Arrested | 'പണമിടപാട് സ്ഥാപനങ്ങളില്‍ നിന്ന് വ്യക്തിഗത വായ്പ ശരിയാക്കി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടി'; യുവാവ് അറസ്റ്റില്‍

 


തൃശൂര്‍: (KVARTHA) പണമിടപാടു സ്ഥാപനങ്ങളില്‍ നിന്ന് വ്യക്തിഗത വായ്പ ശരിയാക്കി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. ഗുലാന്‍ എന്നറിയപ്പെടുന്ന കാര്‍ത്തിക് (28) ആണ് അറസ്റ്റിലായത്. തൃശൂര്‍ സിറ്റി ഷാഡോ പൊലീസും ചാവക്കാട് പൊലീസും ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 

പൊലീസ് പറയുന്നത്: 60 ഓളം ആളുകളില്‍ നിന്നായി അരക്കോടിയിലേറെ രൂപയാണ് പ്രതി തട്ടിയെടുത്തത്. ചാവക്കാട് മണത്തല സ്വദേശിയെ വ്യക്തിഗത ലോണ്‍ ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ് ഫോണില്‍ വിളിച്ച് പരിചയപ്പെട്ട് ഫോണിലേക്ക് വന്ന ഒടിപി മനസിലാക്കി 75,000 രൂപ തട്ടിയെടുത്ത കേസിലാണ് ഇയാളെ പിടികൂടിയത്. ഇയാള്‍ക്കെതിരെ നിരവധി പരാതികളാണ് ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ നിലവിലുള്ളത്.

Arrested | 'പണമിടപാട് സ്ഥാപനങ്ങളില്‍ നിന്ന് വ്യക്തിഗത വായ്പ ശരിയാക്കി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടി'; യുവാവ് അറസ്റ്റില്‍

 സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വീടുകളിലെത്തി, ബാങ്കുകളിലെ ജീവനക്കാരനാണ് എന്ന് പറഞ്ഞ് പലിശയില്ലാതെ വ്യക്തിഗത ലോണുകള്‍ ശരിയാക്കി നല്‍കാമെന്ന് പറഞ്ഞാണ് ഇയാളുടെ തട്ടിപ്പ്. തുടര്‍ന്ന് ആളുകളോട് ലോണിനെ കുറിച്ച് സംസാരിക്കും. അവരുടെ കൈയില്‍ നിന്ന് പേപറുകള്‍ ഒപ്പിട്ട് വാങ്ങുകയും ഉപയോഗിക്കുന്ന മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ കൈക്കലാക്കുകയും ചെയ്യും. പിന്നീട് ഫോണില്‍ വിളിച്ച് ഇത്ര രൂപ ലോണ്‍ പാസായിട്ടുണ്ടെന്നും ഫോണിലേക്ക് ഒരു ഒടിപി വന്നിട്ടുണ്ടെന്നും അത് പറഞ്ഞു തരാനും ആവശ്യപ്പെടും. ഇങ്ങനെ ഒടിപി മനസിലാക്കിയ ശേഷം ഇത്ര രൂപയുടെ ലോണ്‍ പാസായതായി അറിയിക്കും. 

തുടര്‍ന്ന് 15 ദിവസത്തിനകം പാസായ ലോണ്‍ തുക ലഭിക്കുമെന്നും അറിയിച്ച് വ്യക്തികളുടെ ബാങ്ക് അകൗണ്ട് വിവരങ്ങള്‍ ശേഖരിക്കുകയും ലോണായി സാധനങ്ങള്‍ വാങ്ങുകയും ചെയ്യും. എന്നാല്‍ പറഞ്ഞ ദിവസത്തിന് ശേഷവും ലോണ്‍ തുക ബാങ്ക് അകൗണ്ടില്‍ വരാത്തതിനെ തുടര്‍ന്ന് പണം നഷ്ടമായവര്‍ കാര്‍ത്തികിനെ ഫോണില്‍ വിളിച്ചാല്‍ അവരോട് തട്ടിക്കയറും. ലോണ്‍ എടുത്തത് നിങ്ങളാണെന്നും തുകയുടെ തിരിച്ചടവ് സ്വയം നടത്തണമെന്നും പറയും. ഇനി ഫോണില്‍ വിളിച്ച് ശല്യം ചെയ്താല്‍ കേസ് കൊടുക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തുകയും ചെയ്യും. പിന്നീട് ലോണ്‍ കൊടുത്ത ബാങ്കിന്റെ ആളുകള്‍ തിരിച്ചടവിനായി വീട്ടിലെത്തുകയും നിയമപരമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമ്പോഴാണ് ആളുകള്‍ തട്ടിപ്പാണെന്ന കാര്യം മനസിലാക്കുന്നത്. 

മാത്രമല്ല, വായ്പകള്‍ക്കായി സമീപിക്കുന്ന ആളുകളുടെ വിവരങ്ങള്‍ ഉപയോഗിച്ച് മൊബൈല്‍ ഷോപുകളിലും തട്ടിപ്പ് നടത്തുകയും ചെയ്തു. മൊബൈല്‍ ഷോപുകളില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കുകളുടെ പലിശയില്ലാത്ത സ്‌കീമില്‍ വിലപ്പിടിപ്പുള്ള മൊബൈല്‍ ഫോണ്‍ വാങ്ങും. പിന്നീട് ഈ മൊബൈല്‍ ഫോണുകള്‍ ആ കടയില്‍ തന്നെ മൊബൈല്‍ ഷോപിലെ ജീവനക്കാരുടെ സഹായത്തോടെ വില്‍പന നടത്തും. 

വിറ്റ് കിട്ടുന്ന പണത്തില്‍ നിന്നും മൊബൈല്‍ കടയിലെ ജീവനക്കാര്‍ക്കും ലോണ്‍ നല്‍കിയ ബാങ്കിലെ ജീവനക്കാര്‍ക്കും കമീഷന്‍ നല്‍കും. സംസ്ഥാനത്തെ വിവിധ വലിയ മൊബൈല്‍ കടകളിലെയും വിവിധ ബാങ്കുകളിലെ ജീവനക്കാരെയും മറയാക്കിയാണ് ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നത്. ഗുരുവായൂര്‍ എസിപി സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

Keywords: Thrissur, Loan, Fraud Case, Arrested, Accused, Crime, News, Kerala, Police, Arrest, Bank, Mobile, OTP, Fraud, Case, Fraud Case, Thrissur: Man arrested in fraud case.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia