Allegation | 'കുറ്റകൃത്യം നടന്നത് അറിഞ്ഞിട്ടും മറച്ചുവെച്ചു'; പി വി അന്‍വറിനെതിരെ പരാതി നല്‍കി ഷോണ്‍ ജോര്‍ജ്
തിരുവനന്തപുരം: (KVARTHA) കുറ്റകൃത്യം നടന്നത് അറിഞ്ഞിട്ടും മറച്ചുവെച്ചെന്ന് ചൂണ്ടിക്കാട്ടി ഇടത് എംഎല്‍എ പി.വി. അന്‍വറിനെതിരെ (PV Anvar) പരാതി നല്‍കി ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ് (Shaun George). ഇന്ന് രാവിലെ ഇമെയില്‍ വഴി ഡിജിപിക്കാണ് (DGP) പരാതി നല്‍കിയത്.
എഡിജിപി എം ആര്‍ അജിത് കുമാറിന്റെ കുറ്റകൃത്യങ്ങളേപ്പറ്റി അറിവുണ്ടായിട്ട് കോടതിയെയോ പോലീസിനെയോ സമീപിച്ചില്ലെന്നും ഗുരുതര കുറ്റങ്ങള്‍ അറിഞ്ഞിട്ടും അത് മറച്ചുവച്ചതും കുറ്റകൃത്യമാണെന്നും കേസെടുക്കണമെന്നുമാണ് പരാതിയിലെ ആവശ്യം.
ഉത്തരവാദപ്പെട്ട ജനപ്രതിനിധി എന്ന നിലയില്‍ പോലീസിനെ സമീപിക്കാതെ കുറ്റകൃത്യം മറച്ചുവെക്കാന്‍ അന്‍വര്‍ ശ്രമം നടത്തിയെന്ന് ഷോണ്‍ ജോര്‍ജ് പരാതിയില്‍ ആരോപിക്കുന്നു. ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) 239 പ്രകാരം അന്‍വറിനെതിരെ നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലുള്ള ആവശ്യം.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെയും എഡിജിപി എം ആര്‍ അജിത്കുമാറിനെതിരെയും ഗുരുതര ആരോപണങ്ങളാണ് പി വി അന്‍വര്‍ എംഎല്‍എ കഴിഞ്ഞ ദിവസം ഉന്നയിച്ചത്. ക്രമസമാധാന ചുമതലയുള്ള അജിത് കുമാര്‍ അധോലോക ഭീകരന്‍ ദാവൂദ് ഇബ്രാഹിമിനെ മാതൃകയാക്കുന്നുവെന്നും പി വി അന്‍വര്‍ കുറ്റപ്പെടുത്തി. അജിത്കുമാര്‍ നോട്ടോറിയസ് ക്രിമിനലാണെന്നും അയാള്‍ ആളുകളെ കൊല്ലിച്ചിട്ടുണ്ടെന്നും പിവി അന്‍വര്‍ പറഞ്ഞു.
എം ആര്‍ അജിത്ത് കുമാര്‍ തിരുവനന്തപുരത്ത് വലിയൊരു കൊട്ടാരം പണിയുന്നുണ്ടെന്നും സോളാര്‍ കേസ് അട്ടിമറിച്ചത് എം ആര്‍ അജിത്ത് കുമാറാണെന്നും പി വി അന്‍വര്‍ പറഞ്ഞു. എംആര്‍ അജിത് കുമാറിനെതിരെ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ ആരോപണങ്ങള്‍ കൂടി പുറത്ത് വരുന്നത്. അജിത്ത് കുമാറിന്റെ സംഘം വിമാനത്താവളത്തില്‍ നിന്നും കോടികളുടെ സ്വര്‍ണം കടത്തിയിട്ടുണ്ടെന്നും മുജീബ് എന്നയാളാണ് എം.ആര്‍ അജിത്ത് കുമാറിന്റെ പ്രധാന സഹായിയെന്നും പി വി അന്‍വര്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടേയും ഓഫീസിലേയും ഫോണ്‍ ചോര്‍ത്തുന്നുവെന്നും പി വി അന്‍വര്‍ പറഞ്ഞു. പുറത്ത് വിടാത്ത തെളിവുകള്‍ ഇനിയും കയ്യിലുണ്ട്. അജിത്ത് കുമാറിനെതിരെ അന്വേഷണം നടത്തുന്ന അന്വേഷണ സംഘത്തിനോട് സഹകരിക്കുമെന്നും എല്ലാ തെളിവുകളും കൊടുക്കുമെന്നും എംഎല്‍എ വ്യക്തമാക്കി. അജിത്ത് കുമാര്‍ മാറി നിന്നാലും രാജിവെച്ചാലും ആരോപണങ്ങള്‍ നിലനില്‍ക്കുമെന്നും പി വി അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
#keralapolitics #pvanvar #shaungeorge #corruption #india #controversy #news