ഷൈൻ ടോം ചാക്കോയുടെ മൊഴിയിൽ ആരെല്ലാം കുടുങ്ങും? സിനിമാ ലോകം ഉറ്റുനോക്കുന്നു.


● രണ്ട് പ്രമുഖ സംവിധായകർ കൊച്ചിയിൽ കഞ്ചാവുമായി പിടിയിൽ.
● സൂപ്പർ താരങ്ങൾ വരെ ലഹരിക്ക് അടിമകളാണെന്ന് സൂചന.
● ആലപ്പുഴയിലെ കഞ്ചാവ് കേസിൽ ഷൈനിൻ്റെ പേര് പരാമർശിക്കപ്പെട്ടു.
● സിനിമാ മേഖലയിലെ ലഹരി മാഫിയയെ തളയ്ക്കാൻ ശക്തമായ നടപടി വേണം.
(KVARTHA) മലയാള ചലച്ചിത്ര രംഗത്തെ പ്രശസ്തരായ ന്യൂ ജനറേഷൻ സംവിധായകരായ ഖാലിദ് റഹ്‌മാനും അഷ്‌റഫ് ഹംസയും കൊച്ചിയിൽ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായതോടെ വമ്പൻ സ്രാവുകളെ തേടിയുള്ള അന്വേഷണം വഴിത്തിരിവിലെത്തിയിരിക്കുകയാണ്.
ലഹരി ഉപയോഗിക്കുന്ന സിനിമാ പ്രവർത്തകരെ കുറിച്ചുള്ള ചർച്ചകൾ നടൻ ഷൈൻ ടോം ചാക്കോയുടെ അറസ്റ്റോടെ നടന്നുകൊണ്ടിരിക്കെയാണ് രണ്ട് പ്രമുഖ സംവിധായകർ തന്നെ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലാകുന്നത്. ഇതേ തുടർന്ന് ഖാലിദ് റഹ്‌മാനെയും അഷ്‌റഫ് ഹംസയെയും ഡയറക്ടേഴ്സ് യൂണിയൻ സസ്പെൻഡ് ചെയ്തിരിക്കുകയാണ്.
ഞായറാഴ്ച പുലർച്ചെ രണ്ടു മണിക്കാണ് ഖാലിദ് റഹ്‌മാൻ, അഷ്റഫ് ഹംസ, ഇവരുടെ സുഹൃത്ത് ഷാലിഫ് മുഹമ്മദ് എന്നിവരെ എക്സൈസ് സംഘം ഗോശ്രീ പാലത്തിന് സമീപമുള്ള ഛായാഗ്രഹകൻ സമീർ താഹയുടെ ഫ്ലാറ്റിൽ നിന്നും അറസ്റ്റ് ചെയ്തത്. കഞ്ചാവ് ഉപയോഗിക്കാനുള്ള തയ്യാറെടുപ്പിനിടെയാണ് എക്സൈസ് ഉദ്യോഗസ്ഥർ മൂന്ന് പേരെയും അറസ്റ്റ് ചെയ്യുന്നത്.
പ്രമുഖ സംവിധായകരടക്കം മൂന്ന് പേരാണ് എക്സൈസിൻ്റെ മിന്നൽ പരിശോധനയിൽ പിടിയിലായത്. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു എക്സൈസിൻ്റെ പരിശോധന. ഫ്ലാറ്റിലെത്തിയപ്പോൾ സംവിധായകരായ ഖാലിദ് റഹ്‌മാൻ, അഷ്റഫ് ഹംസ എന്നിവരും ഇവർക്കൊപ്പമുണ്ടായിരുന്ന ഷാലിഫ് മുഹമ്മദും കഞ്ചാവ് ഉപയോഗിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നുവെന്ന് എക്സൈസ് പറഞ്ഞു.
