Crime | കൂട്ടക്കൊലപാതകങ്ങൾക്ക് വഴിയൊരുക്കുന്നത് വയലൻസ് സിനിമകൾ; വെഞ്ഞാറമൂട് കൊലപാതകത്തിൽ ഒന്നാം പ്രതിയാര്?

 
Violent movie scene
Violent movie scene

Representational Image Generated by Meta AI

● വയലൻസ് സിനിമകൾ കുറ്റകൃത്യങ്ങൾ ചെയ്യാൻ പ്രേരണ നൽകുന്നു.
● വെഞ്ഞാറമൂട് കൊലപാതകത്തിൽ അഫാൻ മാത്രമല്ല, സിനിമ നിർമ്മാതാക്കളും കുറ്റക്കാരാണ്.
● കേരളത്തിൽ അടുത്തിടെ നടന്ന കൊലപാതകങ്ങളിൽ വയലൻസ് സിനിമകൾക്ക് പങ്കുണ്ട്.
● വയലൻസ് സിനിമകൾ സമൂഹത്തിൽ ഭീകരത സൃഷ്ടിക്കുന്നു.

ഭാമനാവത്ത് 

(KVARTHA) വലിയ സിനിമാ ആരാധകനായിരുന്നു വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാൻ. എല്ലാ ചെറുപ്പക്കാരെയും പോലെ സിനിമയിലെ അയഥാർത്ഥ രംഗങ്ങൾ ജീവിതത്തിൽ പകർത്താനും ശ്രമിച്ചു. മഹേഷിൻ്റെ പ്രതികാരമെന്ന സിനിമയിലെ പ്രമേയമായ എതിരാളികളെ തിരിച്ചടിക്കും വരെ നായകൻ ചെരുപ്പിടാതെ നടന്നതുപോലെ അഫാനും ചെയ്തിരുന്നതായി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. വെഞ്ഞാറമൂട് കൊലപാതകത്തിൽ അഫാൻ മാത്രമാണോ കുറ്റവാളി? നമ്മുടെ നാട്ടിലിറങ്ങുന്ന സിനിമകളും ക്രൈം വാർത്തകൾ ആഘോഷിക്കുന്ന ദൃശ്യമാധ്യമങ്ങളും കൊടൂര ക്രുരതയുള്ള കൊറിയൻ സിനിമകൾ ലഭ്യമാവുന്ന സോഷ്യൽ മീഡിയയും പ്രതിക്കൂട്ടിലല്ലേ? 

ദൃശ്യമെന്ന ക്രൈം ത്രില്ലർ സിനിമ മലയാളി മനസിൽ കുറ്റകൃത്യം ചെയ്യുന്നതിൽ തെറ്റില്ലെന്നും അതു ഒളിപ്പിക്കുന്നതിലാണ് മിടുക്കെന്ന സന്ദേശമെത്തിച്ചു. ഇൻ്റലക്ച്വൽ ക്രൈമിൽ അഭിരമിക്കുകയായിരുന്നു പിന്നീട് മലയാളികൾ 'കൊന്നു കുഴിച്ച് മൂടുന്ന കഥകളുള്ള എത്രയെത്ര കൊലപാതകങ്ങൾ പിന്നീട് നടന്നു. സീരിയൽ കില്ലറുടെ കഥ പറഞ്ഞ അഞ്ചാം പാതിരയെന്ന ക്രൈം ത്രില്ലറിനെഅനുകരിച്ചാണ് പാനൂർ വള്ള്യായി വിഷ്ണുപ്രിയയുടെ കൊലപാതകം നടന്നത്. വീട്ടിൽ കയറി കഴുത്തറത്തു കൊന്ന പ്രതി ശ്യാംജിത്ത് കൊലപാതകത്തിന് പ്രചോദനമായ സിനിമയെ കുറിച്ചു പൊലീസിനോട് പറഞ്ഞതായി കുറ്റപത്രത്തിലുണ്ട്. 

