Crime | പാതിവില തട്ടിപ്പ് കേസിൽ സായിഗ്രാം ട്രസ്റ്റ് ചെയർമാൻ കെ എൻ ആനന്ദകുമാർ കസ്റ്റഡിയിൽ; ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി

 
K N Anandkumar arrested in the half-price scam.
K N Anandkumar arrested in the half-price scam.

Photo: Website/ Malayalam Film TV Chamber

● ആനന്ദകുമാറിൻ്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി.
● ആനന്ദകുമാറിൻ്റെ കീഴിലുള്ള സ്ഥാപനങ്ങൾ വഴിയാണ് പാതിവില തട്ടിപ്പ് നടന്നതെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ.
● എറണാകുളം സെൻട്രൽ ക്രൈംബ്രാഞ്ച് എസ്‌പി എം.ജെ. സോജൻ്റെ നേതൃത്വത്തിലാണ് അന്വേഷണം.

തിരുവനന്തപുരം: (KVARTHA) പാതിവില തട്ടിപ്പ് കേസിൽ സായിഗ്രാം ട്രസ്റ്റ് ചെയർമാനും മുഖ്യപ്രതികളിലൊരാളുമായ കെ.എൻ. ആനന്ദകുമാറിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ക്രൈംബ്രാഞ്ച് വീട്ടിലെത്തി കസ്റ്റഡിയിലെടുത്തത്. പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആനന്ദകുമാറിനെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. 

കണ്ണൂർ സിറ്റി പോലീസ് രജിസ്റ്റർചെയ്ത കേസിൽ ആനന്ദകുമാർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. തിങ്കളാഴ്ച ജാമ്യാപേക്ഷ പരിഗണിച്ച തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ, പാതിവില തട്ടിപ്പുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ട്രസ്റ്റിലേക്കാണ് പണം എത്തിയതെന്നും ഒരു രൂപ പോലും താൻ എടുത്തിട്ടില്ലെന്നുമായിരുന്നു ആനന്ദകുമാർ വാദിച്ചത്. 

എന്നാൽ, തട്ടിപ്പിനെക്കുറിച്ച് ആനന്ദകുമാറിന് മുൻകൂട്ടി അറിവുണ്ടായിരുന്നുവെന്നാണ് പൊലീസ് കോടതിയിൽ വാദിച്ചത്. പൊലീസ് റിപ്പോർട്ട് സമർപ്പിക്കാത്തതിനെ തുടർന്ന് പലതവണ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ച ശേഷം, റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെയാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത ശേഷം ജവഹർ നഗറിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ വെച്ചാണ് ആനന്ദകുമാറിന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. 

തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആലപ്പുഴയിലേക്ക് അദ്ദേഹത്തെ കൊണ്ടുപോകുമെന്നാണ് വിവരം. ദേശീയ എൻജിഒ കോൺഫെഡറേഷന്റെ ദേശീയ ചെയർമാനായ ആനന്ദകുമാറിൻ്റെ കീഴിലുള്ള സ്ഥാപനങ്ങൾ വഴിയാണ് പാതിവില തട്ടിപ്പ് നടന്നതെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. എറണാകുളം സെൻട്രൽ ക്രൈംബ്രാഞ്ച് എസ്‌പി എം.ജെ. സോജൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഏത് കേസിൽ ആദ്യം അറസ്റ്റ് രേഖപ്പെടുത്തുമെന്ന കാര്യത്തിൽ ക്രൈംബ്രാഞ്ച് തീരുമാനമെടുത്തിട്ടില്ല.


ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.


K N Anandkumar, chairman of SaiGram Trust, has been arrested in connection with a half-price scam. He was taken into custody after his bail was denied, and later hospitalized due to health issues.

#KNAanandkumar #CrimeNews #KeralaNews #ScamInvestigation #Arrest #SaiGramTrustNews 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia