കും, എല്‍ എസ് ജി ഡി ജോയിന്റ് ഡയറക്ടര്‍ക്കും നിര്‍ദ്ദേശം നല്‍കി. ചലനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍, കെട്ടിടങ്ങളിലുള്ളവര്‍ ചെയ്യേണ്ട കാര്യങ്ങള്‍ സംബന്ധിച്ചും, കഴിയുന്നിടത്തോളം തുറസ്സായ സ്ഥലങ്ങളിലേക്ക് മാറാനും ജനങ്ങള്‍ക്ക് ആവശ്യമായ ബോധവത്കരണം നടത്താന്‍ നിര്‍ദ്ദേശിച്ചു. മുന്‍കരുതലുകള്‍ സംബന്ധിച്ച് ജനപ്രതിനിധികള്‍ക്ക് ആവശ്യമായ അറിവ് നല്‍കാനും ആവശ്യപ്പെട്ടു. 

നവമാധ്യമങ്ങളില്‍ ജനങ്ങള്‍ക്ക് പരിഭ്രാന്തിയുണ്ടാക്കുന്ന വിധത്തിലുള്ള സന്ദേശങ്ങള്‍ പ്രചരിക്കുന്നത് തടയുന്നതിനും, അനാവശ്യപ്രചരണങ്ങള്‍ നടത്തുന്നത് ഒഴിവാക്കുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കി. പൊതുജനങ്ങള്‍ക്കാവശ്യമായ നിര്‍ദ്ദേശങ്ങള്‍ ജില്ലാ അടിയന്തരഘട്ട കാര്യനിര്‍വഹണ കേന്ദ്രത്തില്‍ നിന്ന് പുറപ്പെടുവിക്കും. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ആശുപത്രികളും, ഫയര്‍ ഫോഴ്‌സ് വിഭാഗവും എപ്പോഴും സജ്ജരായിരിക്കണമെന്നും, ഒഴിവു ദിനങ്ങളിലും റവന്യൂ, ഫയര്‍ ഫോഴ്‌സ്, ജിയോളജി, പോലീസ്, ഹെല്‍ത്ത് പ്രധാനപ്പെട്ട തുടങ്ങിയ പ്രധാനപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ഉണ്ടായിരിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. യോഗത്തില്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ടി. മുരളി, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia