Investigation | ഹണി റോസിന്റെ പരാതി: ബോബി ചെമ്മണ്ണൂരിനെതിരായ കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം; അറസ്റ്റിന് നീക്കം; മാപ്പ് പറയാൻ തയ്യാറെന്ന് പ്രതികരണം
![Actress Honey Rose and Businessman Bobby Chemmanur.](https://www.kvartha.com/static/c1e/client/115656/uploaded/31031c473646d4d2bf94966bc6ec2f7d.webp?width=730&height=420&resizemode=4)
![Actress Honey Rose and Businessman Bobby Chemmanur.](https://www.kvartha.com/static/c1e/client/115656/uploaded/31031c473646d4d2bf94966bc6ec2f7d.webp?width=730&height=420&resizemode=4)
● സ്ത്രീത്വത്തെ അപമാനിച്ചെന്ന് പരാതി
● ലൈംഗിക ചുവയുള്ള പരാമർശങ്ങൾ നടത്തിയെന്നും പരാതിയിൽ
● അശ്ലീല കമന്റുകൾ പോസ്റ്റ് ചെയ്തവർക്കെതിരെയും ശക്തമായ നടപടി
കൊച്ചി: (KVARTHA) നടി ഹണി റോസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ രജിസ്റ്റർ ചെയ്ത കേസ് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. സെൻട്രൽ എസിപി ജയകുമാറിൻ്റെ മേൽനോട്ടത്തിൽ രൂപവത്കരിച്ച പത്തംഗ സംഘത്തിൽ മൂന്ന് വനിതാ ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. ബോബി ചെമ്മണ്ണൂർ ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കിൽ അറസ്റ്റ് ഉൾപ്പെടെയുള്ള കർശന നടപടികളിലേക്ക് പൊലീസ് നീങ്ങുമെന്നാണ് സൂചന.
കഴിഞ്ഞ ദിവസമാണ് ബോബി ചെമ്മണ്ണൂരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഹണി റോസ് എറണാകുളം സെൻട്രൽ പോലീസിൽ പരാതി നൽകിയത്. സ്ത്രീത്വത്തെ അപമാനിച്ചെന്നും ലൈംഗിക ചുവയുള്ള പരാമർശങ്ങൾ നടത്തിയെന്നും പരാതിയിൽ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ബിഎൻഎസ് സെക്ഷൻ 75(1)(4) പ്രകാരവും ഐടി ആക്റ്റിലെ 67-ാം വകുപ്പും പ്രകാരവും ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്തു.
തന്റെ പരാതിക്ക് ശേഷം ഹണി റോസ് ഫേസ്ബുക്കിൽ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. 'ബോബി ചെമ്മണ്ണൂർ, താങ്കൾ എനിക്കെതിരെ തുടർച്ചയായി നടത്തിയ അശ്ലീല അധിക്ഷേപങ്ങൾക്കെതിരെ ഞാൻ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ പരാതി കൊടുത്തിട്ടുണ്ട്. താങ്കളുടെ തന്നെ മാനസികനിലയുള്ള താങ്കളുടെ കൂട്ടാളികൾക്കെതിരെയുള്ള പരാതികൾ പുറകെ ഉണ്ടാവും. താങ്കൾ താങ്കളുടെ പണത്തിൻന്റെ ഹുങ്കിൽ വിശ്വസിക്കൂ, ഞാൻ ഭാരതത്തിലെ നിയമവ്യവസ്ഥയുടെ ശക്തിയിൽ വിശ്വസിക്കുന്നു', എന്നായിരുന്നു നടിയുടെ പ്രതികരണം.
അതേസമയം, ഹണി റോസിനെതിരായ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂർ രംഗത്തെത്തി. തൻ്റെ പരാമർശം ആർക്കെങ്കിലും വിഷമമുണ്ടാക്കിയിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ഹണി റോസിനെ മോശമായി ചിത്രീകരിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തമാശ രൂപേണ പറഞ്ഞ വാക്കുകൾ ഹണിക്ക് വിഷമമുണ്ടാക്കിയെങ്കിൽ മാപ്പ് പറയാൻ തയ്യാറാണെന്നും ബോബി ചെമ്മണ്ണൂർ കൂട്ടിച്ചേർത്തു.
നടി തന്റെ കടയുടെ ഉദ്ഘാടനത്തിന് അതിഥിയായി വന്നപ്പോൾ തമാശരൂപേണയാണ് താൻ പരാമർശം നടത്തിയതെന്ന് ബോബി പറഞ്ഞു. സംഭവം നടന്നിട്ട് മാസങ്ങളായി, അന്ന് അവർ ഒരു പ്രശ്നവും ഉന്നയിച്ചിരുന്നില്ല. മറ്റ് അവസരങ്ങളിലും ഞാൻ അവരുമായി തമാശ പറഞ്ഞിട്ടുണ്ട്. ആരുടെയും മനസ്സ് വേദനിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നില്ല ആ കമന്റുകൾ. സംഭവത്തിൽ താൻ നിയമോപദേശം തേടിയെന്നും ഏതെങ്കിലും വ്യക്തിയെ ഒരു പുരാണ കഥാപാത്രവുമായി താരതമ്യം ചെയ്യുന്നതിന് കേസ് രജിസ്റ്റർ ചെയ്യാൻ വ്യവസ്ഥയില്ലെന്ന് ഒരു അഭിഭാഷകൻ പറഞ്ഞതായും ബോബിയെ ഉദ്ധരിച്ച് ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്‌തു. .
കഴിഞ്ഞ ഓഗസ്റ്റിൽ കണ്ണൂർ ജില്ലയിലെ ആലക്കോട് എന്ന സ്ഥലത്ത് ബോബി ചെമ്മണ്ണൂരിന്റെ ഒരു ജ്വല്ലറി ഉദ്ഘാടനത്തിന് ഹണി റോസ് അതിഥിയായി എത്തിയപ്പോഴാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് കേസ് ഉദ്ധരിച്ച് പൊലീസ് പറയുന്നത്. ഈ സംഭവത്തിന് ശേഷം വിവിധ വേദികളിൽ തനിക്ക് മോശം അനുഭവങ്ങൾ ഉണ്ടായതായും ഹണി റോസ് പരാതിയിൽ ആരോപിച്ചിട്ടുണ്ട്.
ഹണി റോസിനെതിരെ സോഷ്യൽ മീഡിയയിൽ അശ്ലീല കമന്റുകൾ പോസ്റ്റ് ചെയ്തവർക്കെതിരെയും പൊലീസ് ശക്തമായ നടപടിയെടുക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്യുകയും മറ്റ് പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കുകയും ചെയ്തിട്ടുണ്ട്. നടിയുടെ പോസ്റ്റിന് താഴെ പുതിയതായി ആക്ഷേപകരമായ കമന്റുകൾ പ്രത്യക്ഷപ്പെട്ടാൽ സ്വമേധയാ കേസെടുക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതുവരെ അശ്ലീല കമന്റുകൾ ഇട്ട 27 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യയുടെ നേതൃത്വത്തിൽ സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ശക്തമായി മുന്നോട്ട് പോകുകയാണ്. കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു. കേസിന്റെ ഗൗരവം കണക്കിലെടുത്ത് എല്ലാ വശങ്ങളും വിശദമായി അന്വേഷിക്കാനാണ് പൊലീസിന്റെ തീരുമാനം.
#HoneyRose #BobbyChemmanur #KeralaPolice #AssaultCase #Investigation #EntertainmentNews