പോലീസ് പരിശോധനയ്ക്കിടെ പുഴയിൽ ചാടി; കാപ്പ പ്രതിക്കായുള്ള തെരച്ചിൽ ഊർജിതമാക്കി


● പോലീസിനെ ആക്രമിച്ച കേസുകളിലും പ്രതിയാണ്.
● രണ്ട് സുഹൃത്തുക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു.
● ബാരാപോൾ, പേരട്ട പുഴകൾ സംഗമിക്കുന്ന ഇടമാണ് അപകടകരമായത്.
● വാഹനത്തിൽ നിയമവിരുദ്ധമായ വസ്തുക്കൾ കണ്ടെത്താനായിട്ടില്ല.
കണ്ണൂർ: (KVARTHA) കൂട്ടുപുഴ ചെക്ക്‌പോസ്റ്റിൽ പോലീസിൻ്റെ വാഹന പരിശോധനയ്ക്കിടെ പുഴയിൽ ചാടി കാണാതായ കാപ്പ കേസിലെ പ്രതിക്കായുള്ള തെരച്ചിൽ ഊർജിതമാക്കി. കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് പുഴയിൽ ചാടിയ ചക്കരക്കൽ, പൊതുവാച്ചേരി സ്വദേശി റഹീമിനായാണ് തിരച്ചിൽ തുടരുന്നത്.

ശനിയാഴ്ച രാവിലെ ഏഴ് മണി മുതൽ ഇരിട്ടി അഗ്നിരക്ഷാസേന, വള്ളിത്തോട് ഒരുമ റെസ്ക്യൂ ടീം, ഇരിട്ടി പോലീസ് എന്നിവരുടെ നേതൃത്വത്തിലാണ് തെരച്ചിൽ നടക്കുന്നത്.
കേരള-കർണാടക അതിർത്തിയായ കൂട്ടുപുഴ പോലീസ് ചെക്ക്‌പോസ്റ്റിൽ വാഹന പരിശോധന നടത്തുന്നതിനിടെയാണ് റഹീം പുഴയിലേക്ക് ചാടിയത്. കാപ്പ കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ നിലവിൽ വാറണ്ടുമുണ്ട്. പോലീസ് പിടികൂടുമെന്ന ഭയത്താലാണ് റഹീം പുഴയിൽ ചാടിയതെന്ന് പോലീസ് പറഞ്ഞു.
റഹീമിനൊപ്പം വാഹനത്തിലുണ്ടായിരുന്ന ചെറുവാഞ്ചേരി സ്വദേശി ഹാരിസ്, കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപത്തുള്ള നിതിൻ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. കർണാടകയിൽനിന്ന് കേരളത്തിലേക്ക് വരികയായിരുന്ന ഇന്നോവ ക്രിസ്റ്റ കാറിലായിരുന്നു ഇവർ.
വാഹനം നിർത്തി പുറത്തിറങ്ങിയ റഹീം ചെക്ക്‌പോസ്റ്റിനടുത്തുള്ള ഊടുവഴിയിലൂടെ ഓടി പുഴയിലേക്ക് ചാടുകയായിരുന്നു. പുഴയിലെ വള്ളിയിൽ പിടിച്ച് അൽപനേരംനിന്നെങ്കിലും പിന്നീട് പിടിവിട്ട് ഒഴുകിപ്പോവുകയായിരുന്നു.
കുത്തൊഴുക്കുള്ള പുഴയിൽ വീണ റഹീമിനെ 100 മീറ്റർ താഴെയുണ്ടായിരുന്ന കച്ചേരിക്കടവ് പാലത്തിനു സമീപംവരെ പ്രദേശവാസികൾ കണ്ടിരുന്നു. പുഴയിൽ മീൻ പിടിച്ചുകൊണ്ടിരുന്നവരാണ് റഹീമിൻ്റെ സഹായത്തിനായുള്ള നിലവിളി കേട്ട് എത്തിയത്.
പക്ഷേ, അവർ എത്തിയപ്പോഴേക്കും റഹീം പാലത്തിനടിയിലൂടെ ഒഴുകിപ്പോയിരുന്നു. ബാരാപോൾ, പേരട്ട പുഴകൾ സംഗമിക്കുന്ന കൂട്ടുപുഴയിൽ ശക്തമായ അടിയൊഴുക്കും കയങ്ങളുമുണ്ട്. സാധാരണയായി പുഴയിൽ വെള്ളം ഉയർന്നാൽ പ്രദേശവാസികൾപോലും പുഴയിലിറങ്ങാറില്ല.
പോലീസിനെ ആക്രമിച്ച കേസിലുൾപ്പെടെ സ്ഥിരം കുറ്റവാളിയാണ് റഹീം. വാഹനത്തിൽനിന്ന് മയക്കുമരുന്നോ മറ്റ് നിയമവിരുദ്ധമായ വസ്തുക്കളോ കണ്ടെത്തിയിട്ടില്ല. കാണാതായ റഹീമിൻ്റെ പേരിൽ നിരവധി കേസുകൾ നിലവിലുണ്ട്.
തന്നടയിലെ വീട്ടിൽ മയക്കുമരുന്ന് കണ്ടെത്താൻ റെയ്ഡിനെത്തിയ ചക്കരക്കൽ പോലീസ് സംഘത്തെ റഹീം ആക്രമിച്ചിരുന്നു. ഇയാൾ ഉൾപ്പെടെ മൂന്ന് പ്രതികളും എൻ.ഡി.പി.എസ്. കേസുകളിലെ പ്രതികളാണ്.
കാപ്പ ചുമത്തി കോഴിക്കോട് ജില്ലയിൽനിന്ന് പുറത്താക്കിയ ഗുണ്ടയാണ് നിതിൻ. ഇയാളും പോലീസിനെ ആക്രമിച്ച കേസിലെ പ്രതിയാണ്. ഹാരിസിൻ്റെ പേരിൽ കഞ്ചാവ് കൈവശം വെച്ചതിനും കളവുകേസിനും കേസുണ്ട്. ഇവർ സഞ്ചരിച്ച കാർ പോലീസ് കസ്റ്റഡിയിലെടുത്ത് ഇരിട്ടി സ്റ്റേഷനിലേക്ക് മാറ്റി.
ഈ വിഷയത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ എന്താണ്? കൂടുതൽ ആളുകളിലേക്ക് ഈ വാർത്തയെത്താൻ ഷെയർ ചെയ്യൂ.
Article Summary: Search continues for a suspect in a KAPA case who jumped into a river.
#Kannur #KeralaCrime #KAPACase #PoliceSearch #Kuttupuzha #CrimeNews