Obituary | ഒരേ സാരിയിൽ പെൺകുട്ടിയും സുഹൃത്തായ യുവാവും മരിച്ച നിലയിൽ
● സംഭവം ആലത്തൂർ വെങ്ങന്നൂരിൽ
● ഉപന്യ എക്സ്റേ ടെക്നീഷ്യൻ വിദ്യാർത്ഥിനിയായിരുന്നു
● സുകിൻ പെയിന്ററായി ജോലി ചെയ്തിരുന്നു
പാലക്കാട്: (KVARTHA) ആലത്തൂർ വെങ്ങന്നൂരിൽ പെൺകുട്ടിയെയും സുഹൃത്തായ യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി. വെങ്ങന്നൂർ വാലിപ്പറമ്പ് ഉണ്ണികൃഷ്ണന്റെ മകൾ ഉപന്യ (18), കുത്തനൂർ ചിമ്പുകാട് മാറോണി കണ്ണന്റെ മകൻ സുകിൻ (23) എന്നിവരെയാണ് ഉപന്യയുടെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഇരുവരും ഫാനിന്റെ ഹുക്കിൽ ഒരേ സാരിയിൽ തൂങ്ങിയ നിലയിലായിരുന്നു. ഉപന്യയുടെ സഹോദരൻ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് ദാരുണമായ കാഴ്ച കണ്ടത്. ഉടൻ തന്നെ ഇരുവരെയും ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് താലൂക്ക് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ശനിയാഴ്ച രാത്രി വെങ്ങന്നൂരിൽ അയ്യപ്പൻ വിളക്ക് നടക്കുന്ന സ്ഥലത്തായിരുന്നു ഉപന്യയും സുകിനും. രാത്രി പതിനൊന്നോടെ ഇരുവരും ഉപന്യയുടെ വീട്ടിലേക്ക് മടങ്ങി. രാത്രി 12 മണിയോടെ ഉപന്യയുടെ സഹോദരൻ ഉത്സവ സ്ഥലത്തു നിന്ന് വീട്ടിൽ എത്തിയപ്പോഴാണ് ഇരുവരെയും തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
ഉപന്യ പാലക്കാട് എക്സ്റേ ടെക്നീഷ്യൻ വിദ്യാർത്ഥിനിയായിരുന്നു. സുകിൻ പെയിന്ററായും ജോലി ചെയ്തു വരികയായിരുന്നു. ആലത്തൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
#Palakkad, #Kerala, #Tragedy, #Loss, #Community, #Incident