Robbery | കണ്ണൂർ നഗരത്തിൽ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നു
● തളാപ്പ് കോട്ടാമ്മാർ കണ്ടിക്ക് സമീപം ഉമൈബയുടെ വീട്ടിലാണ് മോഷണം നടന്നത്.
● 12 സ്വർണനാണയങ്ങളും രണ്ടുപവന്റെ മാലയും 88,000 രൂപയും നഷ്ടപ്പെട്ടു.
● ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കണ്ണൂര്‍: (KVARTHA) നഗരത്തിലെ തളാപ്പില്‍ പൂട്ടിയിട്ട വീട്ടില്‍ നിന്നും സ്വര്‍ണവും പണവും കവര്‍ന്നു. വീട്ടിലെ അലമാരകളില്‍ സൂക്ഷിച്ച 12 സ്വര്‍ണനാണയങ്ങളും രണ്ടുപവന്റെ മാലയും 88,000 രൂപയും മോഷണം പോയതായാണ് പരാതി. തളാപ്പ് കോട്ടാമ്മാര്‍ കണ്ടിക്ക് സമീപം ഉമൈബയുടെ വീട്ടിലാണ് മോഷണം നടന്നത്. വീടിന്റെ മുന്‍വാതില്‍ കുത്തി തുറന്ന് അകത്ത് കയറിയ മോഷ്ടാവ് അലമാരകളില്‍ സൂക്ഷിച്ച സ്വര്‍ണവും പണവുമാണ് കവര്‍ന്നത്.
വിദേശത്തു നിന്നും കഴിഞ്ഞ വ്യാഴാഴ്ച സുഹൃത്തിന്റെ കല്യാണത്തില്‍ പങ്കെടുക്കാനായി നാട്ടിലെത്തിയ ഉമൈബയുടെ മകന്‍ നാദിറാണ് തിങ്കളാഴ്ച പുലര്‍ച്ചെ വീടിന്റെ മുന്‍വാതില്‍ തകര്‍ത്ത നിലയില്‍ കണ്ടത്. ചെറുകുന്നിലെ സുഹൃത്തിന്റെ കല്യാണ ചടങ്ങില്‍ പങ്കെടുത്തതിന് ശേഷം തിങ്കളാഴ്ച പുലര്‍ച്ചെ നാലു മണിയോടെയാണ് നാദിര്‍ തളാപ്പിലെ വീട്ടില്‍ എത്തിയത്.
വീടിന്റെ മുന്‍വാതില്‍ തകര്‍ത്ത നിലയില്‍ കണ്ടതിനെ തുടര്‍ന്ന് കണ്ണൂർ ടൗൺ പൊലീസിനെയും വിദേശത്തുള്ള ബന്ധുക്കളെയും വിവരമറിയിക്കുകയായിരുന്നു. വീടിന്റെ എല്ലാ മുറികളും തുറന്നിട്ട് സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലാണ്. ടൗണ്‍ പൊലീസ് സ്ഥലത്തെത്തി സ്ഥലത്തെ നീരീക്ഷണ കാമറകള്‍ ഉള്‍പ്പെടെ പരിശോധിച്ച് അന്വേഷണം നടത്തി. വിരലടയാള വിദഗ്ദരും ഡോഗ് സ്‌ക്വാഡും സംഭവസ്ഥലത്തെത്തിയിരുന്നു.
#KannurTheft #KeralaCrime #GoldTheft #HouseRobbery #PoliceInvestigation #CrimeNews