Allegation | യുവ ഡോക്ടറെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായ പൊലീസുകാരൻ മംഗ്ളൂരിലോ? നിർണായക വിവരം
● ബലാല്‍സംഗം, വഞ്ചന, ദേഹോപദ്രവം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
● വിവാഹിതനായ പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയുടെ വീട് കർണാടകയിലെ ഹസനിലാണ്. ഈ ഭാഗത്ത് എവിടെയെങ്കിലും പ്രതി ഉണ്ടാകുമെന്നാണ് സൂചന.
തിരുവനന്തപുരം: (KVARTHA) യുവ ഡോക്ടറെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായ സിറ്റി എ.ആർ ക്യാമ്പിലെ സിവിൽ പൊലീസ് ഓഫിസർ വിജയ് യശോദരൻ മംഗളൂരുവിലേക്ക് രക്ഷപ്പെട്ടതായി സൂചന. മൊബൈൽ ടവർ ലൊക്കേഷൻ അടിസ്ഥാനമാക്കി നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. സിറ്റി പൊലീസ് കമ്മിഷണർ എസ്. സ്പർജൻ കുമാറിന്റെ നേതൃത്വത്തിലുള്ള ഒരു പ്രത്യേക അന്വേഷണ സംഘം മംഗളൂരുവിലേക്ക് പുറപ്പെട്ടിരിക്കുകയാണ്.
പരാതിയിൽ സിറ്റി എ.ആർ ക്യാമ്പിലെ സിവിൽ പൊലീസ് ഓഫിസർ വിജയ് യശോദരനെതിരെ തമ്പാനൂർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതി പല തവണ തന്നെ പീഡിപ്പിച്ചുവെന്നും പണവും സ്വർണവും കൈക്കലാക്കിയെന്നുമാണ് കേസ്. ബലാല്‍സംഗം, വഞ്ചന, ദേഹോപദ്രവം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
വിവാഹിതനായ പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയുടെ വീട് കർണാടകയിലെ ഹസനിലാണ്. ഈ ഭാഗത്ത് എവിടെയെങ്കിലും പ്രതി ഉണ്ടാകുമെന്നാണ് സൂചന. പരാതി ലഭിച്ച ഉടൻ തന്നെ പൊലീസ് ഉദ്യോഗസ്ഥൻ അവധിയെടുത്ത് മുങ്ങുകയായിരുന്നു. ഡോക്ടർ പരാതി നൽകി മിനിറ്റുകള്‍ക്കകം സ്റ്റേഷനില്‍നിന്ന് വിവരം ചോർന്നതോടെയാണ് ഇയാൾ ഒളിവില്‍പോയതെന്നാണ് ആരോപണം.
അതേസമയം, തമ്പാനൂർ സ്റ്റേഷനില്‍ നിന്ന് പ്രതിക്ക് സഹായം ലഭിച്ചതായി ആരോപണം ഉയർന്നിട്ടുണ്ട്. അന്വേഷണ സംഘം എത്തുന്നതിന് മുമ്പ് ടവർ ലൊക്കേഷൻ തിരിച്ചറിഞ്ഞത് സംബന്ധിച്ച വിവരം പ്രതിയെ അറിയിച്ച് രക്ഷപ്പെടാൻ സഹായിച്ചതായും ആക്ഷേപമുണ്ട്. ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ടതാണെന്ന കാരണത്താല്‍ പരാതിക്കാരിയെ മോശക്കാരിയായി ചിത്രീകരിച്ച് ഹണിട്രാപ് കേസാക്കാനുള്ള ശ്രമം നടക്കുന്നതായും ആരോപിക്കപ്പെടുന്നു.
#PoliceOfficer #Mangalore #Assault #Investigation #KeralaNews #PublicSafety