Tragedy | ഞെട്ടിക്കുന്ന മരണം: വിവാഹരാത്രിയിൽ നവവധുവും വരനും ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ


● ഫോറൻസിക് വിദഗ്ധർ തെളിവുകൾ ശേഖരിച്ചു
● വധുവിൻ്റെ കഴുത്തിൽ മുറിവുകൾ കണ്ടതായി പിതാവ്
● ഇരുവരുടെയും മൃതദേഹം ഒരേ ചിതയിലാണ് സംസ്കരിച്ചത്
അയോധ്യ: (KVARTHA) ഉത്തർപ്രദേശിലെ അയോധ്യയിൽ നവവധുവും വരനും ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. അയോധ്യയിലെ സാദത്ത്ഗഞ്ച് മുരാവൻ ടോളയിലെ കാൻ്റ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഹൃദയഭേദകമായ സംഭവം നടന്നത്. പ്രദീപ്, ശിവാനി എന്നിവരാണ് മരിച്ചത്. വധു കട്ടിലിൽ മരിച്ച നിലയിലും വരൻ തൂങ്ങി മരിച്ച നിലയിലുമായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവിച്ചത് എന്താണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ.
വിവാഹരാത്രിയിലെ ദുരന്തം
മാർച്ച് ഏഴിനാണ് പ്രദീപിന്റെയും ശിവാനിയുടെയും വിവാഹം നടന്നത്. വിവാഹ ചടങ്ങുകൾ പൂർത്തിയാക്കി മാർച്ച് എട്ടിന് ഇരുവരും വരന്റെ വീട്ടിലെത്തി. മാർച്ച് ഒമ്പതിന് രാവിലെ ഏറെ നേരം കഴിഞ്ഞിട്ടും വധു മുറിയിൽ നിന്ന് പുറത്ത് വരാത്തതിനെ തുടർന്ന് വീട്ടുകാർ വാതിലിൽ മുട്ടി വിളിച്ചു. പ്രതികരണമൊന്നുമില്ലാത്തതിനെ തുടർന്ന് വാതിൽ തകർത്ത് അകത്ത് കയറിയപ്പോഴാണ് ശിവാനിയെ കട്ടിലിൽ മരിച്ച നിലയിലും പ്രദീപിനെ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തിയത്. അതെ ദിവസം തന്നെ ഗംഭീരമായ വിവാഹ സൽക്കാരം നടത്താൻ കുടുംബം പദ്ധതിയിട്ടിരുന്നു.
അന്വേഷണം പുരോഗമിക്കുന്നു
വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. പൊലീസ് കേസ് വിശദമായി അന്വേഷിക്കുന്നുണ്ട്. ഫോറൻസിക് വിദഗ്ധർ നിർണായകമായ തെളിവുകൾ ശേഖരിച്ചു. സംഭവത്തെക്കുറിച്ച് നിർണായക വിവരങ്ങൾ ലഭിക്കുമെന്ന വിശ്വാസത്തിൽ പ്രദീപിന്റെ മൊബൈൽ ഫോണും പൊലീസ് കസ്റ്റഡിയിലെടുത്തു. മുറി അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നതിനാൽ പുറത്തുനിന്നുള്ളവരുടെ ഇടപെടൽ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് എസ്എസ്പി രാജ്കരൺ നായർ പറഞ്ഞു. എന്നാൽ എല്ലാ സാധ്യതകളും പരിഗണിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
കുടുംബവും നാടും ഞെട്ടലിൽ
ദുരന്തം കുടുംബത്തെയും പ്രദേശവാസികളെയും ഞെട്ടലിലാഴ്ത്തി. വധുവും വരനും വിവാഹത്തിൽ സന്തോഷവാന്മാരായിരുന്നുവെന്നും ഇങ്ങനെയൊരു ദുരന്തം ആരും പ്രതീക്ഷിച്ചിരുന്നില്ലെന്നും പ്രദീപിന്റെ മൂത്ത സഹോദരൻ ദീപക് പറഞ്ഞു. പ്രദീപിന് അച്ഛനെ നേരത്തെ നഷ്ടപ്പെട്ടിരുന്നു. ഇപ്പോഴത്തെ മരണം കുടുംബത്തെയാകെ തകർത്തു. ശിവാനിയുടെ കഴുത്തിൽ മുറിവുകളുണ്ടെന്ന് പിതാവ് മന്തു റാം വെളിപ്പെടുത്തി. ഇത് മരണകാരണത്തെക്കുറിച്ച് കൂടുതൽ സംശയങ്ങൾ ഉയർത്തുന്നു.
ഫോറൻസിക് റിപ്പോർട്ടുകളും മൊബൈൽ ഡാറ്റയും അടിസ്ഥാനമാക്കി കൂടുതൽ അന്വേഷണം നടത്താനാണ് അധികൃതരുടെ തീരുമാനം. പോസ്റ്റ്‌മോർട്ടത്തിന് ശേഷം പ്രദീപിന്റെയും ശിവാനിയുടെയും മൃതദേഹങ്ങൾ ഒരേ ചിതയിൽ സംസ്കരിച്ചു. പ്രദീപിന്റെ മൂത്ത സഹോദരൻ ദീപകാണ് അന്തിമ കർമ്മങ്ങൾ നടത്തിയത്. ദുഃഖിതരായ കുടുംബാംഗങ്ങളും സുഹൃത്തുക്കളും കണ്ണീരോടെ വിട നൽകി.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
A newlywed couple, Pradeep and Shivani, were found dead in mysterious circumstances on their wedding night in Ayodhya. Police investigation is underway.
#Ayodhya #MurderMystery #Newlyweds #TragicDeath #MarriageNight #PoliceInvestigation