Arrested | തലശേരിയിലെ ഇരട്ടക്കൊലപാതക കേസ്: മുഖ്യപ്രതി അറസ്റ്റില്‍

 


കണ്ണൂര്‍: (www.kvartha.com) നാടിനെ നടുക്കിയ ഇരട്ട കൊലപാതക കേസിലെ മുഖ്യപ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തലശേരി സഹകരണാശുപത്രിക്ക് മുന്‍പില്‍ വച്ച് സിപിഎം പ്രവര്‍ത്തകരായ രണ്ടുപേരെ കുത്തിക്കൊന്ന കേസിലെ മുഖ്യപ്രതി പാറായി ബാബുവാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ച ഉച്ചയോടെ പൊലീസിന്റെ കണ്ണുവെട്ടിച്ച് വീരാജ് പേട്ടയിലേക്ക് മുങ്ങിയ ബാബുവിനെ ഇരിട്ടിയില്‍ നിന്നാണ് പിടികൂടിയത്. ബാബുവിനെ രക്ഷപ്പെടാന്‍ സഹായിച്ച തലശേരി സ്വദേശികളായ മൂന്നുപേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. രക്ഷപ്പെടാന്‍ ഉപയോഗിച്ച വാഹനവും പിടികൂടി. കേസില്‍ നേരത്തെ ജാക്‌സണ്‍, ഫര്‍ഹാന്‍ നവീന്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: തലശേരി നിട്ടൂര്‍ ഇല്ലിക്കുന്ന് ത്രിവര്‍ണ ഹൗസില്‍ കെ ഖാലിദ്, ഖാലിദിന്റെ സഹോദരി ഭര്‍ത്താവും സിപിഎം നെട്ടൂര്‍ ബ്രാഞ്ചംഗവുമായ പൂവനാഴി ശെമീര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. സംഘര്‍ഷത്തിനിടെ ഇവര്‍ക്ക് കുത്തേല്‍ക്കുകയായിരുന്നു. ലഹരി വില്‍പന ചോദ്യം ചെയ്യുകയും ചില സാമ്പത്തിക തര്‍ക്കങ്ങളുമാണ് കൊലയില്‍ കലാശിച്ചത്. ബുധനാഴ്ച വൈകിട്ട് നാല് മണിയോടെ തലശേരി സിറ്റി സെന്ററിനടുത്തുവച്ചാണ് സംഭവം.

Arrested | തലശേരിയിലെ ഇരട്ടക്കൊലപാതക കേസ്: മുഖ്യപ്രതി അറസ്റ്റില്‍

ഖാലിദ് തലശേരി സഹകരണ ആശുപത്രിയിലും ഷമീര്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും വച്ചാണ് മരിച്ചത്. ശമീറിന്റെ സുഹൃത്ത് നെട്ടൂര്‍ സാറാസില്‍ ശാനിബിനും സംഘര്‍ഷത്തിനിടെ കുത്തേറ്റു. ഇയാളുടെ പരിക്ക് ഗുരുതരമല്ല എന്നാണ് ആശുപത്രി അധികൃതര്‍ അറിയിക്കുന്നത്. ലഹരി വില്‍പന സംഘത്തില്‍പ്പെട്ട ജാക്സണും പാറായി ബാബുവും അടങ്ങുന്ന സംഘമാണ് കുത്തിയതെന്ന് ശമീര്‍ നല്‍കിയ മൊഴിയില്‍ പറയുന്നു.

കഞ്ചാവുവില്‍പന ചൊദ്യം ചെയ്ത ശെമീറിന്റെ മകനെ ബുധനാഴ്ച ഉച്ചയ്ക്ക് നെട്ടൂര്‍ ചിറക്കക്കാവിനടുത്ത് വച്ച് ജാക്‌സണ്‍ മര്‍ദിച്ചിരുന്നു. ഇവര്‍ തമ്മില്‍ വാഹനം വിറ്റ പണം സംബന്ധിച്ച തര്‍ക്കവുമുണ്ടായിരുന്നു. മകനെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതറിഞ്ഞ് എത്തിയ ഖാലിദിനേയും മറ്റും ഒത്തുതീര്‍പ്പിന് എന്ന് പറഞ്ഞ് ജാക്സണും സംഘവും റോഡിലേക്ക് വിളിച്ചിറക്കി.

തുടര്‍ന്നുണ്ടായ വാക്തര്‍ക്കത്തിനിടെ പ്രകോപിതനായി കൈയില്‍ കരുതിയ കത്തിയെടുത്ത് ജാക്സണ്‍ ഖാലിദിനെ കുത്തുകയായിരുന്നു. ഇതുതടയാന്‍ ശ്രമിച്ച ശെമീറിനും ശാനിബിനും കുത്തേല്‍ക്കുകയായിരുന്നു. ഖാലിദിനും ശെമീറിനും കഴുത്തിലും വയറിലുമാണ് കുത്തേറ്റതെന്നാണ് ഇന്‍ക്വസ്റ്റ് റിപോര്‍ടില്‍ പറയുന്നത്. കൊല്ലപ്പെട്ടവരുടെ മൃതദേഹം വിലാപയാത്രയായി കൊടുവള്ളി ആമുക്ക പള്ളി ഖബര്‍സ്ഥാനില്‍ ഉച്ചയോടെ നടത്തി.

Keywords: Kannur, News, Kerala, Arrest, Arrested, Police, Crime, Accused, Murder case, Thalassery double murder case: Main accused arrested.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia