Case Filed | 'വീട്ടുകാരറിയാതെ താക്കോൽ കൈക്കലാക്കി'; 14കാരൻ ഓടിച്ച കാർ കനാലിലേക്ക് മറിഞ്ഞ സംഭവത്തിൽ ആർസി ഓണറായ മാതാവിനെതിരെ പൊലീസ് കേസെടുത്തു


● കുട്ടികൾ കാർ ഓടിച്ചത് വീട്ടുകാർ അറിയാതെ സ്പെയർ താക്കോൽ ഉപയോഗിച്ച്.
● ബ്രേക്കിന് പകരം ആക്‌സിലേറ്റർ ചവിട്ടിയതാണ് അപകടകാരണം.
● വാഹന ഉടമക്കെതിരെ മോട്ടോർ വാഹന വകുപ്പും കേസെടുത്തു.
കണ്ണൂർ: (KVARTHA) മട്ടന്നൂരിനടുത്തെ കീഴല്ലൂരിൽ പതിനാലു വയസുകാരൻ ഓടിച്ച കാർ കനാലിലേക്ക് മറിഞ്ഞ സംഭവത്തിൽ വാഹന ഉടമക്കെതിരെ പൊലീസ് കേസെടുത്തു. വാഹനം ഓടിച്ച കുട്ടിയുടെ മാതാവിൻ്റെ പേരിലാണ് കേസെടുത്തിരിക്കുന്നത്. മാതാവിൻ്റെ പേരിലാണ് വാഹനത്തിൻ്റെ ആർ സി. വീട്ടുകാർ അറിയാതെ, സ്പെയർ താക്കോൽ കൈക്കലാക്കിയാണ് കുട്ടികൾ കാർ എടുത്തതെന്ന് പൊലീസ് വ്യക്തമാക്കി.
ബ്രേക്കിന് പകരം ആക്‌സിലേറ്റർ ചവിട്ടിയതാണ് അപകടകാരണം. മോട്ടോർ വാഹന വകുപ്പും കേസെടുത്തിട്ടുണ്ട്. ആർ സി ഓണർക്ക് അൻപതിരായിരം രൂപ വരെ പിഴ ചുമത്താവുന്ന കുറ്റമാണ് ഇതെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം പതിനാലുകാരൻ ഓടിച്ച കാർ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.
കാറിലുണ്ടായിരുന്ന നാല് കുട്ടികൾക്ക് പരിക്കേറ്റിരുന്നു. കീഴല്ലൂർ തെളുപ്പിലാണ് ശനിയാഴ്ച ഉച്ചയോടെ അപകടമുണ്ടായത്. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കുട്ടികളെ രക്ഷപ്പെടുത്തിയത്. ആരുടെയും പരിക്ക് സാരമുളളതല്ല. ബന്ധുവീട്ടിലെ കാർ ഓടിച്ചുവന്നതെന്നാണ് കുട്ടികൾ നാട്ടുകാരോട് പറഞ്ഞത്. എന്നാൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഘത്തിലുണ്ടായിരുന്ന ഒരു കുട്ടിയുടെ വീട്ടിലുണ്ടായിരുന്ന കാറാണെന്ന് വ്യക്തമായത്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
A 14-year-old boy caused an accident after driving his mother’s car into a canal. Police have filed a case against the vehicle owner (his mother).
#KannurNews #VehicleAccident #TeenDriver #PoliceCase #MalayalamNews #CarIntoCanal