എന്നാൽ ചെറിയ അളവിൽ മാത്രം കഞ്ചാവ് പിടികൂടിയതിനാൽ മൂന്ന് പേർക്കും ജാമ്യം നൽകിയിട്ടുണ്ട്. നാട്ടുമ്പുറങ്ങളിലെ സ്ഥിരം മദ്യവിൽപ്പനക്കാരെ പിടികൂടി അകത്തിടുന്നതുപോലെ മലയാള ചലച്ചിത്ര ലോകത്ത് ഏതാനും വിരലിൽ എണ്ണാവുന്നവർക്കെതിരെ മാത്രമാണ് പൊലീസും എക്സൈസും രാസലഹരി കേസ് അന്വേഷിക്കുന്നതെന്ന പരാതിക്കിടെയാണ് മിന്നൽ പരിശോധന നടത്തിയത്.
സൂപ്പർ സ്റ്റാർ മുതൽ പ്രമുഖ സംവിധായകരും നടിമാരുമൊക്കെ സിന്തറ്റിക് ലഹരിയുടെ അടിമകളാണെന്ന് കേസിൽ പ്രതിയായ ഷൈൻ ടോം ചാക്കോയുടെ മൊഴി ഗൗരവകരമായാണ് എക്സൈസ് വീക്ഷിക്കുന്നത്. കൊക്കെയ്ൻ കേസിൽ കുറ്റവിമുക്തനായി ദിവസങ്ങൾക്കുള്ളിലാണ് നടൻ ഷൈൻ ടോം ചാക്കോയെ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തത്.
മറ്റൊരാളെ അന്വേഷിച്ച് കൊച്ചിയിലെ ഹോട്ടലിൽ എത്തിയ ഡാൻസാഫ് സംഘത്തെ കണ്ട് പേടിച്ച് ഷൈൻ അതിസാഹസികമായി മുങ്ങുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനൊടുവിലാണ് അപ്രതീക്ഷിതമായി അറസ്റ്റ് ചെയ്തത്. ഷൈൻ പലവട്ടം മയക്കുമരുന്ന് ഉപയോഗിച്ചതായി ബോധ്യപ്പെട്ടെന്ന് എഫ്ഐആറിൽ പറയുന്നു.
പക്ഷേ ഈ ബോധ്യംകൊണ്ട് കോടതിയിലേക്ക് പോകാനാകില്ല. അവിടെ തെളിവ് വേണം. അത് പൊലീസിനെ സംബന്ധിച്ച് ഒട്ടും എളുപ്പമല്ല. കാരണം, ഷൈൻ ടോം ചാക്കോയിൽ നിന്ന് ലഹരിപദാർഥങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. ഷൈന് നിരോധിത ലഹരി ഉത്പന്നങ്ങൾ നൽകിയതായി ആരുടെയും മൊഴിയുമില്ല.
കൊക്കെയ്ൻ കേസിൽ ഷൈൻ ടോം ചാക്കോയെ കുറ്റവിമുക്തനാക്കിയ ഉത്തരവിൽ പൊലീസിനെ രൂക്ഷമായി വിമർശിച്ചിരുന്നു, വിചാരണ കോടതി. കൃത്യമായ പരിശോധന നടത്താത്തതും നടപടിക്രമങ്ങൾ പാലിക്കാത്തതും ഉൾപ്പെടെ പൊലീസിൻ്റെ സർവത്ര വീഴ്ചകളും കോടതി എണ്ണിപ്പറഞ്ഞു. അതിൻ്റെ നാണക്കേടിൽ നിന്ന് കരകയറും മുമ്പാണ് ഷൈനിനെ അറസ്റ്റ് ചെയ്തുകൊണ്ട് കേരള പൊലീസ് വീണ്ടും റിസ്ക് എടുത്തിരിക്കുന്നത്.
ഡാൻസാഫ് സംഘത്തെ കണ്ടപ്പോൾ ഓടിയത് എന്തിനെന്ന് ചോദിക്കാനാണ് എറണാകുളം നോർത്ത് പൊലീസ് ഷൈൻ ടോം ചാക്കോയെ വിളിപ്പിച്ചത്. മൂന്ന് എസിപിമാർ ചുറ്റുമിരുന്നായിരുന്നു അഞ്ചു മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യൽ. ഡാൻസാഫ് സംഘത്തെ ഗുണ്ടകളെന്ന് തെറ്റിദ്ധരിച്ചാണ് ഹോട്ടലിൽ നിന്ന് ഓടിയതെന്ന് ഷൈൻ പറഞ്ഞു.
പിന്നീടുള്ള ചോദ്യം ചെയ്യലിൽ താൻ ലഹരി ഉപയോഗിക്കാറുണ്ടെന്നും 12 ദിവസം ലഹരിമുക്തി കേന്ദ്രത്തിൽ കഴിഞ്ഞിട്ടുണ്ടെന്നുമൊക്കെ ഷൈൻ സമ്മതിച്ചു. നഗരത്തിലെ പ്രധാന ഡ്രഗ് ഡീലറായ ഷജീറുമായി ഷൈൻ പണമിടപാട് നടത്തിയതിൻ്റെ തെളിവും പൊലീസിന് ലഭിച്ചു. പക്ഷേ ഷജീറിന് പണം നൽകിയത് ലഹരി വാങ്ങാനാണെന്ന് സ്ഥിരീകരിക്കുക പൊലീസിന് എളുപ്പമാകില്ല.
ഇറങ്ങി ഓടിയ ദിവസം ഷൈൻ താമസിച്ച മുറിയിൽ നിന്ന് ലഹരിപദാർഥങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. ഒപ്പമുണ്ടായിരുന്നയാൾ ഷൈനെതിരെ മൊഴിയും നൽകിയിട്ടില്ല. പക്ഷേ, ലഹരി ഉപയോഗിക്കാനാണ് ഷൈനും സുഹൃത്തും ഹോട്ടലിൽ അന്നേ ദിവസം മുറിയെടുത്തതെന്ന് പൊലീസ് എഫ്ഐആറിൽ പറയുന്നു.
ഇത് തെളിയിക്കാനും പൊലീസിന് പാടുപെടേണ്ടി വരും. ഗുണ്ടാ ആക്രമണത്തെ ഭയക്കുന്ന ഷൈൻ ടോം ചാക്കോ എന്തുകൊണ്ട് പൊലീസിനെ സമീപിച്ചില്ലെന്ന ചോദ്യമാണ് ഇവിടെ പിടിവള്ളിയാകുന്നത്. കേസ് എടുത്താൽ മാത്രമേ, താരത്തെ ഡോപ്പിംഗ് ടെസ്റ്റിന് വിധേയനാക്കാൻ കഴിയൂ എന്നതാണ് തിടുക്കപ്പെട്ട് അറസ്റ്റ് ചെയ്തതിനുള്ള മറ്റൊരു വിശദീകരണം. ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിക്കുന്നുവെന്ന് നേരത്തെയും പരാതികൾ ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് ഇപ്പോഴത്തെ കേസ്. നടൻ്റെ മുടിയും നഖവും പരിശോധനക്ക് അയച്ചിരിക്കുകയാണ്. ഫലം ലഭിക്കാൻ മൂന്ന് മാസം വരെ എടുക്കും. ഈ പരിശോധനാ ഫലമാണ് കേസിൽ നിർണായകമാവുക.
ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ തസ്ലീമയെന്ന യുവതിയും ഷൈൻ, ശ്രീനാഥ് ഭാസി എന്നീ രണ്ട് നടന്മാരുടെ പേര് പറഞ്ഞിരുന്നു. ഹൈബ്രിഡ് കഞ്ചാവ് കേസിലെ അന്വേഷണവും ഇനി ഷൈനിലേക്ക് നീളും. അതേസമയം, സിനിമാ മേഖലയിൽ പലരും ലഹരി ഉപയോഗിക്കുന്നുണ്ടെന്നും പക്ഷേ പഴി തനിക്കും മറ്റൊരു നടനും മാത്രമാണെന്നും ഷൈൻ പൊലീസിനോട് പറഞ്ഞതായാണ് സൂചന. ഇതാണ് ഇപ്പോൾ മൂന്ന് പേർ കുടുങ്ങാൻ കാരണമായത്. ഇതുൾപ്പെടെയുള്ള കാര്യങ്ങളിൽ കൂടുതൽ അന്വേഷണം നടത്തി വ്യക്തത വരുത്തിയ ശേഷമായിരിക്കും പൊലീസിൻ്റെ അടുത്ത നീക്കം.
ഷൈൻ ടോം ചാക്കോയുടെ പേരിൽ ഒരിക്കൽക്കൂടി കോടതിയിൽ നിന്ന് വിമർശനം കേൾക്കാതിരിക്കാൻ പഴുതടച്ച നീക്കം തന്നെ വേണ്ടിവരും പൊലീസിന്. എന്നാൽ മലയാള സിനിമയെ കാർന്നുതിന്നുന്ന ലഹരി മാഫിയയെ തളയ്ക്കാൻ ചെറുമീനുകളെ മാത്രം പിടിച്ചാൽ മാത്രം പോരാ. ഷൈൻ, ശ്രീനാഥ് ഭാസി, ഷെയ്ൻ നിഗം എന്നിവർ മാത്രമല്ല കഞ്ചാവും സിന്തറ്റിക് ലഹരിയും ഉപയോഗിക്കുന്നത്. ഇവർ ചെറിയ ഇരകളാണ്. സ്ഥിരം ലഹരിക്കാരായ യുവ നടൻമാരെ പിടികൂടിയാൽ മാത്രം നമ്മുടെ സമൂഹത്തിന്മേൽ അശനിപാതം പോലെ പതിക്കുന്ന ലഹരി മാഫിയയെ ഉൻമൂലനം ചെയ്യാൻ കഴിയുകയുള്ളുവെന്ന ആവശ്യവും സിനിമാ മേഖലയിൽ നിന്നുതന്നെ ഉയർന്നിട്ടുണ്ട്.
മട്ടാഞ്ചേരിക്കാരനായ ഒരു പ്രമുഖ സംവിധായകൻ 'സൂപ്പർ താരമായ ഒരു നടനും ഭാര്യയും ഉൾപ്പെടെ മലയാള ചലച്ചിത്ര ലോകത്ത് സിന്തറ്റിക് ലഹരിയും ഹൈബ്രിഡ് കഞ്ചാവും ഉപയോഗിക്കുന്നവരുടെ നീണ്ട നിര തന്നെ ഷൈൻ ടോം ചാക്കോയുടെ ചോദ്യം ചെയ്യലിൽ പുറത്തുവന്നിട്ടുണ്ട്. ഇത് പിടിവള്ളിയാക്കി കൊണ്ടാണ് മലയാള ചലച്ചിത്ര രംഗത്തെ പ്രമുഖരെ എക്സൈസും പൊലീസും നിരീക്ഷിച്ചു വരുന്നത്.
ഷൈൻ ടോം ചാക്കോയുടെ വെളിപ്പെടുത്തലുകളും സിനിമാ ലോകത്തെ ലഹരി ഉപയോഗവും ചർച്ച ചെയ്യപ്പെടേണ്ട വിഷയമാണ്. നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കൂ!
Summary: Following the arrest of directors Khalid Rahman and Ashraf Hamza for possession of cannabis, the investigation into drug use in Malayalam cinema has intensified. Shine Tom Chacko's statements reportedly hint at the involvement of prominent actors, leading to increased scrutiny by the Excise Department.
#MalayalamCinema, #DrugMafia, #ShineTomChacko, #KhalidRahman, #AshrafHamza, #KeralaExcise