Arrested | കണ്ണൂരിൽ സ്വകാര്യ ബസിൽ യാത്രക്കാരിയുടെ മാല കവരാൻ ശ്രമികച്ചതായി പരാതി; തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ
കണ്ണൂർ: (KVARTHA) സ്വകാര്യ ബസിൽ സഞ്ചരിക്കുകയായിരുന്ന ഒരു യാത്രക്കാരിയുടെ മാല കവരാൻ ശ്രമിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ, തമിഴ്നാട് സ്വദേശികളായ മൂന്ന് പേരെ അറസ്റ്റു ചെയ്തതായി പൊലീസ് അറിയിച്ചു. പാവന്നൂർ-കണ്ണൂർ റൂട്ടിലോടുന്ന ബസ് യാത്രക്കാരിയായ പുതിയതെരു കാഞ്ഞിരത്തറ സ്വദേശിനിയുടെ മൂന്നര പവൻ മാല കവരാൻ ശ്രമിച്ചുവെന്ന് പരാതിയിൽ ആരോപിക്കപ്പെട്ട തമിഴ്നാട് സ്വദേശികളായ രാധ, കറുപ്പായി, മഹാലക്ഷ്മി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
പ്രതികൾ മോഷണ ശ്രമം പരാജയപ്പെട്ടതോടെ ബസിൽ നിന്ന് ഇറങ്ങി രക്ഷപ്പെടാൻ ശ്രമിച്ചതായും, എന്നാൽ ബസിലുള്ള മറ്റു യാത്രക്കാർ അവരെ തടഞ്ഞുവെച്ച് ബസ് ടൗൺ സ്റ്റേഷനിലെത്തിച്ച് പൊലീസിന് കൈമാറിയതായും റിപ്പോർട്ടിൽ പറയുന്നു. ടൗൺ സി. ഐ ശ്രീജിത്ത് കൊടേരി, വനിതാ സ്റ്റേഷൻ എസ്.ഐ രേഷ്മ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ചോദ്യം ചെയ്യലിൽ പിടിയിലായവർ മോഷണ ശ്രമം നടത്തിയതായി സമ്മതിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇവർക്കെതിരെ മറ്റ് ചില മാല കവർച്ചാ കേസുകളിലേയും സംശയമുണ്ട്, എടക്കാട് മുൻപ് നടന്ന ഒരു മാല കവർച്ചയിൽ ഇവരുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടെന്നും പൊലിസ് വ്യക്തമാക്കി.