Heroism | ഡോക്ടർ ലവീന മുഹമ്മദ്, പെൺകരുത്തിൻ്റെ പര്യായം; വയനാട് ദുരന്തഭൂമിയിൽ ഏവരുടെയും ഹൃദയം കീഴടക്കിയവൾ
ഭയാനകമാം വിധം കുത്തിയൊഴുകുന്ന പുഴക്ക് മേലെ തയ്യാറാക്കിയ താൽക്കാലിക റോപ്പില്‍ കയറി സാഹസികമായി മറുകരയിലെത്തി. ഗുരുതരമായി പരിക്കേറ്റവരെ ഹെലികോപ്റ്റര്‍ സേവനം ഉപയോഗിച്ച് ആശുപത്രിയിലെത്തിക്കാനും ഡോക്ടർ നേതൃത്വം നൽകി
സോണിച്ചൻ ജോസഫ്
(KVARTHA) വയനാട് ഉരുൾപൊട്ടൽ ഉണ്ടായതിന് ശേഷം അവിടെ നിസ്വാർത്ഥമായി യാതൊരു പ്രതിഫലേച്ഛയും കൂടാതെ സേവനം ചെയ്ത ചെറുപ്പക്കാരിയായ ഒരു വനിതാ ഡോക്ടർ ആണ് ഇപ്പോൾ ശ്രദ്ധയാകർഷിക്കുന്നത്. ലവീന മുഹമ്മദ് എന്ന ഈ വനിതാ ഡോക്ടറാണ് സോഷ്യൽ മീഡിയയിലെ താരം. ദുരന്തഭൂമിയിൽ അടുത്തറിഞ്ഞവർ ജാതി, മത, രാഷ്ട്രീയത്തിന് അതീതമായി ഇവരെ സ്നേഹിക്കുന്നു എന്നതാണ് പൊതുസമൂഹത്തിൽ നിന്നുള്ള ഒരോ പ്രതികരണത്തിൽ നിന്നും മനസ്സിലാകാൻ സാധിക്കുന്നത്. ഡോക്ടർ ലവീന മുഹമ്മദിനെക്കുറിച്ച് ഒരാൾ സോഷ്യൽ മീഡിയയിൽ ഇട്ട ഒരു കുറിപ്പാണ് വൈറൽ ആകുന്നത്.
കുറിപ്പിൽ പറയുന്നത്:
'ചൂരല്‍മലയെ രണ്ടായി പിളര്‍ത്തിയ പുഴയുടെ മറുകരയില്‍ കുടുങ്ങിയവരെ സുരക്ഷിതമായി ഇക്കരെയെത്തിക്കാനും അവര്‍ക്കുവേണ്ട ചികിത്സ നല്‍കാനും ഭയാനകമാം വിധം കുത്തിയൊഴുകുന്ന പുഴക്ക് മേലെ തയ്യാറാക്കിയ താൽക്കാലിക റോപ്പില്‍ കയറി സാഹസികമായി മറുകരയിലെത്തിയ ആ സ്ത്രീയെ നോക്കി ഇപ്പുറത്തെ കരയിൽ നിന്നിരുന്ന ഒരാൾ പറയുന്ന ശബ്ദ ശകലം കൂടി ഇതിനകം വൈറൽ ആയി കഴിഞ്ഞ ആ വീഡിയോയിൽ ഉണ്ട്. 'അത് മിംസിലെ ഡോക്ടർ ആണ്..'. സമാനതകളില്ലാത്ത മനോധൈര്യത്തില്‍ ആര്‍ക്കും ചികിത്സ വൈകരുതെന്ന ഒറ്റചിന്തയിലായിരുന്നു ഡോക്ടർ റോപ്പ് വഴി മറുകരയിലേക്ക് പോകാന്‍ തീരുമാനിച്ചത്.