ഇതിലൊക്കെ എത്രയോ മുകളിലാണ് വെഞ്ഞാറമൂട് കൊലപാതകം. അഞ്ചുപേരെ കൊന്നത് അഫാൻ്റെ ഉള്ളിലുണ്ടായിരുന്ന മാർക്കോയായിരുന്നുവെന്ന് നിസംശയം പറയാം. ഞാൻ മാത്രം മതി ഇവിടെയെന്നു വിശ്വസിക്കുന്ന മാർക്കോ ചോരപ്പുഴയിൽ അഭിരമിക്കുകയാണ്. കൊന്നുതള്ളുന്നതിൽ ആനന്ദം കണ്ടെത്തുന്ന മാർക്കോ അതു എത്രമാത്രം ക്രൂരമാക്കാമെന്നും കാണിക്കുന്നത്. ഒരു ചുറ്റിക കൊണ്ടു ഉറ്റവരായ അഞ്ചുപേരെ ഒരേ രീതിയിൽ അടിച്ചു കൊന്ന അഫാനല്ല മാർക്കോയുടെ അണിയറ പ്രവർത്തകരും പ്രദർശന അനുമതി നൽകിയ സെൻസർ ബോർഡുമാണ് കേസിലെ ഒന്നും രണ്ടും പ്രതികൾ. 

ചലച്ചിത്രങ്ങളിൽ വയലൻസ് കാണിക്കുന്നതിൽ തെറ്റില്ല, എന്നാൽ യഥാർത്ഥ്യമായി കാണിക്കുന്നത് കലയല്ല, ഭീകരതയാണ്. നാടിനെ ഞെട്ടിക്കുന്ന, മനുഷ്യമനഃസാക്ഷിയെ വരെ നാണിപ്പിക്കുന്ന തരത്തിലുള്ള കൊലപാതകങ്ങളാണ് കഴിഞ്ഞ കുറച്ച്‌ കാലങ്ങളായി കൊച്ചു കേരളത്തിൽ നടന്നത്. ലഹരിയുടെ പുറത്തും, പക മൂലവും, വ്യക്തമായ കാരണമില്ലാതെയും നിരവധി കുറ്റകൃത്യങ്ങൾ. സ്വന്തം ചോരയെന്ന് പോലും നോക്കാതെയുളള, പെറ്റമ്മയെന്ന് പോലും നോക്കാതെയുളള കൊലപാതകങ്ങൾ. ഏറ്റവും ഒടുവില്‍ വെഞ്ഞാറമൂട് കൂട്ടക്കൊല. 

2025ലേക്ക് കടന്ന മലയാളിയുടെ മുൻപിൽ ക്രൂരകൊലപാതകങ്ങളുടെ ഒരു പരമ്പര തന്നെയാണ്  അരങ്ങേറിയത്. താൻ നടപ്പിലാക്കിയത്
ജന്മം നൽകിയതിന് ശിക്ഷയാണെന്നാണ് പെറ്റമ്മയെ കൊന്ന ലഹരിക്കടിമയായ മകൻ കേരളത്തോട് പറഞ്ഞത്. ജനുവരി 18നാണ് കേരളം ഞെട്ടിയ ആ സംഭവമുണ്ടാകുന്നത്. കോഴിക്കോട് താമരശ്ശേരിയിൽ ലഹരിക്കടിമയായ മകൻ അമ്മയെ വെട്ടിക്കൊന്നുവെന്ന വാർത്ത മലയാളികളെ ആകെ സങ്കടത്തിലാക്കിയതാണ്. ബ്രെയിൻട്യൂമർ ശസ്ത്രക്രിയ കഴിഞ്ഞ് പൂർണ്ണമായും കിടപ്പിലായിരുന്ന സുബൈദയെയാണ് മകൻ ആഷിഖ് വെട്ടിക്കൊന്നത്.

കോളേജ് കാലം മുതൽക്കേ ലഹരിക്കടിമയായിരുന്നു ആഷിഖ്. പിന്നാലെ ആഷിഖ് വീട്ടിൽ പലപ്പോഴും പ്രശ്നങ്ങളുണ്ടാക്കിയിരുന്നു. ഇത്തരത്തിൽ പ്രശ്നമുണ്ടാക്കിയപ്പോൾ ഒരു തവണ നാട്ടുകാർ പിടിച്ച് ആഷിഖിനെ പൊലീസിൽ ഏൽപിച്ചിരുന്നു. പിന്നീട് ആഷിഖിനെ ഡീ അഡിക്ഷൻ സെൻ്ററുകളിൽ ചികിത്സയ്ക്ക് കൊണ്ടുപോകുകയായിരുന്നു. അവിടെ നിന്ന് അമ്മയെ കാണാൻ എത്തിയപ്പോളാണ് ആഷിഖ് ഈ ക്രൂരകൃത്യം നടത്തിയത്.

പൊലീസ് പിടികൂടിയ ശേഷം ആഷിഖ് പറഞ്ഞ ഒരു വാചകമാണ് നമ്മുടെയെല്ലാം മനസിനെ ഉലച്ചിരുന്നത്. ജന്മം നൽകിയതിനുള്ള ശിക്ഷയാണ് താൻ നടപ്പാകിയതത്രെ! ഒരാളും ഒരുകാലത്തും മറക്കാത്ത ഒരു വാചകമായിരുന്നു അന്ന് പ്രതി ആഷിഖ് പറഞ്ഞത്. ജനുവരി 16-നാണ് ചേന്ദമംഗലത്ത് നാടിനെ നടുക്കിയ കൂട്ടക്കൊല നടന്നത്. പേരേപ്പാടം കാട്ടിപ്പറമ്പില്‍ വേണു (69), ഭാര്യ ഉഷ (62), മകള്‍ വിനീഷ (32) എന്നിവരാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. അയൽക്കാരനായ റിതു എന്ന ചെറുപ്പക്കാരനായിരുന്നു പ്രതി. ഇയാളുടെ ആക്രമണത്തിൽ വിനീഷയുടെ ഭർത്താവ് ജിതിൻ ബോസിന് തലയ്ക്ക് സാരമായി പരിക്കേറ്റിരുന്നു.

പ്രദേശത്തെ സ്ഥിരം പ്രശ്നകാരനായിരുന്നു റിതു. രാത്രികളിൽ സമീപത്തെ വീടുകളുടെ ടെറസില്‍ കയറി കിടക്കുമെന്നും സ്ത്രീകളെ ജനലിലൂടെ വിളിച്ചു ശല്യം ചെയ്യുമെന്നുമുള്ള ആരോപണങ്ങളും റിതുവിനെതിരെ ഉയർന്നിരുന്നു. റിതു പരിസരവാസികളായ സ്ത്രീകളെ സ്ഥിരം ശല്യം ചെയ്യുന്ന ആളാണെന്നും നാട്ടുകാർ ആരോപിച്ചിരുന്നു. ആക്രമണം നേരിട്ട കുടുംബവുമായും റിതു നേരത്തെ വാക്കുതർക്കത്തിലേർപ്പെട്ടിരുന്നു. ഇതാണ് ക്രൂരമായ കൊലപാതത്തിന് കാരണമെന്നായിരുന്നു കണ്ടെത്തൽ.
ഇരുമ്പുദണ്ഡ് കൊണ്ട് തലയ്ക്കടിച്ചും കത്തികൊണ്ട് കുത്തിയുമായിരുന്നു റിതു കൊലപാതകം നടത്തിയത്. 

ആക്രമണം നടത്തുന്ന സമയത്ത് ഇയാൾ മദ്യമോ ലഹരിയോ ഉപയോഗിച്ചിരുന്നില്ല. കൊല്ലണം എന്ന ഒറ്റ ലക്ഷ്യം മാത്രമായിരുന്നു റിതുവിന് ഉണ്ടായിരുന്നത്.
കൊലപാതകത്തിന് ശേഷം ജിതിന്റെ ബൈക്കെടുത്ത് പോകുകയായിരുന്ന റിതുവിനെ ഹെല്‍മറ്റില്ലാതെ കണ്ടതോടെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതിനിടെയാണ് വേണുവിനേയും കുടുംബത്തേയും കൊലപ്പെടുത്തിയ വിവരം യാതൊരു കൂസലുമില്ലാതെ ഇയാള്‍ പൊലീസിനോട് വെളിപ്പെടുത്തിയതും ക്രൂരമായ കൊലപാതകത്തിന്റെ കഥ പുറംലോകം അറിയുന്നതും. കേസിൽ നിന്ന് രക്ഷപ്പെടാൻ തനിക്ക് മാനസിക രോഗമുണ്ടെന്നുള്ള നുണകളാണ് റിതു പറഞ്ഞിരുന്നത്. എന്നാൽ പൊലീസ് അന്വേഷണത്തില്‍ ഈ കള്ളങ്ങളെല്ലാം പൊളിഞ്ഞു.

