Job Scam | 'പൊലീസ് വേഷത്തിൽ തട്ടിപ്പ്, ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ'; യുവതി അറസ്റ്റിൽ


● പ്ലസ്‌ടു വിദ്യാഭ്യാസം മാത്രമുള്ള ദേവ്‌ഗഡ് സ്വദേശിയായ യുവതിയാണ് ഇത്തരത്തിൽ യുവാക്കളെ പറ്റിച്ചുകൊണ്ടിരുന്നത്.
● അഞ്ജു ശർമയുടെ വ്യാജ ഐഡി കാർഡുകൾ കണ്ടെത്തി.
ന്യൂഡൽഹി: (KVARTHA) തൊഴിലില്ലാത്ത യുവാക്കളെ ലക്ഷ്യമാക്കി പൊലീസ് വേഷത്തിൽ തട്ടിപ്പ് നടത്തിയ യുവതിയെ രാജസ്ഥാൻ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ചയാണ് സംഭവം. ഡൽഹി പൊലീസ് ഉദ്യോഗസ്ഥയാണെന്ന് വ്യാജേന അവതരിപ്പിച്ച് കഴിഞ്ഞ മൂന്ന് വർഷമായി അഞ്ജു ശർമ എന്ന യുവതി തട്ടിപ്പ് നടത്തിയിരുന്നതായി പൊലീസ് പറയുന്നു. സർക്കാർ ജോലി ശരിയാക്കി തരാമെന്ന് വാഗ്ദാനം ചെയ്ത് നിരവധി യുവാക്കളിൽ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തതായി ചുരു എസ്‌പി ജയ് യാദവ് പറഞ്ഞു.
ഡൽഹി സബ് ഇൻസ്‌പെക്‌ടറാണെന്ന് അവകാശപ്പെട്ട യുവതി, യുവാക്കളെ ഉപയോഗിച്ച് വിഐപി ജീവിതം നയിച്ചിരുന്നതായും പൊലീസ് പറയുന്നു. പ്ലസ്‌ടു വിദ്യാഭ്യാസം മാത്രമുള്ള ദേവ്‌ഗഡ് സ്വദേശിയായ യുവതിയാണ് ഇത്തരത്തിൽ യുവാക്കളെ പറ്റിച്ചുകൊണ്ടിരുന്നത്. ഡൽഹി പൊലീസ് ഉദ്യോഗസ്ഥയാണെന്ന തരത്തിലുള്ള വ്യാജ ഐഡി കാർഡ്, ഡൽഹി പൊലീസിന്റെ യൂണിഫോമിലുള്ള ഫോട്ടോകൾ, വീഡിയോകൾ തുടങ്ങിയവ യുവതിയുടെ മൊബൈൽ ഫോണിൽ നിന്ന് കണ്ടെത്തി.
ഡൽഹി, ഹരിയാന, ജയ്‌പൂർ തുടങ്ങിയ സ്ഥലങ്ങളിലെ നിരവധി യുവാക്കളെ ഇവർ തട്ടിപ്പിനിരയാക്കിയതായി പൊലീസ് പറയുന്നു. ഡൽഹി പൊലീസിന്റെ ഹെഡ് കോണ്‍സ്റ്റബിളായി ജോലി തരപ്പെടുത്തി നൽകാം എന്ന് പറഞ്ഞ് അർജുൻ ലാല്‍ എന്ന യുവാവില്‍ നിന്നും 12.93 ലക്ഷം രൂപ അഞ്ജു ശർമ തട്ടിയെടുത്തതായി പരാതി ലഭിച്ചതായും പൊലീസ് പറഞ്ഞു.
#Fraud #PoliceImpersonation #JobScam #Arrest #Rajasthan #YouthCrime