Arrest | മദ്യ ലഹരിയിൽ പൊലീസിനെ അക്രമിച്ചെന്ന കേസിൽ 2 യുവാക്കൾ അറസ്റ്റിൽ
● പൊതുസ്ഥലത്ത് മദ്യപിച്ചതിന് പൊലീസ് ഇടപെട്ടപ്പോഴാണ് സംഭവം
● ഒരു പൊലീസുകാരന് പരിക്കേറ്റു.
● ഓടി രക്ഷപ്പെട്ടവരെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു
കണ്ണൂർ: (KVARTHA) വളപട്ടണം സ്കൂൾ ഗ്രൗണ്ടിനു സമീപത്തെ സ്ഥലത്ത് പരസ്യമദ്യപാനം ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസിനെ അക്രമിക്കുകയും ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്തുവെന്ന കേസിൽ രണ്ടു യുവാക്കളെ പൊലീസ് അറസ്റ്റു ചെയ്തു. വളപട്ടണം പൊലീസ് സ്റ്റേഷൻ പരിധിയിലെ അതുൽ (22), പി സിജിൽ (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച വൈകുന്നേരം ആറരയോടെയായിരുന്നു സംഭവം. പട്രോളിംഗ് നടത്തുന്നതിനിടെ രണ്ടുപേർ പരസ്യമായി മദ്യപിക്കുന്നത് കണ്ട വളപട്ടണം സ്റ്റേഷനിലെ പൊലീസ് സംഘം ഇവരുടെ അടുത്തെത്തിയപ്പോൾ ഓടിപ്പോയ ഇവരെ പൊലീസ് പിന്തുടർന്നപ്പോൾ അതുൽ പൊലീസിനെ ചോദ്യം ചെയ്യുകയും ആക്രമിക്കുകയുമായിരുന്നു.
കൈയിലുണ്ടായിരുന്ന കല്ലു പോലുളള എന്തോ വസ്തു ഉപയോഗിച്ച് പൊലീസ് സംഘത്തിലുണ്ടായിരുന്ന സിവിൽ പൊലീസ് ഓഫീസർ കിരണിന്റെ മുഖത്ത് കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തതായും പൊലീസ് വ്യക്തമാക്കി. പിടിവലിക്കിടെ പരിക്കേറ്റ കിരൺ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിന് ശേഷം ഓടി രക്ഷപ്പെട്ടവരെ പൊലീസ് സംഘം പിന്തുടർന്ന് പിടികൂടുകയായിരുന്നു.
#KeralaNews #Kannur #PoliceArrest #Assault #Crime