Killed | ഛത്തീസ്ഗഢിൽ പശുക്കടത്ത് ആരോപിച്ച് ആൾക്കൂട്ട അക്രമം; 2 പേർ കൊല്ലപ്പെട്ടു
'വാഹനത്തിന്റെ ടയറിലേക്ക് മൂർച്ചയുള്ള വസ്തുക്കൾ എറിഞ്ഞതോടെ പാലത്തിന് മുകളിൽ വെച്ച് ടയറുകൾ പൊട്ടുകയും വാഹനം നിർത്താൻ നിർബന്ധിതരാവുകയും ചെയ്‌തു. ഇതോടെയാണ് ഇരകൾ ആക്രമിക്കപ്പെട്ടത്'
റായ്പൂർ: (KVARTHA) ഛത്തീസ്ഗഡിലെ റായ്പൂർ ജില്ലയ്ക്ക് സമീപം പശുക്കടത്ത് ആരോപിച്ച് ആൾക്കൂട്ടം രണ്ട് പേരെ മർദിച്ച് കൊല്ലുകയും മറ്റൊരാൾക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. വ്യാഴാഴ്ച പുലർച്ചെ 2.20 മണിയോടെ അരംഗ് പൊലീസ് സ്റ്റേഷൻ പരിധിയിൽ പെട്ട മഹാനദി പുഴയിലെ പാലത്തിലാണ് സംഭവം.
ഉത്തർപ്രദേശ് സഹരൻപൂർ ജില്ലയിലെ ചന്ദ് മിയാൻ, ഗുഡ്ഡു ഖാൻ എന്നിവരാണ് മരിച്ചത്. പരിക്കേറ്റ സദ്ദാം എന്നയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. മഹാസമുന്ദിലെ ഒരു ഗ്രാമത്തിൽ നിന്നും കന്നുകാലികളുമായി ഒഡീഷയിലെ മാർക്കറ്റിലേക്ക് പോവുകയായിരുന്നവരാണ് കൊല്ലപ്പെട്ടതെന്ന് അരംഗ് പൊലീസ് സ്റ്റേഷൻ ഇൻചാർജ് ഷൈലേന്ദ്ര സിംഗ് ശ്യാം പറഞ്ഞു.
'തങ്ങളെ ഒരു സംഘം പിന്തുടരുന്നതായി സംശയം തോന്നിയതിനാൽ ഇവർ വാഹനം റായ്പൂരിലേക്ക് തിരിച്ചു.
എന്നാൽ കന്നുകാലികളെ കയറ്റിയ വാഹനത്തിന്റെ ടയറിലേക്ക് അക്രമികൾ മൂർച്ചയുള്ള വസ്തുക്കൾ എറിഞ്ഞതോടെ പാലത്തിന് മുകളിൽ വെച്ച് ടയറുകൾ പൊട്ടുകയും വാഹനം നിർത്താൻ നിർബന്ധിതരാവുകയും ചെയ്‌തു. ഇതോടെയാണ് ഇരകൾ ആക്രമിക്കപ്പെട്ടത്', പൊലീസ് വ്യക്തമാക്കി.
പുഴയിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പാലത്തിൽ നിന്ന് പുഴയിലേക്ക് തള്ളിയിട്ടതോ അല്ലെങ്കിൽ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വലിച്ചെറിഞ്ഞതോ ആകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകണ്. അക്രമികളെ കുറിച്ച് ചില സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും അത് പരിശോധിച്ച് വരികയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.