തലശ്ശേരിയിൽ രാസലഹരി വേട്ട: ലോഡ്ജിൽ ഒളിച്ച് വിൽപ്പന നടത്തിയവർ പിടിയിൽ


● പോലീസ് ബലം പ്രയോഗിച്ചാണ് മുറി തുറന്നത്.
● പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
● വിദ്യാർത്ഥികളും യുവാക്കളുമാണ് ഇവരുടെ പ്രധാന ഇടപാടുകാർ.
● ബെംഗളൂരുവിൽ നിന്നാണ് മയക്കുമരുന്ന് എത്തിച്ചിരുന്നത്.
കണ്ണൂർ: (KVARTHA) രാസലഹരിയുമായി തലശ്ശേരി നഗരത്തിൽ വിൽപ്പന നടത്തിയ രണ്ടുപേർ അറസ്റ്റിൽ. കെ.എം. റിഷാദ്, സി.പി. കെനദീം എന്നിവരെയാണ് മാരക സിന്തറ്റിക് ലഹരിവസ്തുക്കളോടെ പിടികൂടിയത്.
തലശ്ശേരി പഴയ ബസ് സ്റ്റാൻഡിന് സമീപത്തെ ലോഡ്ജിൽ പോലീസ് നടത്തിയ പരിശോധനയിലാണ് മാരക മയക്കുമരുന്നുകളായ എം.ഡി.എം.എ, ഹാഷിഷ് ഓയിൽ, കഞ്ചാവ് എന്നിവയുമായി രണ്ടുപേരെ തലശ്ശേരി ടൗൺ പോലീസ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്തത്.
പോലീസ് പരിശോധനയ്ക്ക് എത്തിയപ്പോൾ ഇവർ മുറി തുറക്കാൻ വിസമ്മതിക്കുകയും, തുടർന്ന് പോലീസ് ബലം പ്രയോഗിച്ച് മുറി തുറക്കുകയുമായിരുന്നു. ഇവരിൽനിന്ന് 15.49 ഗ്രാം എം.ഡി.എം.എ, 3.07 ഗ്രാം ഹാഷിഷ് ഓയിൽ, 5.61 ഗ്രാം കഞ്ചാവ് എന്നിവ കണ്ടെടുത്തു.
തലശ്ശേരി ടൗൺ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി.വി. ബിജു പ്രകാശിന്റെ നിർദ്ദേശപ്രകാരം എസ്.ഐ പി.പി. ഷമീലിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ഷാഫത്ത് മുബാറക്, എസ്. രാജീവൻ, എസ്.സി.പി.ഒ പ്രവീഷ്, സി.പി.ഒ നസീൽ എന്നിവരാണ് പ്രതികളെ പിടികൂടിയത്. ഇവരെ തലശ്ശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
തലശ്ശേരി നഗരത്തിലെ വിദ്യാർത്ഥികളും യുവാക്കളുമാണ് പ്രതികളുടെ പ്രധാന ഇടപാടുകാർ. ബംഗളൂരിൽനിന്നാണ് ഇവർ മയക്കുമരുന്ന് എത്തിച്ചിരുന്നത്. പ്രതികളെക്കുറിച്ച് നേരത്തെ വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് നിരീക്ഷിച്ചുവരികയായിരുന്നു.
തലശ്ശേരി നഗരത്തിലെ ലോഡ്ജുകളിൽ മാറിമാറി താമസിച്ച് 'ബിസിനസ് സംബന്ധമായ ആവശ്യങ്ങൾക്കാണെന്ന്' പറഞ്ഞ് മുറിയെടുത്താണ് ഇവർ മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്നതെന്ന് പോലീസ് അറിയിച്ചു.
ലഹരി മാഫിയക്കെതിരെ നിങ്ങൾക്കുള്ള അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.
Article Summary: Two arrested in Thalassery for selling synthetic drugs from a lodge.
#Thalassery #DrugSeizure #MDMA #KeralaPolice #Kannur #DrugBust