പരിക്കേറ്റെത്തിയ നിരവധി പേരെയാണ് അവിടെയെത്തി പ്രാഥമിക ചികിത്സ നല്‍കിയത്. ഗുരുതരമായി പരിക്കേറ്റവരെ ഹെലികോപ്റ്റര്‍ സേവനം ഉപയോഗിച്ച് ആശുപത്രിയിലെത്തിക്കാനും ഡോക്ടർ നേതൃത്വം നൽകി. ഹൃദയം നുറുങ്ങി പോകുന്ന കാഴ്ചകൾക്കിടക്ക്, വൈകാരികമായ പിരിമുറുക്കങ്ങൾക്കിടക്ക്, അവയെ എല്ലാം മറിക്കടന്ന് ഒരു ദുരന്ത മുഖത്ത് സാന്ത്വനമായി നിലയുറപ്പിക്കാൻ കഴിഞ്ഞതിന് പിന്നിൽ, തൊഴിലിനോട് പുലർത്തുന്ന ആത്മാർത്ഥത മാത്രമല്ല, മനുഷ്യനോടുള്ള അപാരമായ സ്നേഹമാണ്, മാനവികതയിലുറച്ച സാമൂഹ്യ ബോധ്യങ്ങളാണ്.. ഡോക്ടർ ലവീന മുഹമ്മദ്. കൂരിരുട്ടിലും വെളിച്ചമാവുന്ന നിങ്ങളുടെ ഹൃദയത്തിന് അഭിവാദ്യങ്ങൾ'.
സഹജീവികളോട് കരുണ
ഇതാണ് ആ പോസ്റ്റ്. നാഥാ സഹജീവികളോട് കരുണ കാണിക്കുന്ന നല്ല മനസുള്ള സഹോദരങ്ങളെ ഇനിയും ഞങ്ങളിലേക്ക് അയക്കേണമേ, പടച്ചതമ്പുരാൻ ആയുർ ആരോഗ്യവും എല്ലാ അനുഗ്രഹ ഐശ്വര്യങ്ങളും നൽകി എന്നും നന്മയുടെ അമരക്കാരിയായി നില നിർത്തട്ടേ, മിംസ് ഹോസ്പിറ്റലിൽ ഞങ്ങൾ വയനാട്ടുകാരുടെ സ്വാകാര്യ അഹങ്കാരം എന്നൊക്കെയുള്ള കമൻ്റുകളാണ് ഡോക്ടറെക്കുറിച്ചുള്ള പോസ്റ്റിന് താഴെ എത്തുന്നത് എന്നുള്ളതൊക്കെ പ്രത്യേകം എടുത്തു കാണേണ്ടതാണ്. അത്രയ്ക്ക് ഉണ്ട് അവർക്ക് ഇന്ന് പൊതുസമൂഹത്തിൽ ഉണ്ടായ സ്വീകാര്യത.
ഇതിനിടയിൽ ഒരു പോസ്റ്റിൽ ഡോക്ടർ ലവീന എന്ന് മാത്രം ഇട്ടതിനെതിരെ രോഷം കൊണ്ടവരുമുണ്ട് എന്നത് ശ്രദ്ധേയമാണ്. അവർ പറയുന്നു, ഡോക്ടർ ലവീന മുഹമ്മദ് എന്ന് തന്നെ കൊടുക്കണം എന്ന്. അതിൻ്റെ പേരിൽ ആർക്കെങ്കിലും എന്തെങ്കിലും തേഞ്ഞുപോകുമെങ്കിൽ അങ്ങനെയാകട്ടെ എന്ന് പറഞ്ഞവരും ഉണ്ട്. കൂടാതെ മറ്റൊരാൾ പറഞ്ഞത്. ഡോക്ടറുടെയും വൈറ്റ് ഗാർഡിൻ്റെയും സേവനങ്ങളെ ചേർത്തായിരുന്നു. ജാതി ഇല്ല മതം ഇല്ല, ഉള്ളത് മനുഷ്യത്വവും സ്നേഹവും. എന്തായാലും ഒരു കാര്യം സത്യം. മനുഷ്യത്വം വറ്റാത്ത നല്ല മനസ്സുള്ളവരുടെ കൂടെയുള്ള നമ്മുടെ ജീവിതം ധന്യം. ഡോക്ടർ ലവീന മുഹമ്മദിന് ഒരു ബിഗ് സല്യൂട്ട്.