Arrested | 'രോഗിയായ അമ്മയെ ഭിത്തിയില്‍ തലയിടുപ്പിച്ചും കഴുത്തുഞെരിച്ചും കൊല്ലാൻ ശ്രമം'; മകൻ അറസ്റ്റിൽ
ചെറുപുഴ പൊലീസ് സ്റ്റേഷൻ പരിധിയിലെ വയക്കര ഭൂദാനത്താണ് നാടിനെ നടുക്കിയ സംഭവം നടന്നത്
കണ്ണൂർ: (KVARTHA) ചെറുപുഴ പൊലീസ് സ്റ്റേഷൻ പരിധിയിലെ വയക്കരയിൽ മാരക രോഗം ബാധിച്ചു കിടപ്പു രോഗിയായ അമ്മയെ കഴുത്തുഞെരിച്ചു കൊല്ലാൻ ശ്രമിച്ചെന്ന കേസിൽ മകൻ അറസ്റ്റിൽ. സതീഷ് (34) എന്നയാളാണ് പിടിയിലായത്. അമ്മ നാരായണിയെ (68) വായില്‍ തുണി തിരുകിയ ശേഷം ഭിത്തിയില്‍ തലയിടുപ്പിച്ചും കഴുത്തുഞെരിച്ചും കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് കേസ്. വെള്ളിയാഴ്ച പുലര്‍ച്ചെ 5.45ന് വയക്കര ഭൂദാനത്താണ് നാടിനെ നടുക്കിയ സംഭവം നടന്നത്.
'ഈ സമയം സതീഷും അമ്മയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. നാരായണി മരിച്ചുവെന്ന് കരുതി സതീഷ് തന്നെയാണ് അയല്‍ക്കാരെയും ബന്ധുക്കളെയും അമ്മയ്ക്ക് സുഖമില്ലെന്ന് വിവരമറിയിച്ചത്. ആളുകള്‍ ഓടിയെത്തി ഉടന്‍ തന്നെ പരിയാരത്തെ കണ്ണൂർ മെഡിക്കല്‍ കോളജിലും, നില ഗുരുതരമായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലുമെത്തിക്കുകയായിരുന്നു. ഇതിനിടയിലാണ് നാരായണി മകന്‍ തന്നെ കൊല്ലാന്‍ ശ്രമിച്ചതാണെന്ന് ബോധം വന്നപ്പോൾ മൊഴി നൽകിയത്. ഉടന്‍ തന്നെ മെഡിക്കൽ കോളേജ് അധികൃതർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു', പൊലീസ് പറഞ്ഞു.
ചെറുപുഴ എസ്എച്ച്ഒ ടി പി ദിനേശിന്റെ നേതൃത്വത്തില്‍ ശനിയാഴ്ച രാവിലെ സതീഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കാന്‍സര്‍ രോഗിയായ അമ്മ കാരണം തനിക്ക് ജീവിക്കാന്‍ കഴിയുന്നില്ലെന്നും തനിക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നുവെന്നും അതിനാല്‍ അമ്മയെ കൊല്ലാന്‍ ശ്രമിച്ചതാണെന്നും സതീഷ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇയാൾക്കെതിരെ വധശ്രമത്തിനാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. പ്രതിയ വിശദമായി ചോദ്യം ചെയ്തതിനു ശേഷം കോടതിയിൽ ഹാജരാക്കും.