Custody Request | വെഞ്ഞാറമൂട് കൂട്ടക്കൊല: അഫാനെ കസ്റ്റഡിയില്‍ ലഭിക്കാന്‍ പൊലീസ് കോടതിയിലേക്ക്; കേസുകളിൽ വെവ്വേറെ തെളിവെടുപ്പ് വേണ്ടിവരും


● അഫാനെതിരെ മൂന്ന് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
● തെളിവെടുപ്പ് നടത്തുമ്പോൾ കനത്ത സുരക്ഷ ഒരുക്കേണ്ടതായും വരും.
● ചൊവ്വാഴ്ചയാണ് അഫാനെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റിയത്.
തിരുവനന്തപുരം: (KVARTHA) കേരളത്തെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊല കേസിൽ പ്രതി അഫാനെ കസ്റ്റഡിയിൽ വിട്ടു കിട്ടാൻ പൊലീസ് ബുധനാഴ്ച കോടതിയെ സമീപിക്കും. പിതൃമാതാവ് സൽമാബീവിയെ കൊലപ്പെടുത്തിയ കേസിൽ പാങ്ങോട് പൊലീസാണ് നെയ്യാറ്റിൻകര കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകുക. കേസിൽ അഫാനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തിരുന്നു.
മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്ചാർജ് ചെയ്തതിനെ തുടർന്ന് ചൊവ്വാഴ്ചയാണ് അഫാനെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റിയത്. കൊലപാതകങ്ങൾ നടന്ന് എട്ട് ദിവസങ്ങൾക്ക് ശേഷമാണ് അഫാനെ ജയിലിലേക്ക് മാറ്റിയത്. മെഡിക്കൽ ബോർഡിന്റെ അനുമതി ലഭിക്കാത്തതിനെ തുടർന്നാണ് മാറ്റം വൈകിയത്. തിങ്കളാഴ്ച, കാമുകിയെയും അനുജനെയും കൊലപ്പെടുത്തിയ കേസിൽ വെഞ്ഞാറമൂട് പൊലീസ് അഫാനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
കൊലപാതകങ്ങൾക്ക് ശേഷം അഫാൻ എലിവിഷം കഴിച്ചുവെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 90 ദിവസത്തിനകം കുറ്റപത്രം നൽകാനാണ് പൊലീസ് നീക്കം. പ്രതി അഫാന് മാനസിക പ്രശ്‌നങ്ങളില്ലെന്ന് മെഡിക്കൽ ബോർഡ് അറിയിച്ചിരുന്നു. പൂർണ ബോധത്തോടെയാണ് ഇയാൾ കൂട്ടക്കൊല നടത്തിയതെന്നും മെഡിക്കൽ ബോർഡ് അറിയിച്ചു.
സാമ്പത്തിക ബാധ്യത തന്നെയാണ് എല്ലാവരെയും കൊന്ന് ജീവനൊടുക്കാൻ പ്രേരണയായതെന്നാണ് അഫാൻ പൊലീസിന് വീണ്ടും മൊഴി നൽകിയത്. താൻ ഒറ്റയ്ക്ക് മരിച്ചാൽ അനുജനും മാതാവിനും ആരും ഉണ്ടാകില്ല. അവർ നരകിക്കും. അതു താങ്ങാനാകില്ല. കാമുകിയും ഒറ്റയ്ക്കാകും. അവളെ ഒറ്റയ്ക്ക് ഉപേക്ഷിച്ചുപോകാൻ മനസു വന്നില്ല. വലിയുപ്പയും ഉമ്മുമ്മയും മറ്റും തങ്ങളുടെ ബുദ്ധിമുട്ടിനെക്കുറിച്ച് മനസിലാക്കി സഹായിച്ചില്ല. അതിനാൽ അവരും ജീവിക്കേണ്ട എന്ന് കരുതിയതെന്നുമാണ് അഫാൻ മൊഴി നൽകിയത്.
സംഭവദിവസം അഫാൻ മദ്യം കഴിച്ചിരുന്നതായും വ്യക്തമായി. എന്നാൽ രാസലഹരി ഉപയോഗിച്ചിരുന്നോ എന്നതിൽ വ്യക്തത തേടി രക്തപരിശോധ നടത്തിയതിന്റെ റിപ്പോർട്ട് ലഭിച്ചിട്ടില്ല. ഉറ്റബന്ധുക്കളായ മൂന്നുപേരെക്കൂടി കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നതായും അഫാൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. 'തട്ടത്തുമലയിൽ താമസിക്കുന്ന ഉമ്മയുടെ ബന്ധുക്കളായ അമ്മയെയും മകളെയും വെഞ്ഞാമൂടുള്ള മാമനെയും കൊല്ലാൻ പദ്ധതിയിട്ടിരുന്നു. എന്നാൽ, അനുജനെ തലയ്ക്കടിച്ച് കൊന്നതോടെ തന്റെ മനോവീര്യം നഷ്ടമായി. തളർന്നുപോയി. അല്ലെങ്കിൽ അവരേയും കൊല്ലുമായിരുന്നു' എന്നാണ് അഫാൻ്റെ വെളിപ്പെടുത്തൽ. മെഡിക്കൽ കോളജ് ആശുപത്രിയിൽ മാനസികനില പരിശോധിച്ച മനോരോഗ വിദഗ്ദ്ധനോടാണ് പ്രതി ഇക്കാര്യം പറഞ്ഞത്. മനോരോഗ വിദഗ്ദ്ധൻ ഇത് പൊലീസിനെ അറിയിക്കുകയായിരുന്നു.
അതേസമയം അഫാൻ കൊലപാതകം നടത്താൻ ചുറ്റിക തിരഞ്ഞെടുത്തതിൻ്റെ കാരണം ലഭിച്ചതായി പൊലീസ് സൂചിപ്പിച്ചു. അഫാന്റെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിന്നാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. കൊലപാതകത്തിന് ദിവസങ്ങൾക്ക് മുമ്പ് അഫാൻ മൊബൈൽ ഫോണിൽ പലതരം ആയുധങ്ങളെ കുറിച്ച് തിരഞ്ഞിരുന്നു. ഇവ എങ്ങനെ ഉപയോഗിക്കുമെന്ന വിഡിയോയും യുട്യൂബിൽ കണ്ടു. അഫാൻ രാത്രി ഉറക്കമൊഴിഞ്ഞ് മൊബൈൽ ഫോൺ ഉപയോഗിക്കുന്ന വിവരം ഉമ്മ ഷെമി ബന്ധുക്കളോടും പറഞ്ഞിരുന്നു. ചുറ്റികയിലേക്ക് അഫാൻ എത്തിയതിൻ്റെ കാരണം പൊലീസിന് വ്യക്തമായെങ്കിലും അന്വേഷണം നടക്കുന്നതിനാൽ പുറത്തുവിട്ടിട്ടില്ലെന്നാണ് പറയുന്നത്.
പിതൃമാതാവിനെ കൊലപ്പെടുത്തി സ്വർണം എടുത്തശേഷം പ്രതി പണയംവെച്ച് 75000 രൂപ വാങ്ങിയിരുന്നു. ഇതിൽ നാൽപതിനായിരം രൂപ കൊടുത്തത് വായ്‌പ നൽകിയ സഹകരണ സംഘത്തിനെന്നും പൊലീസ് കണ്ടെത്തി. ദിവസവും വീട്ടിലെത്തി പിരിവ് വാങ്ങുന്ന ഇവരെ കൊലപാതക ദിവസം വീട്ടിലെത്തുന്നത് ഒഴിവാക്കാനാണ് ഗൂഗിൾ പേ വഴി പണം നൽകിയത് എന്നാണ് സൂചന. കൊലപാതകത്തിന് തലേദിവസം അഫാനും ഉമ്മയും അമ്പതിനായിരം രൂപക്ക് വേണ്ടി ബന്ധുവീട്ടിൽ പോയിരുന്നു. പക്ഷേ പണം കിട്ടിയില്ലെന്നും അഫാൻ പറഞ്ഞതായി റിപോർട്ടുകളുണ്ട്.
അഫാനെതിരെ മൂന്ന് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത് . ഈ കേസുകളിൽ വെവ്വേറെ തെളിവെടുപ്പ് നടത്തേണ്ടതുണ്ട്. തെളിവെടുപ്പ് നടത്തുമ്പോൾ കനത്ത സുരക്ഷ ഒരുക്കേണ്ടതായും വരും. ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കിയായിരിക്കും പൊലീസ് കസ്റ്റഡി അപേക്ഷ നൽകുക.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Police seek custody of Afan in the Venjaramoodu triple murder case after his mental health evaluation. Investigations continue with new revelations about his motives.
#Venjaramoodu #AfanMurder #KeralaCrime #PoliceCustody #TripleMurder #Vengara