Cruelty | എന്തൊരു ക്രൂരത! തെരുവുനായയെ സ്കൂട്ടറിൽ വലിച്ചിഴച്ച ശേഷം കല്ലുകൊണ്ട് അടിച്ചു കൊന്ന് യുവാക്കൾ; സിസിടിവി ദൃശ്യങ്ങൾ വൈറൽ
● വലിയ പ്രതിഷേധത്തിന് ഇടയാക്കി.
● സംഭവം മധ്യപ്രദേശിലെ ഗുണയിൽ
● നടപടിയെടുക്കുമെന്ന് പൊലീസ്
ന്യൂഡൽഹി: (KVARTHA) തെരുവുനായയെ സ്കൂട്ടറിൽ വലിച്ചിഴച്ച ശേഷം കല്ലുകൊണ്ട് അടിച്ചുകൊന്ന് യുവാക്കൾ. മധ്യപ്രദേശിലെ ഗുണയിൽ ആണ് ദാരുണ സംഭവം നടന്നത്. സംഭവത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ കടുത്ത പ്രതിഷേധവും വിമർശനവുമാണ് മൃഗസ്നേഹികളുടെ ഭാഗത്തുനിന്നും ഉയരുന്നത്. ചൊവ്വാഴ്ച ഗുണയിലെ നയാ പുര പ്രദേശത്തെ സിസിടിവിയിലാണ് കൊടും ക്രൂരതയുടെ ദൃശ്യങ്ങൾ പതിഞ്ഞത്.
എക്സിൽ വ്യാപകമായി പ്രചരിക്കുന്ന വീഡിയോയിൽ ആളുകൾ നോക്കിനിൽക്കേ ഒരു യുവാവ് നായയെ വടികൊണ്ട് അടിച്ച് അവശനാക്കിയശേഷം സുഹൃത്തിനൊപ്പം സ്കൂട്ടറിൽ കയറുകയും നായയെ അതിൽ കെട്ടിവലിക്കുന്നതുമാണ് കാണുന്നത്. ഇതുകണ്ട് ചുറ്റും കൂടി നിന്ന ആളുകൾ അമ്പരപ്പോടെ നോക്കുകയാണ്. തുടർന്ന് യുവാവ് നായയെ വിജനമായ ഒരു തുറസായ സ്ഥലത്ത് കെട്ടിവലിച്ചു കൊണ്ടുവരുന്നതാണ് കാണുന്നത്. ആരും വരുന്നില്ലെന്ന് മനസിലാക്കിയ യുവാവ് രണ്ട് വലിയ കല്ലുകൾ നായയുടെ തലയിലേക്ക് ഇടുന്നു. ഇതോടെ നായ ചാകുകയാണ്.
അതിനെ ദാരുണമായി കൊല്ലുക മാത്രമല്ല ഇയാൾ നായയുടെ ചേതനയറ്റ ശരീരം റോഡിന് കുറുകെ വലിച്ചിഴച്ച് നായയോടുള്ള അയാളുടെ സകല രോഷവും തീർക്കുന്നത് കാണാം. സംഭവത്തിൽ കടുത്ത വിമർശനങ്ങൾ ഉയർന്നിട്ടും ഔദ്യോഗികമായി ആരും ഇതുവരെ പരാതി നൽകിയിട്ടില്ല. പരാതി ലഭിച്ചാൽ ഉടനെ നടപടിയെടുക്കുമെന്ന് കോട്വാലി പോലീസ് സ്റ്റേഷൻ ഇൻചാർജ് ടിഐ ബ്രജ്മോഹൻ ബദൗരിയ പറഞ്ഞു.
അതേസമയം തെരുവുനായ ശല്യം രൂക്ഷമാണെന്നും ചിലർ അഭിപ്രായപ്പെടുന്നു. എന്നാൽ ഈ ക്രൂരമായ പ്രവൃത്തി സമൂഹത്തെ ഞെട്ടിച്ചിരിക്കുകയാണ്, ഇത്തരമൊരു ക്രൂരത സമൂഹത്തിൽ എങ്ങനെ ശിക്ഷിക്കപ്പെടാതെ പോകുന്നു എന്ന ചോദ്യമാണ് പലരും ഉയർത്തുന്നത്.
#animalcruelty #India #MadhyaPradesh #dog #stopanimalcruelty #justiceforanimals #viral