Murder Case | തലശേരിയിലെ സിപിഎം പ്രവര്‍ത്തകരുടെ കൊലപാതകം: ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതമാക്കി
തലശേരി: (www.kvartha.com) കഞ്ചാവ് ലഹരി വില്‍പന ചോദ്യം ചെയ്തതിന്റെ പേരില്‍ രണ്ട് സിപിഎം പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം ഊര്‍ജിതമാക്കി. ഈ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന അഞ്ചുപേരെ കസ്റ്റഡിയില്‍ കിട്ടാന്‍ ജില്ലാ ക്രൈംബ്രാഞ്ച് തലശേരി അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ ബുധനാഴ്ച അപേക്ഷ നല്‍കും. കൃത്യത്തില്‍ നേരിട്ട് പങ്കാളികളായ അഞ്ചുപേരെയാണ് കസ്റ്റഡിയില്‍ വാങ്ങുക.
കൃത്യത്തിനു ശേഷം മുഖ്യപ്രതി പാറായി ബാബുവിനെയും കൂട്ടരെയും സഹായിച്ചതിന്റെ പേരില്‍ റിമാന്‍ഡില്‍ കഴിയുന്ന പി അരുണ്‍ കുമാര്‍ (38) ഇ കെ സന്ദീപ് എന്നിവരെ കഴിഞ്ഞ ദിവസം ജില്ലാ ക്രൈംബ്രാഞ്ച് എസിപി കെ വി ബാബുവിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തിരുന്നു. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തതായി എഫ്‌ഐആറിയില്‍ പറയുന്ന പാറായി ബാബു(47), ജാക്സണ്‍ വിന്‍സണ്‍ (28) കെ നവീന്‍ (32) കെ മുഹമ്മദ് ഹര്‍ഹാന്‍(21) എന്‍ സുജിത്ത് കുമാര്‍ (45) എന്നിവരെയാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുക.
കൃത്യത്തിന് ഉപയോഗിച്ച ആയുധവും സംഭവസമയം ധരിച്ചിരുന്ന വസ്ത്രവുമെല്ലാം പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. നവംബര്‍ 23ന് വൈകുന്നേരം 3.55 മണിയോടെ ദേശീയപാതയില്‍ വീനസ് കോര്‍ണറിലായിരുന്നു സംഭവം. നിട്ടൂര്‍ ഇല്ലിക്കുന്നിലെ സിപിഎം പ്രവര്‍ത്തകരായ ത്രിവര്‍ണയില്‍ കെ ഖാലിദ് (52) സഹോദരി ഭര്‍ത്താവ് പൂവനായി ശമീര്‍ (40) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ശാനിബിന്റെ പരാതിയിലാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്. ഇതേസമയം അറസ്റ്റിലായി പാറായി ബാബുവിന് തങ്ങളുമായി ബന്ധമുണ്ടെന്ന വാര്‍ത്ത സിപിഎം കണ്ണൂര്‍ ജില്ലാ സെക്രടറി എം വി ജയരാജന്‍ തളളിപറഞ്ഞിട്ടുണ്ട്.
Keywords: Thalassery, News, Kerala, Killed, Crime, Murder, Case, Complaint, Thalassery: Double murder case: Crime branch intensified investigation.