Murder Case | തൊടുപുഴ ബിജു ജോസഫ് കൊലപാതകം: കാപ്പ കേസ് പ്രതിയുടെ മൊഴിയിൽ നിർണായക വിവരങ്ങൾ

 
Thodupuzha Biju Joseph Murder Case: Crucial Information from KAPA Case Accused's Statement
Thodupuzha Biju Joseph Murder Case: Crucial Information from KAPA Case Accused's Statement

Photo: Arranged

● കാപ്പ കേസ് പ്രതി ആഷിക്കിന്റെ മൊഴിയാണ് കേസിൽ വഴിത്തിരിവായത്.
● ജോമോനാണ് ക്വട്ടേഷൻ നൽകിയത്.
● കൊലപാതകം ആസൂത്രിതമായിരുന്നു.
● ബിജു ജോസഫിനെ തട്ടിക്കൊണ്ടുപോയി വാഹത്തിൽ വെച്ച് മർദ്ദിച്ചു കൊലപ്പെടുത്തി.
● മൃതദേഹം ഗോഡൗണിലെ മാൻഹോളിൽ തള്ളി.

തൊടുപുഴ: (KVARTHA) ചുങ്കം സ്വദേശി ബിജു ജോസഫിന്റെ കൊലപാതകത്തിൽ നിർണായക വഴിത്തിരിവായത് എറണാകുളം പറവൂർ സ്വദേശിക്കെതിരെ ചുമത്തിയ കാപ്പ കേസ്. പറവൂർ വടക്കേക്കര കുഞ്ഞിത്തൈ സ്വദേശി ആഷിക്കിനെതിരെ കാപ്പ കേസ് ചുമത്തി അറസ്റ്റ് ചെയ്യാനുള്ള തീരുമാനം ബിജുവിന്റെ കൊലയാളികളിലേക്ക് പൊലീസിന്റെ അന്വേഷണം എത്തിച്ചു.

അടിപിടി കേസുകളിൽ പ്രതിയായ ആഷിക്കിനെതിരെ കാപ്പ കേസ് ചുമത്താൻ മുനമ്പം ഡിവൈഎസ്‌പി ഓഫിസിൽനിന്നു നിർദേശം വന്നതോടെയാണ് വടക്കേക്കര പൊലീസ് ഇയാളെ തിരയാൻ ആരംഭിച്ചത്. ഫോൺ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ ഇയാൾ തൊടുപുഴ ഭാഗത്തുണ്ടെന്ന് മനസ്സിലായി. തുടർന്ന് വടക്കേക്കര പൊലീസ് തൊടുപുഴ പൊലീസിനെ വിവരമറിയിച്ചതോടെ അവരാണ് ആഷിക്കിനെ പിടികൂടുന്നത്. പിന്നീട് വടക്കേക്കര പൊലീസിന് കൈമാറി. തിരികെ എത്തിച്ച ആഷിക്കിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഈ സമയത്തൊന്നും ബിജുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം തുടങ്ങിയിരുന്നില്ല. ബിജുവിനെ കാണാനില്ലെന്ന പരാതി കുടുംബം നൽകുന്നത് ഈ സമയത്താണ്. ബിജുവുമായി പ്രശ്നമുള്ളവരുടെ പേരുകൾ കുടുംബം നൽകിയതിൽ മുൻ ബിസിനസ് പങ്കാളിയായ ജോമോന്റെ പേരും ഉണ്ടായിരുന്നു. എന്നാൽ കാപ്പ കേസ് ചുമത്താൻ തക്ക കുറ്റങ്ങൾ ചെയ്തിട്ടുള്ള ആഷിക്ക് എന്തിനാണ് ബിജുവിനെ കാണാതായ ദിവസങ്ങളിൽ തൊടുപുഴയിൽ വന്നതെന്ന സംശയം പൊലീസിനുണ്ടായി. തുടർന്ന് ഇയാളിൽ നിന്ന് പൊലീസ് ശേഖരിച്ച വിവരമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചതും ജോമോനിലേക്കും എത്തിയത്. ആഷിക്കിനു പുറമെ എറണാകുളത്ത് താമസിക്കുന്ന കണ്ണൂർ സ്വദേശി വിപിൻ, എറണാകുളം സ്വദേശിയായ അസ്‌ലം എന്നിവരും കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിള്ളതായി പൊലീസ് പറയുന്നു.

