Fraud Scheme | നിഷ്കളങ്കത ചൂഷണം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ മൂന്ന് പേർ അറസ്റ്റിൽ
● പ്രതികൾ യുവാക്കളെയും കോളജ് വിദ്യാർത്ഥികളെയും സമീപിച്ച് ട്രേഡിംഗ്, ഇൻകം ടാക്സ് ഒഴിവാക്കൽ തുടങ്ങിയ വ്യാജ വാഗ്ദാനങ്ങൾ നൽകി അവരുടെ വിശ്വാസം നേടി.
● കയ്പമംഗലം പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
തൃശൂർ: (KVARTHA) യുവാക്കളുടെയും കോളജ് വിദ്യാർത്ഥികളുടെയും നിഷ്കളങ്കത ചൂഷണം ചെയ്ത് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത മൂന്ന് പേർ അറസ്റ്റിലായി. ഇവരുടെ പേരിൽ ബാങ്ക് അക്കൗണ്ടുകൾ തുടങ്ങി അനധികൃതമായി ലക്ഷങ്ങളുടെ പണമിടപാട് നടത്തിയാണ് തട്ടിപ്പ്.
കയ്പമംഗലം കാക്കാത്തിരുത്തി സ്വദേശി ആനക്കോട്ട് വീട്ടിൽ താജുദ്ദീൻ (52), കയ്പമംഗലം സ്വദേശി കാക്കശ്ശേരി റമീസ് (26), ചളിങ്ങാട് ചമ്മിണിയിൽ വീട്ടിൽ അബ്ദുൽ മാലിക് (54) എന്നിവരാണ് പിടിയിലായത്.
പ്രതികൾ യുവാക്കളെയും കോളജ് വിദ്യാർത്ഥികളെയും സമീപിച്ച് ട്രേഡിംഗ്, ഇൻകം ടാക്സ് ഒഴിവാക്കൽ തുടങ്ങിയ വ്യാജ വാഗ്ദാനങ്ങൾ നൽകി അവരുടെ വിശ്വാസം നേടി. തുടർന്ന് അവരുടെ പേരിൽ ബാങ്ക് അക്കൗണ്ടുകൾ തുറന്ന് ലക്ഷക്കണക്കിന് രൂപ നിക്ഷേപിപ്പിച്ചു. ഈ അക്കൗണ്ടുകളിലേക്ക് വരുന്ന പണം യുവാക്കളെക്കൊണ്ട് തന്നെ ചെക്ക് വഴി പിൻവലിപ്പിച്ച് പ്രതികൾ നിസാര കമ്മീഷൻ നൽകി കൈക്കലാക്കുകയാണ് ഇവരുടെ രീതിയെന്ന് പൊലീസ് പറയുന്നു.
എന്നാൽ ഇത്തരത്തിൽ അക്കൗണ്ടുകൾ തുടങ്ങിയ നിരവധി യുവാക്കളുടെ അക്കൗണ്ടുകളിൽ വന്ന പണം ഫ്രീസ് ചെയ്യപ്പെടുകയും വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പൊലീസ് ഏജൻസികൾ ഇവർക്ക് ഹാജരാകുവാൻ നോട്ടീസ് അയക്കുകയും ചെയ്തതോടെയാണ് തങ്ങളുടെ അക്കൗണ്ടുകളിലേക്ക് വരുന്ന പണം എവിടെയോ തട്ടിപ്പ് നടത്തി നേടിയ പണമാണെന്ന് യുവാക്കൾക്ക് മനസ്സിലാകുന്നത്.
കയ്പമംഗലം പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. ഈ സംഭവം യുവാക്കൾ സാമ്പത്തിക തട്ടിപ്പുകളിൽ നിന്ന് ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകതയെ വ്യക്തമാക്കുന്നു.
#FraudExploitation, #YouthScam, #FinancialFraud, #KeralaPolice, #Arrest, #BankFraud