‘കഞ്ചാവ് കേസിൽ കുടുക്കി നശിപ്പിക്കാൻ ശ്രമം’; പോലീസിനെതിരെ ഡിജിപിക്ക് പരാതി നൽകി പയ്യന്നൂരിലെ ജ്യോത്സ്യൻ ശ്രീനാഥ് നമ്പൂതിരി
ADVERTISEMENT
● ഓപ്പറേഷൻ തൂഫാൻ എന്ന പദ്ധതിയുടെ മറവിൽ പോലീസ് അതിക്രമം കാട്ടിയെന്ന് ആരോപണം.
● അറസ്റ്റിന് പിന്നിൽ രാഷ്ട്രീയ-മതപരമായ ഗൂഢാലോചനയുണ്ടെന്ന് ശ്രീനാഥ് നമ്പൂതിരി.
● പോലീസിന്റെ നടപടിയിൽ വലിയ മാനഹാനിയുണ്ടായെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
കണ്ണൂർ: (KVARTHA) ഓപ്പറേഷൻ തൂഫാനെന്ന പേരിൽ സർക്കാർ നടത്തുന്ന പദ്ധതിയുടെ മറവിൽ തന്നെ കള്ളക്കേസെടുത്ത് പീഡിപ്പിച്ചതിനെതിരെ സംസ്ഥാന പോലീസ് മേധാവി റാവഡ ചന്ദ്രശേഖറിന് പരാതി നൽകിയതായി പയ്യന്നൂരിലെ ജ്യോത്സ്യൻ ശ്രീനാഥ് നമ്പൂതിരി. ജ്യോതിഷ - മാന്ത്രിക - വൈദിക കർമ്മങ്ങൾ നടത്തുന്ന പെരികമന ഇല്ലത്തെ ശ്രീനാഥ് നമ്പൂതിരി കണ്ണൂർ പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. തന്നെ കഞ്ചാവ് കേസിൽ പ്രതിയാക്കി ചിത്രീകരിച്ച പോലീസ് തെറ്റായ രീതിയിലുള്ള ഫോട്ടോയാണ് പുറത്തുവിട്ടതെന്നും ഇതിലൂടെ വലിയ മാനഹാനിയുണ്ടായെന്നും അദ്ദേഹം പറഞ്ഞു.
റെയ്ഡും പോലീസ് അതിക്രമവും
കഴിഞ്ഞ ജൂൺ മൂന്നിന് ഇതര സമുദായക്കാരിയായ ഒരു സ്ത്രീ പ്രശ്ന ചിന്ത നടത്താൻ തൻ്റെ സ്ഥാപനത്തിൽ വരികയും പരിഹാര ക്രിയകൾ നിർദേശിക്കുകയും ചെയ്തിരുന്നു. പിറ്റേന്ന് ഈ സ്ത്രീ വിളിച്ച് ഇതര സമുദായക്കാരിയായതിനാൽ അമ്പലത്തിൽ പോയി പരിഹാര കർമങ്ങൾ ചെയ്യാൻ സാധിക്കില്ലെന്നും മുട്ടറുക്കാൻ സഹായിക്കണമെന്നും അപേക്ഷിച്ചു.
ഇതനുസരിച്ച് ഉച്ചയ്ക്ക് ശേഷം ഇവർ എത്തിയ ഉടനെ ഒരു വനിതാ എസ്ഐക്കൊപ്പം യൂണിഫോമിടാത്ത കുറേ പോലീസുകാർ മുറിക്കകത്ത് കയറി റെയ്ഡ് നടത്തുകയായിരുന്നു. മുറിയിലുണ്ടായിരുന്ന എല്ലാം വാരിവലിച്ചിട്ട സംഘം പിന്നീട് ഒരു പാക്കറ്റ് കഞ്ചാവ് കിട്ടിയെന്ന് പറഞ്ഞ് ഓടിവന്നു. അത് തൻ്റേതല്ലെന്ന് പറഞ്ഞപ്പോൾ പോലീസുകാർ അതിക്രമം കാണിച്ചു.
മുണ്ട് പിടിച്ചഴിക്കുകയും 'കൗപീനമൊക്കെ ഇട്ടിട്ടാണൊടാ ലഹരി' എന്ന് ചോദിച്ച് പൂണൂൽ പിടിച്ചു വലിക്കുകയും ചെയ്തു. മൂന്ന് മണിക്കൂറോളം മൊബൈൽ ഫോൺ പിടിച്ചു വെച്ചതായും താനുമായി ബന്ധമുള്ള പല പ്രമുഖരുടെയും പേര് പറയിപ്പിക്കാൻ ശ്രമിച്ചതായും ശ്രീനാഥ് നമ്പൂതിരി ആരോപിച്ചു. പെറ്റിക്കേസ് മാത്രമേ ഉള്ളൂവെന്ന് പറഞ്ഞ് പോയ പോലീസ് തന്നെ കഞ്ചാവ് കേസിലാണ് അറസ്റ്റ് ചെയ്തതെന്ന് പിന്നീടാണ് മനസ്സിലായതെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ ഗൂഢാലോചനയെന്ന് ആരോപണം
കഴിഞ്ഞ കുറച്ചു വർഷങ്ങളായി സിപിഎമ്മിൻ്റെ നിർദേശത്തിനും ഭീഷണിക്കും വഴങ്ങാതെ ഗണേശോത്സവത്തിന് താൻ ഹോമം നടത്തുന്ന പതിവുണ്ടായിരുന്നു. അതുകൊണ്ട് പ്രദേശത്തുള്ള സിപിഎം പ്രവർത്തകർക്ക് തന്നോട് വിരോധമുണ്ടെന്നും അറസ്റ്റിന് പിന്നിൽ രാഷ്ട്രീയ-മത സംഘങ്ങളുണ്ടോയെന്ന് അന്വേഷിക്കണമെന്നും ശ്രീനാഥ് നമ്പൂതിരി ആവശ്യപ്പെട്ടു.
300-ഓളം വീഡിയോകൾ ഇതിനകം സോഷ്യൽ മീഡിയയിൽ ചെയ്തിട്ടുണ്ട്. സർക്കാരിൻ്റെ ഓപ്പറേഷൻ തൂഫാനെ പിന്തുണയ്ക്കുന്ന തൻ്റെ സ്ഥാപനത്തിൽ മറ്റാരോ കഞ്ചാവ് രഹസ്യമായി വെച്ച് കുടുക്കുകയായിരുന്നു. കഞ്ചാവ് ജ്യോത്സ്യനെന്ന പ്രചാരണം ചിലർ സോഷ്യൽ മീഡിയയിലൂടെ ബോധപൂർവം നടത്തുകയാണെന്നും ഇതിനെതിരെ നിയമപോരാട്ടം നടത്തുമെന്നും ശ്രീനാഥ് നമ്പൂതിരി വ്യക്തമാക്കി.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകൾ അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമന്റായി രേഖപ്പെടുത്തുക.
Article Summary: Payyanur-based astrologer Sreenath Namboothiri has filed a complaint with the DGP, alleging that he was framed in a fake ganja case during a police raid driven by political and religious vendetta.
#SreenathNamboothiri #PayyanurNews #KannurNews #KeralaPolice #OperationToofan #FakeCaseAllegation #MalayalamNews #AmmuNews
