Arrest | 'പാലക്കാട് സ്‌കൂളിൽ ക്രിസ്തുമസ് ആഘോഷം തടയാൻ ശ്രമം'; വിഎച്ച്പി നേതാക്കൾ അറസ്റ്റിൽ; 'ശ്രീകൃഷ്ണ ജയന്തി മാത്രമേ ആഘോഷിക്കാവൂവെന്നും പറഞ്ഞു'
● പാലക്കാട് നല്ലേപ്പിള്ളി ഗവ. യുപി സ്കൂളിലാണ് സംഭവം.
● അറസ്റ്റിലായത് വിഎച്ച്പി ജില്ലാ സെക്രട്ടറി ഉൾപ്പെടെയുള്ളവർ
● 'അധ്യാപകരെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു'
പാലക്കാട്: (KVARTHA) ചിറ്റൂർ നല്ലേപ്പിള്ളി ഗവ. യുപി സ്‌കൂളിൽ വെള്ളിയാഴ്ച നടന്ന ക്രിസ്തുമസ് ആഘോഷത്തിൽ കടന്നുകയറി സംഘർഷം സൃഷ്ടിച്ചെന്ന കേസിൽ വിഎച്ച്പി നേതാക്കൾ അറസ്റ്റിൽ. വിശ്വഹിന്ദു പരിഷത്ത് ജില്ലാ സെക്രട്ടറി കെ. അനിൽകുമാർ, ജില്ലാ സംയോജകൻ വി. സുശാസനൻ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ വേലായുധൻ എന്നിവരാണ് ഈ സംഭവത്തിൽ അറസ്റ്റിലായത്
നേതാക്കൾ സ്‌കൂളിലെത്തി കുട്ടികളും അധ്യാപകരും ധരിച്ചിരുന്ന വസ്ത്രങ്ങളെ ചോദ്യം ചെയ്യുകയും തുടർന്ന് അധ്യാപകരെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നുമാണ് പരാതി. ഇനിമുതൽ സ്‌കൂളിൽ ശ്രീകൃഷ്ണ ജയന്തി മാത്രമേ ആഘോഷിക്കാവൂ എന്നും ഇവർ ആവശ്യപ്പെട്ടതായും പൊലീസ് വ്യക്തമാക്കി.
സംഭവം സംബന്ധിച്ച് സ്‌കൂൾ അധികൃതർ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കൃത്യനിർവഹണം തടസപ്പെടുത്തൽ, മതസ്പർധ വളർത്തുന്ന രീതിയിൽ അസഭ്യം പറയൽ, അതിക്രമിച്ചു കയറൽ, ഭീഷണിപ്പെടുത്തൽ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
#Palakkad #Christmas #VHP #Kerala #Arrest #Controversy