ആറു ലക്ഷം രൂപയ്ക്കാണ് ജോമോൻ ഇവർക്ക് ക്വട്ടേഷൻ നൽകിയത് എന്നും മുൻകൂറായി 10,000 രൂപ നൽകിയിരുന്നു എന്നുമാണ് വിവരം. കാപ്പ കേസ് പ്രതികൾക്ക് വരെ ക്വട്ടേഷൻ നൽകുന്ന വിധത്തിൽ ജോമോൻ എങ്ങനെയാണ് ഇവരിലേക്ക് എത്തിയത് എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. രാവിലെ നടക്കാനിറങ്ങിയ ബിജുവിനെ ജോമോനും സംഘവും ചേർന്ന് വാഹനത്തിലേക്ക് പിടിച്ചു കയറ്റിയെന്നും എതിർക്കാൻ ശ്രമിച്ചപ്പോൾ കഴുത്തിൽ ചവിട്ടിപ്പിടിച്ചു എന്നുമാണ് പ്രതികളുടെ പ്രാഥമിക മൊഴി. കലയന്താനി ചെത്തിമറ്റത്തുള്ള ഗോഡൗണിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു എന്നും തുടർന്ന് മാൻഹോളിലിട്ട് മൂടുകയായിരുന്നു എന്നുമാണ് വിവരം. മുൻപ് ബിസിനസ് പങ്കാളികളായിരുന്ന ബിജുവും ജോമോനും തമ്മിൽ സാമ്പത്തിക തർക്കവും ഇതേ ചൊല്ലിയുള്ള കേസുകളും നിലനിൽക്കുന്നുണ്ട്.

തൊടുപുഴയിലെ മുൻ കാറ്ററിങ് ഉടമ ചുങ്കം സ്വദേശി ബിജു ജോസഫിന്റെ കൊലപാതകം ആസൂത്രിതമെന്ന് ഇടുക്കി എസ്പി വിഷ്ണു പ്രദീപ് ടി.കെ. ഐപിഎസ് വെളിപ്പെടുത്തി. ബിജുവിനെ കൊലപ്പെടുത്താൻ പ്രതികൾ കുറച്ചുനാളായി ആസൂത്രണം നടത്തിവരികയായിരുന്നു. ബിജുവിന്റെ നീക്കങ്ങൾ പ്രതികൾ നിരീക്ഷിച്ചിരുന്നു. മുൻപും ബിജുവിനെ കൊലപ്പെടുത്താൻ ശ്രമം നടത്തിയെന്ന് മനസ്സിലായെന്നും എസ്പി മാധ്യമങ്ങളോട് പറഞ്ഞു.

ബിസിനസ് പങ്കാളിയായിരുന്ന ജോമോൻ ആണ് ബിജുവിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ കൊടുത്തത്. ജോമോന്റെ കൂടെ ഉള്ള ഒരാളാണ് ക്വട്ടേഷൻ ഏർപ്പെടുത്തിയത്. ഗൂഗിൾ പേ വഴിയാണ് ക്വട്ടേഷൻ തുക നൽകിയത്. സംഭവത്തിൽ ജോമോനും ക്വട്ടേഷൻ എടുത്ത രണ്ടു ഗുണ്ടകളും പിടിയിലായി. മറ്റൊരു പ്രതി കാപ്പാ കേസിൽ ജയിലിൽ കഴിയുകയാണ്. ഒന്നാം പ്രതി ജോമോന്റെ അറസ്റ്റ് രേഖപ്പെടുത്തിയെന്ന് എസ്പി അറിയിച്ചു. മറ്റു പ്രതികളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി തുടർനടപടി സ്വീകരിക്കുമെന്നും എസ്പി പറഞ്ഞു.

സാമ്പത്തിക പ്രശ്നങ്ങളെ തുടർന്ന് ബിജുവും ജോമോനും തമ്മിൽ തർക്കം നിലനിന്നിരുന്നുവെന്ന് എസ്പി പറഞ്ഞു. പരാതിയെ തുടർന്ന് പോലീസ് ഇടപെട്ട് പ്രശ്നങ്ങൾ പരിഹരിച്ചു വിട്ടിരുന്നു. വ്യാഴാഴ്ച രാവിലെയാണ് ബിജുവിനെ തട്ടിക്കൊണ്ടാപോയത്. തുടർന്ന് വാഹനത്തിൽവെച്ച് മർദിച്ചു. മർദനമേറ്റ ബിജു വാഹനത്തിൽവെച്ചു തന്നെ കൊല്ലപ്പെട്ടു. മൃതദേഹം ഗോഡൗണിലെ മാൻഹോളിൽ തള്ളുകയായിരുന്നുവെന്നും എസ്പി വ്യക്തമാക്കി. ബിജുവിനെക്കുറിച്ച് നടത്തിയ അന്വേഷണത്തിൽ പാർട്ണർഷിപ്പുമായി ബന്ധപ്പെട്ട് തർക്കമുണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു. ഇതു കേന്ദ്രീകരിച്ച് നടത്തിയ തുടരന്വേഷണത്തിലാണ് പ്രതികളിലേക്ക് എത്തിയതെന്നും എസ്പി കൂട്ടിച്ചേർത്തു.

വ്യാഴാഴ്ച പുലർച്ചെ വീട്ടിൽനിന്ന് നടക്കാനിറങ്ങിയ ബിജുവിനെ കാണാതാകുകയായിരുന്നു. തുടർന്ന് ഭാര്യയുടെ പരാതിപ്രകാരം തൊടുപുഴ പോലീസ് അന്വേഷണമാരംഭിക്കുകയായിരുന്നു. കലയന്താനി ചെത്തിമറ്റത്തെ കാറ്ററിങ് ഗോഡൗണിലെ മാൻഹോളിൽ നിന്നാണ് ബിജുവിന്റെ മൃതദേഹം പോലീസ് കണ്ടെത്തിയത്. രണ്ടു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് മൃതദേഹം പുറത്തെടുത്തത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ക്വട്ടേഷൻ എടുത്ത കാപ്പാ കേസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യംചെയ്യലിലാണ് ജോമോന്റെ പങ്ക് വ്യക്തമായത്. ജോമോനെ ബന്ധപ്പെടാൻ പോലീസ് ശ്രമിച്ചെങ്കിലും മൊബൈൽ ഫോൺ സ്വിച്ച് ഓഫായിരുന്നു. മൊബൈൽ ഫോൺ കൊച്ചിയിൽ വെച്ച് സ്വിച്ച് ഓണായതോടെ പോലീസ് സംഘം അന്വേഷിച്ച് എത്തി. ഇതേ തുടർന്ന് വാഹനത്തിൽ കിടന്ന് ഉറങ്ങുകയായിരുന്ന ജോമോനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

The murder of Biju Joseph in Thodupuzha took a crucial turn with the arrest of a KAPA case accused from Paravur, Ashik. While investigating Ashik in connection with the KAPA case, police found his presence in Thodupuzha around the time Biju went missing, leading to the unraveling of the murder plot. Biju's former business partner Jomon allegedly gave a quotation of Rs 6 lakh to Ashik and two others to kill Biju due to financial disputes. Biju was abducted, murdered, and his body was dumped in a manhole at a catering godown. Jomon and two others have been arrested, while another accused is in jail under the KAPA Act.

#ThodupuzhaMurder, #KAPALink, #QuotationKilling, #KeralaCrime, #PoliceInvestigation, #BusinessRivalry

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia