Confession Made | എം ടിയുടെ വീട്ടിലെ മോഷണം : പ്രതികള്‍ കുറ്റം സമ്മതിച്ചതായി പോലീസ്
● 26 പവൻ സ്വർണം കഴിഞ്ഞ ആഴ്ച നഷ്ടമായതായി പറയുന്നു.
● പ്രതികളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു
കോഴിക്കോട്: (KVARTHA) പ്രശസ്ത സാഹിത്യകാരൻ എം.ടി. വാസുദേവൻ നായരുടെ വീട്ടിൽ നിന്ന് മോഷണം പോയ സ്വർണം കോഴിക്കോട്ടെ വിവിധ സ്ഥലങ്ങളിൽ നിന്ന് കണ്ടെത്തിയതായി പൊലീസ്. കേസിലെ പ്രതികളായ വീട്ടിലെ പാചകക്കാരി ശാന്തയും ബന്ധു പ്രകാശനും മോഷ്ടിച്ച സ്വർണം വിറ്റതായി ചോദ്യം ചെയ്യലിൽ സമ്മതിച്ചതായും പൊലീസ് വ്യക്തമാക്കി.
രാവിലെ പ്രതികളെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. മോഷ്ടിച്ച സ്വർണം കോഴിക്കോട്ടെ വിവിധ സ്വർണക്കടകളിൽ വിറ്റതായി ഇവർ പൊലീസിന് മൊഴി നൽകി. പൊലീസ് ഇപ്പോൾ ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിവരികയാണ്. അതേസമയം, പ്രതികളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു.
എം.ടി.യുടെ വീട്ടിൽ നിന്ന് മോഷ്ടിച്ച 26 പവൻ സ്വർണം കഴിഞ്ഞ ആഴ്ചയാണ് കാണാതായത്. കൊട്ടാരം റോഡിലുള്ള വീട്ടില്‍ നിന്നാണ് സ്വർണമുള്‍പ്പെടെ കളവ് പോയത്. സ്വർണം ബാങ്ക് ലോക്കറിലാണെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ പരിശോധനയില്‍ വീട്ടിലും ലോക്കറിലും ആഭരണങ്ങള്‍ ഇല്ലെന്ന് കണ്ടെത്തുകയായിരുന്നു. മൂന്ന് മാല, വള, കമ്മൽ, ഡയമണ്ട് കമ്മലും ലോക്കറ്റും, മരതകം പതിച്ച ലോക്കറ്റുമാണ് മോഷണം പോയവയിലുള്ളത്.
എം.ടി.യുടെ ഭാര്യ സരസ്വതിയുടെ പരാതിയിലാണ് നടക്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നത്.
#MTVasudevanNair #Theft #Kozhikode #PoliceInvestigation #Literature #GoldJewelry