പുതിയ ജോലിക്ക് മൂന്ന് ദിവസം മാത്രം: അധ്യാപികയുടെ മരണം ദുരൂഹതയിലേക്ക്


● പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
● വീട്ടുകാരുടെ മൊഴി രേഖപ്പെടുത്തി.
● ചാലക്കുടി റെയിൽവേ സ്റ്റേഷൻ കഴിഞ്ഞു ചാടി.
● ഫയർഫോഴ്സ് മൃതദേഹം കണ്ടെത്തി.
ചാലക്കുടി: (KVARTHA) ചാലക്കുടി പുഴയിൽ തീവണ്ടിയിൽ നിന്ന് ചാടി മരിച്ച നിലയിൽ കണ്ടെത്തിയ അധ്യാപിക സിന്തോളിന്റെ (40) മരണത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
കോഴിക്കോട് ബേപ്പൂർ ഗവ. സ്കൂളിൽ നിന്ന് സ്ഥലം മാറി മൂന്ന് ദിവസം മുൻപാണ് ചെറുതുരുത്തി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ സിന്തോൾ ജോലിയിൽ പ്രവേശിച്ചത്. സിന്തോൾ ട്രെയിനിൽ നിന്ന് പുഴയിലേക്ക് ചാടുന്നത് കണ്ട യുവാവാണ് പോലീസിനെ വിവരമറിയിച്ചത്.
ചാലക്കുടി തിരുത്തിപ്പറമ്പ് സ്വദേശിനിയാണ് സിന്തോൾ. വാടകവീട് ലഭിക്കുന്നത് വരെ ചാലക്കുടിയിലെ വീട്ടിൽ നിന്ന് ജോലിക്ക് പോകാനായിരുന്നു ഇവരുടെ തീരുമാനം. ബുധനാഴ്ച രാത്രി ഏഴ് മണിയോടെ നിലമ്പൂരിൽ നിന്ന് കോട്ടയത്തേക്ക് പോവുകയായിരുന്ന പാസഞ്ചർ ട്രെയിൻ ചാലക്കുടി പാലത്തിലെത്തിയപ്പോഴാണ് സിന്തോൾ പുഴയിലേക്ക് ചാടിയതെന്നാണ് വിവരം. ചാലക്കുടി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങേണ്ടിയിരുന്ന സിന്തോൾ സ്റ്റേഷൻ കടന്ന് ചാലക്കുടി പുഴയിലേക്ക് ചാടുകയായിരുന്നു.
അഗ്നിരക്ഷാസേന നടത്തിയ തിരച്ചിലിൽ അന്നനാട് കുടുങ്ങപ്പുഴ അമ്പലക്കടവ് പരിസരത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സിന്തോളിന്റെ മരണത്തിൽ വീട്ടുകാരുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ ദുരൂഹതയുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പോലീസ് അന്വേഷിച്ച് വരികയാണ്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Summary: Teacher's death in Chalakudy river under mysterious circumstances.
#Kerala #Chalakudy #MysteriousDeath #Teacher #PoliceInvestigation #Tragedy