Arrested | ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ മറവില്‍ സിം കാര്‍ഡുകള്‍ വാങ്ങി മറിച്ചുവിറ്റു തട്ടിപ്പു നടത്തുന്നതായി പരാതി; രണ്ടു യുവാക്കള്‍ അറസ്റ്റില്‍
കണ്ണൂര്‍: (KVARTHA) വന്‍തട്ടിപ്പു സംഘത്തിലെ കണ്ണികളെന്ന് സംശയിക്കുന്ന രണ്ട് യുവാക്കള്‍ അറസ്റ്റില്‍. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണെന്നു ആളുകളെ പറഞ്ഞു കബളിപ്പിച്ചു സിംകാര്‍ഡ് കൈക്കലാക്കി തട്ടിപ്പു സംഘത്തിന് കൈമാറുന്ന റാക്കറ്റിലെ രണ്ടുപേരാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു.
കൂത്തുപറമ്പ് എസിപിയുടെ നേത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ മട്ടന്നൂർ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ടി പി മുഹമ്മദ് സ്വാലിഹ് (22) മുഹമ്മദ് മിഹാല്‍ (22) എന്നിവരെയാണ് പിടികൂടിയത്. മട്ടന്നൂര്‍ സി ഐ സജന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തിയത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠനാവശ്യത്തിനായി ഫോണ്‍വാങ്ങി നല്‍കുന്നുണ്ടെന്നും അതിനു ഉപയോഗിക്കാനാണ് ഇതെന്നും പറഞ്ഞാണ് ആളുകളില്‍ നിന്നും സിം വാങ്ങിയയത്.
ഒരു സിംകാര്‍ഡിന് അഞ്ഞൂറ് രൂപയും പ്രതിഫലം നല്‍കിയിരുന്നു. ഇങ്ങനെ മട്ടന്നൂര്‍ മേഖലയില്‍ നിന്നും നിരവധി സിം കാര്‍ഡുകൾ സംഘടിപ്പിച്ച റാക്കറ്റിലെ കണ്ണികളാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. കൈക്കലാക്കുന്ന സിം കാര്‍ഡുകള്‍ ഗള്‍ഫിലേക്ക് കടത്തി അവിടെ നിന്ന് ഫിലിപൈന്‍സ്, ചൈന എന്നിവടങ്ങളില്‍ നിന്നുളള മറ്റൊരു സംഘത്തിന് വില്‍ക്കുകയാണെത്രെ. ഒരു സിംകാര്‍ഡിന് ഇവര്‍ക്ക് 2500രൂപ പ്രതിഫലം നല്‍കിയിരുന്നതായും പൊലിസ് പറയുന്നുണ്ട്. ഇത്തരം വിറ്റഴിക്കുന്ന സിംകാര്‍ഡുകള്‍ ഓണ്‍ ലൈന്‍ തട്ടിപ്പിനായാണ് വിദേശസംഘം ഉപയോഗിക്കുന്നത്. അറസ്റ്റിലായവരുടെ അക്കൗണ്ടില്‍ നിന്നും 25ലക്ഷം രൂപ കണ്ടെത്തിയിട്ടുണ്ട്. ഇതു സിംകാര്‍ഡ് കച്ചവടത്തിലൂടെ ഉണ്ടാക്കിയതാണെന്നാണ് പൊലിസ് കരുതുന്നത്. രണ്ടു പേരെയും വിശദമായി ചോദ്യം ചെയ്തതിനു ശേഷം മട്ടന്നൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.