തളിപ്പറമ്പിൽ കാറിൽ കഞ്ചാവും എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ


● പ്രതികൾ പരിയാരം, തളിപ്പറമ്പ് പ്രദേശങ്ങളിലെ പ്രധാന വിതരണക്കാരാണ്.
● ദേശീയപാതയിൽ ലൂർദ്ദ് ആശുപത്രിക്ക് സമീപമാണ് അറസ്റ്റ് നടന്നത്.
● സജേഷ് മാത്യു, വിപിൻ ബാബു എന്നിവരാണ് പ്രതികൾ.
● വാഹനപരിശോധനയ്ക്കിടെയാണ് ഇവർ വലയിലായത്.
● പരിയാരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കണ്ണൂർ: (KVARTHA) കാറിൽ കഞ്ചാവും എം.ഡി.എം.എ.യുമായി സഞ്ചരിക്കുകയായിരുന്ന രണ്ട് യുവാക്കൾ തളിപ്പറമ്പിൽ വെച്ച് പോലീസ് പിടിയിലായി. പരിയാരം അമ്മാനപ്പാറ മുള്ളൻകുഴി വീട്ടിൽ സജേഷ് മാത്യു (28), പരിയാരം സെൻ്റ് മേരീസ് നഗറിലെ കൊച്ചുപറമ്പിൽ വീട്ടിൽ വിപിൻ ബാബു (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച രാത്രി പത്തരയോടെ തളിപ്പറമ്പ് എസ്.ഐ. ദിനേശൻ കൊതേരിയുടെ നേതൃത്വത്തിൽ ദേശീയ പാതയിൽ ലൂർദ്ദ് ആശുപത്രിക്ക് സമീപം നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പ്രതികൾ അറസ്റ്റിലായത്. കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി അനുജ് പലിവാളിൻ്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും തളിപ്പറമ്പ് പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. കെ.എൽ. 59 ഡബ്ള്യു- 0498 എന്ന നമ്പറിലുള്ള കാറിലായിരുന്നു ഇവർ സഞ്ചരിച്ചിരുന്നത്.
പ്രതികളിൽ നിന്നും ഒരു കിലോ 400 ഗ്രാം കഞ്ചാവും 2.28 ഗ്രാം എം.ഡി.എം.എ.യും പിടിച്ചെടുത്തു. പ്രതികൾ പരിയാരം, തളിപ്പറമ്പ് പ്രദേശങ്ങളിലെ പ്രധാന കഞ്ചാവ്, എം.ഡി.എം.എ. വിൽപ്പനക്കാരാണെന്ന് പോലീസ് അറിയിച്ചു. എ.എസ്.ഐ. ഷിജോ ഗസ്റ്റിൻ, സീനിയർ സി.പി.ഒ. റോജിത്ത് വർഗീസ്, സി.പി.ഒ. ഡ്രൈവർ നവാസ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.
സമൂഹത്തിൽ വർധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച് നിങ്ങൾക്ക് എന്ത് പറയാനുണ്ട്? നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: Two men arrested in Taliparamba with drugs.
#KeralaNews #DrugBust #Kannur #Taliparamba #MDMA #Cannabis