Animal | സത്യപ്രതിജ്ഞ ചടങ്ങിനിടെ രാഷ്‌ട്രപതി ഭവനിൽ കണ്ട ‘അജ്ഞാത ജീവി’ എന്താണ്? ദുരൂഹതയിൽ ഉത്തരവുമായി ഡെൽഹി പൊലീസ്


ന്യൂഡെൽഹി: (KVARTHA) മൂന്നാം നരേന്ദ്ര മോദി സർക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ പ്രത്യക്ഷപ്പെട്ട ‘അജ്ഞാത ജീവി’യുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ വൈറലായിരുന്നു. ബിജെപി നേതാവ് ദുർഗ ദാസ് യുകെയുടെ സത്യപ്രതിജ്ഞയ്ക്കിടെ രാഷ്ട്രപതി ഭവൻ്റെ ഇടനാഴിയിൽ ഒരു മൃഗം അലഞ്ഞുതിരിയുന്നതാണ് ദൃശ്യത്തിലുള്ളത്. വീഡിയോ പുറത്തുവന്നതോടെ ആളുകൾ പലതരത്തിലുള്ള ഊഹപോഹങ്ങൾ പ്രചരിപ്പിക്കാൻ തുടങ്ങി. ചിലർ ഇത് പുള്ളിപ്പുലിയാണെന്നും വാദിച്ചു.
സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലായതോടെ ഇപ്പോഴിതാ ദുരൂഹത അവസാനിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഡെൽഹി പൊലീസ്. വീഡിയോയിൽ കണ്ട മൃഗം പുള്ളിപ്പുലിയാണോ എന്ന് തങ്ങൾ രാഷ്ട്രപതി ഭവനിലെ സുരക്ഷാ വിഭാഗത്തോട് അന്വേഷിച്ചതായി ഡെൽഹി പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്‌തു. രാഷ്ട്രപതി ഭവനിൽ നായ്ക്കളും പൂച്ചകളും മാത്രമേ ഉള്ളൂ. കാമറയിൽ പതിഞ്ഞ മൃഗം സാധാരണ വളർത്തു പൂച്ചയാണെന്നും അഭ്യൂഹങ്ങളിൽ തെറ്റിദ്ധരിക്കരുതെന്നും പൊലീസ് വ്യക്തമാക്കി.
Can you spot something unusual happening here?
— Sneha Mordani (@snehamordani) June 10, 2024
An animal, allegedly a leopard, was spotted walking at the Rashtrapati Bhavan.
This happened when MP Durga Das was carrying out official procedures on stage. pic.twitter.com/GcH8buYFPF
ദുർഗ ദാസ് സത്യപ്രതിജ്ഞ ചെയ്ത ശേഷം രജിസ്റ്ററിൽ ഒപ്പിട്ട് രാഷ്ട്രപതിയെ അഭിവാദ്യം ചെയ്യാൻ എത്തിയപ്പോഴാണ് വളർത്തു പൂച്ച കാമറകളിൽ പതിഞ്ഞത്. വീഡിയോ വൈറലായതോടെ രാഷ്ട്രപതി ഭവനിൽ പുലിയെ കണ്ടതായി വിവരമില്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും പറഞ്ഞിരുന്നു.
ഞായറാഴ്ച എൻഡിഎ സർക്കാരിൻ്റെ സത്യപ്രതിജ്ഞ ചടങ്ങിൽ ഏഴ് രാജ്യങ്ങളുടെ രാഷ്ട്രത്തലവൻമാരടക്കം നിരവധി പ്രമുഖർ പങ്കെടുത്തിരുന്നു. വൈകുന്നേരം 7:15 ന് ആരംഭിച്ച ചടങ്ങ് ഏകദേശം 9.30 മണി വരെ തുടർന്നു. നരേന്ദ്രമോദിയെ കൂടാതെ 71 മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.