Tragedy | 'ചുമരിലേക്ക് തള്ളിയിട്ട് മൺവെട്ടികൊണ്ട് തലയ്ക്കടിച്ചു'; മാനസിക പ്രയാസമുള്ള മകന്റെ കൈകൊണ്ട് ഉമ്മയുടെ ജീവനെടുത്തു, നാടിനെ നടുക്കി കൊലപാതകം; പ്രതി അറസ്റ്റിൽ
● സംഭവം കാസർകോട് മുളിയാർ പൊവ്വൽ ബെഞ്ച് കോടതിയിൽ
● മറ്റൊരു മകനും അക്രമത്തിൽ പരിക്കേറ്റു
● മകനെ മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റും
കാസർകോട്: (KVARTHA) ഉമ്മയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. മാനസിക പ്രശ്നങ്ങൾ നേരിടുന്ന മകൻ, മാതാവിനെ ചുമരിലേക്ക് തള്ളിയിട്ട് മൺവെട്ടികൊണ്ട് തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയത്. മുളിയാർ പൊവ്വൽ ബെഞ്ച് കോടതിക്ക് സമീപത്തെ ബി നഫീസ (59) കൊല്ലപ്പെട്ട കേസിലാണ് മകൻ അബ്ദുൽ നാസർ (42) അറസ്റ്റിലായത്.
പ്രായമായ പിതാവ് അബ്ദുല്ലക്കുഞ്ഞി മകന്റെ ഉപദ്രവം സഹിക്കവയ്യാതെ നേരത്തെ തന്നെ ബന്ധുവീട്ടിലേക്ക് മാറിയിരുന്നു. മാനസിക പ്രശ്നങ്ങൾ ഉള്ളതിനാൽ നാസറിന് ചികിത്സ നൽകിയിരുന്നെങ്കിലും സ്ഥിരമായ മാറ്റമൊന്നും ഉണ്ടായിരുന്നില്ല. നാസറിനെ വീട്ടിൽ നിന്ന് പുറത്തുവിടാതെ മുറിയിൽ തന്നെയായിരുന്നു കഴിഞ്ഞിരുന്നത്. എന്നാൽ, ചൊവ്വാഴ്ച വൈകിട്ട് നാലുമണിയോടെ പ്രകോപിതനായ നാസർ മാതാവിനെ ആക്രമിക്കുകയായിരുന്നു.
മുന്‍ഭാഗത്തെയും അടുക്കളഭാഗത്തെയും വാതിലുകള്‍ അടച്ച ശേഷമാണ് അക്രമം നടത്തിയത്. ഇതിനിടയിൽ, ഉറങ്ങുകയായിരുന്ന മറ്റൊരു മകൻ അബ്ദുൽ മജീദ് ബഹളം കേട്ട് അക്രമം തടയാൻ എത്തിയെങ്കിലും ഇദ്ദേഹത്തിനും അടിയേറ്റു. ബഹളം കേട്ട് ഓടിയെത്തിയവർ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും നഫീസയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. വീട്ടില്‍ നഫീസയും രണ്ട് മക്കളും മാത്രമാണുണ്ടായിരുന്നത്.
15 വര്‍ഷത്തിലധികമായി അബ്ദുൽ നാസര്‍ മാനസികാസ്വസ്ഥത പ്രകടിപ്പിച്ചിക്കുന്നതായി ബന്ധുക്കൾ പറയുന്നു. അക്രമത്തിന് ശേഷം നാസറിനെ പ്രദേശവാസികൾ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. നഫീസയുടെ മൃതദേഹം കാസർകോട് ജെനറൽ ആശുപത്രിയിൽ പോസ്റ്റ്‌മോർടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. നാസറിനെ കോടതിയിൽ ഹാജരാക്കി മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് പൊലീസ് വ്യക്തമാക്കി.
സംഭവം നാടിനെ മുഴുവൻ ദുഃഖത്തിലാഴ്ത്തി. മകന്റെ കൈകൊണ്ട് ഉമ്മയ്ക്കുണ്ടായ ദാരുണ മരണം പ്രദേശവാസികളെ ഒന്നടങ്കം വേദനിപ്പിച്ചു.
#Kasaragod #Kerala #India #crime #murder #mentalhealth #familyviolence #tragedy