Gold Seized | കസ്റ്റംസ് പരിശോധനയിൽ കുടുങ്ങിയില്ല; വിമാനത്താവളത്തിൽ നിന്ന് 'കൂളായി' പുറത്തിറങ്ങിയ യുവാവിൽ നിന്ന് സ്വർണം പിടികൂടി പൊലീസ്


മട്ടന്നൂർ: (KVARTHA) കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണം പൊലീസ് നടത്തിയ റെയ്ഡിൽ പിടികൂടി. ദോഹയിൽ നിന്ന് വെള്ളിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ കോഴിക്കോട്ടെ ടി ടി ജംഷീർ (38) എന്നയാളിൽ നിന്നാണ് സ്വർണം പിടികൂടിയത്.
വിമാനത്താവളത്തിലെ പരിശോധനക്ക് ശേഷം പുറത്തിറങ്ങിയ ഇയാളെ സംശയം തോന്നിയതിനെ തുടർന്ന് എയർപോർട്ട് പൊലീസും സ്‌ക്വാഡും ചേർന്ന് മട്ടന്നൂർ കൂത്തുപറമ്പ് റോഡിൽ വെച്ച് പിടികൂടുകയായിരുന്നു. പരിശോധനയിൽ നാല് ക്യാപ്സ്യൂൾ രൂപത്തിലുള്ള സ്വർണ മിശ്രിതം കണ്ടെടുത്തു. സ്വർണമിശ്രിതത്തിന് ഏകദേശം 1123 ഗ്രാം തൂക്കം വരുമെന്ന് പൊലിസ് അറിയിച്ചു
കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ അജിത് കുമാറിന്റെ നേതൃത്വത്തിൽ ശക്തമായ പോലീസ് പരിശോധനയാണ് എയർപോർട്ടും പരിസരത്തും നടത്തിവരുന്നത്. വരും ദിവസങ്ങളിലും റെയ്ഡ് ശക്തമാക്കുമെന്ന് പൊലീസ് അറിയിച്ചു.