Arrested | ആദ്യം പിതാവ്, പിന്നെ മകൻ, ഇപ്പോൾ മറ്റൊരു മകനും! പ്രജ്വൽ രേവണ്ണയ്ക്ക് പിന്നാലെ സഹോദരനും പീഡനക്കേസിൽ അറസ്റ്റിൽ; ഇത്തവണ 'പ്രകൃതിവിരുദ്ധ പീഡനം, ഇരയായത് ജെഡിഎസ് പ്രവർത്തകൻ'


ബെംഗ്ളുറു: (KVARTHA) പാർട്ടി പ്രവർത്തകനായ യുവാവിനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ ജെഡിഎസ് നേതാവും കർണാടക നിയമസഭാ കൗൺസിൽ അംഗവുമായ (MLC) സൂരജ് രേവണ്ണ അറസ്റ്റിൽ. നിരവധി സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായ മുൻ എംപി പ്രജ്വൽ രേവണ്ണയുടെ സഹോദരനാണ് സൂരജ്. ഹാസനിലെ സിഇഎൻ പൊലീസ് സ്റ്റേഷനിൽ മണിക്കൂറുകളോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്.
ജൂൺ 16ന് ഹോളനരസിപുര താലൂക്കിലെ ഗന്നിക്കടയിലുള്ള ഫാം ഹൗസിൽ വെച്ച് സൂരജ് രേവണ്ണ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് 27 കാരനായ പാർട്ടി പ്രവർത്തകൻ ആരോപിക്കുന്നത്. സൂരജ് രേവണ്ണയ്‌ക്കെതിരെ ഐപിസി 377 (പ്രകൃതിവിരുദ്ധ ലൈംഗികത), 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
അതേസമയം മുൻ പ്രധാനമന്ത്രി എച്ച്‌ഡി ദേവഗൗഡയുടെ ചെറുമകനും കേന്ദ്രമന്ത്രി എച്ച്‌ഡി കുമാരസ്വാമിയുടെ അനന്തരവനുമായ രേവണ്ണ (37) ആരോപണം നിഷേധിച്ചു. തന്നിൽ നിന്ന് അഞ്ച് കോടി രൂപ തട്ടിയെടുക്കാനാണ് യുവാവ് വ്യാജ പരാതി നൽകിയതെന്നും സൂരജ് ആരോപിച്ചിരുന്നു.
രേവണ്ണയുടെ ഇളയ സഹോദരൻ പ്രജ്വൽ രേവണ്ണ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. പ്രജ്വൽ രേവണ്ണയുമായി ബന്ധപ്പെട്ട ലൈംഗിക വീഡിയോകളുടെ പേരിൽ തട്ടിക്കൊണ്ടുപോകൽ കേസിൽ പിതാവും ജെഡിഎസ് എംഎൽഎയുമായ എച്ച്ഡി രേവണ്ണയെ കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തിരുന്നു. ഇദ്ദേഹം ഇപ്പോൾ ജാമ്യത്തിലാണ്.