Investigation | സൈഫ് അലി ഖാനെ ആക്രമിച്ച കേസ്: പ്രതിയെന്ന് സംശയിക്കുന്നയാൾ ട്രെയിനിൽ നിന്ന് പൊലീസിന്റെ പിടിയിൽ


● ആകാശ് കന്നൗജിയ (31) എന്നയാളെയാണ് കസ്റ്റഡിയിലെടുത്തത്
● ഛത്തീസ്ഗഡിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പിടിയിലായത്
● മുംബൈ പൊലീസ് 30 പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തിയിരുന്നു.
മുംബൈ: (KVARTHA) ബോളിവുഡ് താരം സൈഫ് അലി ഖാന് നേരെ നടന്ന അക്രമണത്തിൽ നിർണായക വഴിത്തിരിവ്. നടനെ ആക്രമിച്ച കേസിലെ മുഖ്യ പ്രതിയെന്ന് സംശയിക്കുന്ന ആളെ ഛത്തീസ്ഗഡിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ നിന്ന് പൊലീസ് പിടികൂടി. മുംബൈ പൊലീസും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഇയാൾ വലയിലായത്.
ആകാശ് കന്നൗജിയ എന്ന 31 കാരനാണ് പിടിയിലായത്. പ്രതി മുംബൈയിൽ നിന്ന് ട്രെയിൻ മാർഗം രക്ഷപ്പെടാൻ ശ്രമിച്ചേക്കാമെന്ന സൂചനയെ തുടർന്ന് റെയിൽവേ സ്റ്റേഷനുകളിലും പൊലീസ് പരിശോധന ശക്തമാക്കിയിരുന്നു. ഇതിനിടയിൽ ജ്ഞാനേശ്വരി എക്സ്പ്രസ് ദുർഗ് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ ആർപിഎഫ് ഉദ്യോഗസ്ഥർ യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ജനുവരി 15 ന് രാത്രിയാണ് സെയ്ഫ് അലി ഖാന്റെ ബാന്ദ്രയിലെ വസതിയിൽ അക്രമം നടന്നത്. വീട്ടിൽ അതിക്രമിച്ചു കയറിയ അക്രമി നടനെ കത്തി കൊണ്ട് ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ സെയ്ഫിനെ ഉടൻതന്നെ മുംബൈയിലെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിയന്തര ശസ്ത്രക്രിയക്ക് ശേഷം അദ്ദേഹം ആരോഗ്യനില വീണ്ടെടുത്തു വരികയാണ്.
സംഭവസമയത്ത് സെയ്ഫിന്റെ ഭാര്യയും നടിയുമായ കരീന കപൂർ ഖാനും വീട്ടിലുണ്ടായിരുന്നു. കരീനയുടെ മൊഴിയുടെ അടിസ്ഥാനത്തിലും സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയും പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു.അക്രമണത്തിന് ശേഷം മുംബൈ പൊലീസ് 30 പ്രത്യേക സംഘങ്ങളെ രൂപീകരിച്ച് പ്രതിക്കുവേണ്ടി വ്യാപകമായ തിരച്ചിൽ ആരംഭിച്ചിരുന്നു.
മുംബൈ പൊലീസ് ഉടൻതന്നെ ഛത്തീസ്ഗഡിലേക്ക് തിരിക്കും എന്നും യുവാവിനെ കസ്റ്റഡിയിൽ വാങ്ങുമെന്നും അധികൃതർ അറിയിച്ചു. ഇയാളെ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ സൈഫ് ലി ഖാനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.
#SaifAliKhan #Attack #Arrest #MumbaiPolice #Bollywood #Crime