Cruelty | 'ശിശുക്ഷേമ സമിതിയിൽ രണ്ടര വയസുകാരിയോട് കൊടും ക്രൂരത കാട്ടിയ ആയമാർ തെളിവ് നശിപ്പിക്കാനും ശ്രമിച്ചതായി സൂചന'; ചോദ്യം ചെയ്യലിന് ഹാജരായത് നഖം വെട്ടി
● ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ മൂന്ന് ആയമാരും നഖം വെട്ടിയാണ് ഹാജരായത്.
● ചൊവ്വാഴ്ചയാണ് ഞെട്ടിക്കുന്ന ക്രൂരത പുറത്തുവന്നത്.
● കുഞ്ഞിന്റെ സ്വകാര്യ ഭാഗത്ത് ഗുരുതരമായ മുറിവുകൾ ഉണ്ടായിരുന്നു.
തിരുവനന്തപുരം: (KVARTHA) ശിശുക്ഷേമ സമിതിയിൽ രണ്ടര വയസുകാരിയെ ആയമാർ ക്രൂരമായി ഉപദ്രവിച്ച കേസിൽ അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. ഇതിനിടെ കുറ്റം തെളിയാതിരിക്കാൻ ആയമാർ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതായി സൂചനകൾ പുറത്തുവന്നു. ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ മൂന്ന് ആയമാരും നഖം വെട്ടിയാണ് ഹാജരായത്. പൊലീസ് മൂന്ന് പ്രതികളെയും കസ്റ്റഡിയിൽ വാങ്ങി ശാസ്ത്രീയ തെളിവെടുപ്പ് നടത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ചൊവ്വാഴ്ചയാണ് ഞെട്ടിക്കുന്ന ക്രൂരത പുറത്തുവന്നത്.
സംഭവത്തില്‍ അജിത, സിന്ധു, മഹേശ്വരി എന്നിവരാണ് അറസ്റ്റിലായത്. രണ്ടര വയസുള്ള ഒരു കുഞ്ഞിനോട് മൂന്ന് ആയമാർ ക്രൂരമായി പെരുമാറിയെന്നാണ് പരാതി. കുഞ്ഞിന്റെ സ്വകാര്യ ഭാഗത്ത് ഗുരുതരമായ മുറിവുകൾ ഉണ്ടായിരുന്നു. അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശിശുക്ഷേമ സമിതിയിൽ എത്തിയ കുഞ്ഞിനെയാണ് ഇത്തരത്തിൽ ഉപദ്രവിച്ചത്. കുഞ്ഞ് പതിവായി കിടക്കയിൽ മൂത്രമൊഴിക്കുന്നത് കാരണം ആയമാർ ഉപദ്രവിച്ചുവെന്നാണ് പ്രാഥമിക നിഗമനം.
ഒരു ആഴ്ചയോളം വിവരം ഇവർ മറച്ചുവെച്ചു. ഇതിനിടെ കുട്ടിയെ കുളിപ്പിച്ചതെല്ലാം പ്രതികളായിരുന്നത് കൊണ്ട് വിവരം പുറത്തുവരാൻ വൈകി. വേദനകൊണ്ട് കുട്ടി കരഞ്ഞുവെങ്കിലും പ്രതികള്‍ അനങ്ങിയില്ല. ആഴ്ച ഡ്യൂട്ടി മാറി പുതിയ ആയയാണ് കുളിപ്പിക്കുമ്പോൾ കുട്ടി നിലവിളിക്കുന്നത് ശ്രദ്ധിച്ചത്. ഇതോടെ വിഷയം പരാതിയാവുകയായിരുന്നു.
പിൻഭാഗത്തും കൈക്കും സ്വകാര്യഭാഗത്തും മുറിവുകളോടെയാണ് തൈക്കാട് സർക്കാര്‍ ആശുപത്രിയിൽ ഇക്കഴിഞ്ഞ ശനിയാഴ്ച കുഞ്ഞിനെ ചികിത്സക്കായി കൊണ്ടുപോയത്. പരിശോധനയില്‍ ജനനേന്ദ്രിയ ഭാഗത്ത് മുറിവുള്ളതായി കണ്ടെത്തി. ക്രൂരമായി മുറിവുകൾ ഏൽപ്പിച്ചിട്ടുണ്ടെന്ന് ഡോക്ടർ കൂടി അറിയിച്ചതിന് പിന്നാലെയാണ് ശിശുക്ഷേമ സമിതി അധികൃതരുടെ പരാതിയിൽ പൊലീസ് കേസെടുത്തത്. രണ്ട് ദിവസത്തെ അന്വേഷണത്തിന് ശേഷം മൂവരും കുറ്റം സമ്മതിക്കുകയായിരുന്നു.
ചോദ്യം ചെയ്യലിന് ഹാജരായപ്പോൾ നഖം വെട്ടിയത് തെളിവുകൾ നശിപ്പിക്കാനുള്ള ശ്രമമായി പൊലീസ് കണക്കാക്കുന്നു. അറസ്റ്റിലായ ആയമാർക്ക് രാഷ്ട്രീയ ബന്ധമുണ്ടെന്നും ഇതിന്റെ പേരിൽ അവർക്ക് സംരക്ഷണം ലഭിച്ചിരുന്നുവെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്. നേരത്തെയും ഇവർ കുട്ടികളോട് മോശമായി പെരുമാറിയെന്നും പരാതികളുണ്ട്. സംഭവത്തിൽ 70 പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.
#ChildAbuse #Investigation #Kasaragod #ChildWelfare #PoliceCustody #Kerala