മുകളിൽ പറഞ്ഞ സംഭവങ്ങൾ കേരളീയ മനസാക്ഷിയിലുണ്ടാക്കിയ മുറിവുകൾ ഉണങ്ങാതെ നിൽക്കുമ്പോഴാണ് നെന്മാറയില്‍ ചെന്താമര ഇരട്ടകൊലപാതകം നടത്തിയത്. ദിവസങ്ങളോളം പൊലീസുകാരെ വട്ടം കറക്കിച്ചും, നാട്ടുകാരുടെ ഉറക്കം കെടുത്തിയ ശേഷവുമാണ് ചെന്താമര പിടിയിലാകുന്നത്. പൊലീസ് സേന അസാധാരണമായ സമ്മർദ്ദം അനുഭവിക്കുന്നതും, നാട്ടുകാർ ഒന്നടങ്കം പ്രകോപിതരായി പൊലീസ് സ്റ്റേഷൻ ആക്രമിക്കുന്നതും അടക്കമുളള നിരവധി സംഭവങ്ങൾക്കും നമ്മൾ ഇതിനിടെ സാക്ഷ്യം വഹിച്ചു.
ജനുവരി 27നാണ് ചെന്താമര ക്രൂരമായ കൊലപാതകം നടത്തിയത്. 2019ൽ താൻ കൊന്ന സജിത എന്ന സ്ത്രീയുടെ ഭർത്താവായ സുധാകരനെയും, സുധാകരന്റെ അമ്മ ലക്ഷ്‌മിയെയുമാണ് ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. 

സുധാകരൻ്റെ ശരീരത്തിൽ ആഴത്തിലുള്ള 6 മുറിവുകളും ലക്ഷ്മിയുടെ ദേഹത്ത് 12 മാരകമായ മുറിവുകളും കണ്ടെത്തിയത്.
പട്ടാപ്പകൽ നടത്തിയ ഈ കൊലപാതകത്തിന് ശേഷം ചെന്താമര നെല്ലിയാമ്പതി കാടുകളിലേക്ക് ഓടിക്കയറുകയായിരുന്നു. തുടർന്ന് നാട്ടുകാരും പൊലീസും ചേർന്ന് കാടടച്ച് ചെന്താമരയ്ക്ക് വേണ്ടി തിരച്ചിൽ ആരംഭിച്ചു. തുടർന്ന് ജനുവരി 28ന് പോത്തുണ്ടി മാട്ടായിയില്‍ നിന്ന് ചെന്താമര പിടിയിലാകുകയായിരുന്നു. രണ്ട് ദിവസത്തില്‍ കൂടുതല്‍ ചെന്താമരയ്ക്ക് ഭക്ഷണം കഴിക്കാതിരിക്കാന്‍ കഴിയില്ലെന്ന് പൊലീസിനോട് ചെന്താമരയുടെ സഹോദരന്‍ രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു. ഭക്ഷണം കഴിക്കാന്‍ അനിയന്‍ ഉറപ്പായും വരുമെന്നും രാധാകൃഷ്ണന്‍ സൂചിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് വെച്ച കെണിയിലാണ് ചെന്താമര കുടുങ്ങിയത്. 

ഇതിനു പുറമേകൂട്ട ആത്മഹത്യയും കൊലപാതകങ്ങളും ലഹരിക്കടത്തും കൊണ്ട് നരകതുല്യമായിരിക്കുകയാണ് പ്രബുദ്ധകേരളം. നൂറു കോടി ക്ലബ്ബിൽ എത്താനായി കൊടും വയലൻസ് സിനിമകൾ പടച്ചുവിടുന്നവർ കേരളീയ സമൂഹത്തെയാണ് വെട്ടിക്കീറുന്നത്. അഫാനെ പോലുള്ള വികല ബുദ്ധിക്കാർ അതിൽ വീണുപോവുക സ്വാഭാവികം. വെഞ്ഞാറമൂട് കൊലപാതകത്തിൻ്റെ പശ്ചാത്തലത്തിൽ ഇനിയെങ്കിലും മാർക്കോയെന്ന സിനിമ തീയേറ്ററുകളിൽ നിന്നും പിൻവലിക്കാൻ സർക്കാർ തയ്യാറാകണം. സോഷ്യൽ മീഡിയയിൽ നിന്നും നിരോധിക്കണം. അല്ലെങ്കിൽ ഇത്തരം സിനിമകൾ കൂട്ടകൊല നടത്താനുള്ള പ്രേരകമായി കൊണ്ടേയിരിക്കും.

ഈ ലേഖനം എല്ലാവരുമായി പങ്കുവെക്കുക. നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.

Violent movies are blamed for inspiring mass murders, with the Venjaramoodu case highlighting the accused's obsession with on-screen violence. Filmmakers and distributors are held partially responsible.

#ViolentMovies, #Crime, #Kerala, #Murder, #SocialImpact, #Cinema

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia