Investigation | കളിയിക്കാവിളയിൽ ക്വാറി ഉടമയുടെ കൊലപാതകം; കുപ്രസിദ്ധ ഗുണ്ട പൊലീസ് പിടിയിൽ
തിരുവനന്തപുരം: (KVARTHA) കേരള-തമിഴ്നാട് അതിർത്തിയായ കളിയ്ക്കാവിളയ്ക്ക് സമീപം ഒറ്റാമരത്ത് ക്രഷർ ഉടമയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് കുപ്രസിദ്ധ ഗുണ്ട പൊലീസ് പിടിയിൽ. അമ്പിളി എന്ന ചൂഴാറ്റുകോട്ട അമ്പിളിയാണ് പിടിയിലായത്. ഇയാൾ മറ്റ് രണ്ട് കൊലപാതക കേസുകളിലും ഉൾപ്പെട്ടിട്ടുണ്ടെന്നും ഒരിക്കൽ ക്വട്ടേഷൻ സംഘത്തിൻ്റെ തലവനായിരുന്നുവെന്നുമാണ് സൂചന. മാർത്താണ്ഡം സ്റ്റേഷനിലുള്ള അമ്പിളിയെ തമിഴ്നാട് പൊലീസ് ചോദ്യം ചെയ്യുകയാണ്.
മലയിന്‍കീഴ് സ്വദേശി ദീപു (46) വിനെയാണ് കാറിനുള്ളില്‍ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മണ്ണുമാന്തി യന്ത്രം വാങ്ങാൻ 10 ലക്ഷം രൂപയുമായി തമിഴ്നാട്ടിലെ പൊള്ളാച്ചിയിലേക്കു സ്വന്തം കാറിൽ പോയതായിരുന്നു. ചൊവ്വാഴ്ച രാത്രി 12 മണിയോടെ പ്രദേശവാസികളാണ് മഹേന്ദ്ര എസ് യു വി കാറിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
മൃതദേഹം നാഗർകോവിൽ ആശാരിപള്ളം മെഡികൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. പൊള്ളാച്ചിയിലും കോയമ്പത്തൂരിലും പോയി മണ്ണുമാന്തിയന്ത്രം വാങ്ങി വീടിനു സമീപത്തെ വർക് ഷോപ്പിൽ അറ്റകുറ്റപ്പണി നടത്തി മറിച്ചുവില്‍ക്കുന്ന ജോലിയും ദീപു ചെയ്തിരുന്നു. സംഭവസ്ഥലത്ത് വഴിയരികില്‍ നിർത്തിയിട്ടിരുന്ന കാറില്‍നിന്ന് ഒരാള്‍ ഇറങ്ങിപ്പോകുന്ന സിസിടിവി ദൃശ്യം ലഭിച്ചതാണ് അന്വേഷണത്തിൽ നിർണായകമായത്.