Outrage | മനുഷ്യത്വം നഷ്ടപ്പെട്ടോ? വയനാട് ദുരന്തത്തിനിടെ അശ്ലീല കമന്റുകൾ; ഒരാൾ അറസ്റ്റിൽ, മറ്റൊരാളെ ആളുകൾ 'കൈകാര്യം' ചെയ്‌തു 

 
Outrage

Photo Credit: Facebook / District Police Palakkad

സാമൂഹ്യ മാധ്യമങ്ങൾ വഴി വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് മുന്നറിയിപ്പ്

പാലക്കാട് / കണ്ണൂർ: (KVARTHA) വയനാട് ദുരന്തത്തിൽ അമ്മമാരെ നഷ്ടപ്പെട്ട കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകാൻ സന്നദ്ധത അറിയിച്ച ഒരു യുവതിയുടെ സോഷ്യൽ മീഡിയ പോസ്റ്റിന് താഴെ അശ്ലീല കമന്റ് പോസ്റ്റ് ചെയ്ത കേസിൽ ഒരാൾ അറസ്റ്റിൽ. ചെർപ്പുളശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിലെ സുകേഷ് പി മോഹനനെയാണ്  പൊലീസ് അറസ്റ്റ് ചെയ്തത്.

അതേസമയം, വയനാട് ദുരന്തത്തെ തുടർന്ന് അമ്മമാരെ നഷ്ടപ്പെട്ട കുഞ്ഞുങ്ങൾക്ക് മുലപ്പാൽ ആവശ്യമുണ്ടെങ്കിൽ അറിയിക്കണമെന്ന ദമ്പതിമാരുടെ സോഷ്യൽ മീഡിയ പോസ്റ്റിന് താഴെ അശ്ലീല കമന്റ് പോസ്റ്റിട്ടയാളെ പ്രദേശവാസികൾ തന്നെ കൈകാര്യം ചെയ്തു. പേരാവൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ പെട്ടയാളെയാണ് പ്രൊഫൈൽവെച്ച് തേടിപ്പിടിച്ച്‌ കൈകാര്യം ചെയ്തത്‌.

സംഭവം സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി ചർച്ചയായിട്ടുണ്ട്. സമാന രീതിയിൽ അശ്ലീല കമന്റുകൾ ചെയ്ത ചിലരുടെ സ്‌ക്രീൻ ഷോർടുകൾ വിവിധ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വയനാട് ദുരന്തത്തിൽ ദുഃഖിതരായ ഒരു സമൂഹത്തിൽ ഇത്തരം പ്രവർത്തികൾ നടത്തുന്നത് വളരെ ഖേദകരമാണെന്നാണ് നെറ്റിസൻസ് പ്രതികരിക്കുന്നത്. മനുഷ്യത്വം നഷ്ടപ്പെട്ടുപോയോ എന്നും ഇവർ ചോദിക്കുന്നു.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ പൊലീസിന്റെ കർശന നിരീക്ഷണത്തിലാണെന്ന് പാലക്കാട് പൊലീസ് അറിയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ വഴി സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കുറ്റം ചുമത്തിയാണ് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. സാമൂഹ്യ മാധ്യമങ്ങൾ വഴി വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia