Crime | നൊമ്പരമായി 628307 രജിസ്റ്റർ നമ്പർ; എസ്എസ്എൽസി പരീക്ഷയെഴുതാൻ ഷഹബാസ് ഇല്ല; കനത്ത പ്രതിഷേധങ്ങൾക്കിടയിൽ കുറ്റാരോപിതർക്ക് ജുവനൈൽ ഹോമിൽ തന്നെ പത്താം ക്ലാസ് പരീക്ഷ


● ജുവനൈൽ ഹോമിന് പുറത്ത് വിവിധ സംഘടനകളുടെ പ്രതിഷേധം.
● ജുവനൈൽ ഹോമിന് പുറത്ത് കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തി.
● പ്രധാന പ്രതിയുടെ പിതാവിന് ക്വട്ടേഷൻ ബന്ധങ്ങളുണ്ടെന്ന വിവരങ്ങൾ പുറത്തുവന്നു.
കോഴിക്കോട്: (KVARTHA) സഹപാഠികളുടെ ക്രൂരമായ ആക്രമണത്തിൽ മരണപ്പെട്ട എളേറ്റിൽ എം ജെ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥി മുഹമ്മദ് ഷഹബാസ് ഇല്ലാതെയാണ് ഇത്തവണത്തെ എസ്എസ്എൽസി പരീക്ഷകൾ നടക്കുന്നത്. തിങ്കളാഴ്ച എസ്എസ്എൽസി പരീക്ഷ ആരംഭിച്ചപ്പോൾ ഷഹബാസിന്റെ രജിസ്റ്റർ നമ്പർ 628307 രേഖപ്പെടുത്തിയ ഡെസ്കിന്റെ കാഴ്ച നെഞ്ചിലെ കനലായി മാറുകയാണ്.
അതേസമയം, ഷഹബാസിന്റെ മരണത്തിൽ ആരോപണവിധേയരായ അഞ്ച് വിദ്യാർഥികൾക്ക് കനത്ത പൊലീസ് സുരക്ഷയിൽ ജുവനൈൽ ഹോമിൽ തന്നെ പത്താം ക്ലാസ് പരീക്ഷ എഴുതുകയാണ്. വെള്ളിമാടുക്കുന്ന് ജുവനൈൽ ഹോമിൽ പരീക്ഷ എഴുതുന്നതിനായി വിദ്യാർത്ഥികളെ എത്തിച്ചതോടെ യൂത്ത് കോൺഗ്രസ്, കെ.എസ്.യു, എം.എസ്.എഫ് തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധമാണ് ഉയർന്നത്.
പ്രതിഷേധം ശക്തമായതോടെ ജുവനൈൽ ഹോമിന് പുറത്ത് കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. എം.എസ്.എഫ്, കെ.എസ്.യു പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. വിദ്യാർഥികളെ ജുവൈനൽ ഹോമിൻ്റെ അടുത്തുള്ള സ്കൂളുകളിൽ കുട്ടികളെ പരീക്ഷ എഴുതിക്കാനായിരുന്നു നേരത്തെ ആലോചിച്ചിരുന്നത്. എന്നാൽ പ്രതിഷേധം കനത്തതോടെ അധികൃതർ തീരുമാനം മാറ്റുകയായിരുന്നു.
എളേറ്റിൽ എം.ജെ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയായ ഷഹബാസ്, താമരശ്ശേരി ജി.വി.എച്ച്.എസ്.എസിലെ ഒരു കൂട്ടം വിദ്യാർത്ഥികളുടെ ആക്രമണത്തിൽ പരിക്കേറ്റ് ശനിയാഴ്ച പുലർച്ചെയാണ് മരിച്ചത്. താമരശ്ശേരിയിലെ ട്യൂഷൻ സെൻ്ററായ ട്രിസ് ഇൻസ്റ്റിറ്റ്യൂട്ടിലെ യാത്രയയപ്പ് പാർട്ടിക്കിടെ ഉണ്ടായ സംഘർഷമാണ് ആക്രമണത്തിൽ കലാശിച്ചത്.
തുടർന്ന് അഞ്ച് വിദ്യാർഥികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് അഞ്ച് വിദ്യാർഥികൾക്കും കോഴിക്കോട് ജുവനൈൽ ജസ്റ്റിസ് ബോർഡ് ജാമ്യം നിഷേധിക്കുകയും മാർച്ച് 15 വരെ വെള്ളിമാടുകുന്നിലെ കേന്ദ്രത്തിലേക്ക് മാറ്റാൻ ഉത്തരവിടുകയും ചെയ്തു. എന്നിരുന്നാലും, പൊലീസ് അകമ്പടിയോടെ എസ്.എസ്.എൽ.സി പരീക്ഷ എഴുതാൻ അനുമതി നൽകിയിരുന്നു. ഹാൾ ടിക്കറ്റുകളും മറ്റ് പരീക്ഷാ വിവരങ്ങളും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
ഷഹബാസിൻ്റെ മരണം സംബന്ധിച്ച് നിർണായക വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്രധാന പ്രതിയുടെ പിതാവിന് ക്വട്ടേഷൻ, രാഷ്ട്രീയ ബന്ധങ്ങളുണ്ടെന്ന വിവരമാണ് പുറത്തുവന്നിട്ടുള്ളത്. പ്രധാന പ്രതിയുടെ പിതാവ് ടിപി വധക്കേസ് പ്രതി ടികെ രജീഷിനൊപ്പം നിൽക്കുന്ന ചിത്രം പുറത്തുവന്നിട്ടുണ്ട്. ഇയാൾ സ്വർണക്കടത്ത്, ക്വട്ടേഷൻ കേസുകളിൽ പ്രതിയാണ്. ആക്രമണ സമയം ഇയാൾ സ്ഥലത്ത് ഉണ്ടായിരുന്നതായി ഷഹബാസിൻറെ പിതാവ് പറഞ്ഞു. ഷഹബാസിനെ ആക്രമിക്കാൻ ഉപയോഗിച്ച നഞ്ചക്ക് കിട്ടിയതും ഇയാളുടെ വീട്ടിൽ നിന്നാണ്.
പ്രതികളുടെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് പ്രധാന പ്രതിയുടെ വീട്ടിൽ നിന്ന് ഷഹബാസിനെ അടിക്കാൻ ഉപയോഗിച്ച ആയുധം ലഭിച്ചത്. ഡിജിറ്റൽ തെളിവുകളായ മൊബൈൽ ഫോൺ, ലാപ്ടോപ്പ് എന്നിവയും പിടിച്ചെടുത്തു. റിമാൻഡിലായ അഞ്ച് വിദ്യാർത്ഥികളുടെയും വീട്ടിൽ ഒരേ സമയമാണ് പോലീസ് പരിശോധന നടത്തിയത്. തലയോട്ടി തകർന്നാണ് ഷഹബാസിൻറെ മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. കുട്ടികൾ മാത്രമല്ല, മുതിർന്നവരുൾപ്പെടെയുള്ളവരാണ് ഷഹബാസിനെ ആക്രമിച്ചതെന്ന് പിതാവ് ഇക്ബാൽ പറഞ്ഞു. അഞ്ച് പേരെ മാത്രമാണ് ഇപ്പോൾ കസ്റ്റഡിയിലെടുത്തിട്ടുള്ളത്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Shahabas, a student from Elathur, passed away due to a violent attack. The accused are writing SSLC exams at Juvenile Home amid strong protests.
#Shahabas #SSLC #JuvenileHome #CrimeNews #Protests #MalayalamNews