Police Action | വാക്കത്തി വീശിയ പ്രതിയെ കുരുമുളക് സ്പ്രേ ഉപയോഗിച്ച് പിടികൂടി പൊലീസ്
● അടിമാലിയിലാണ് സംഭവം.
● ഏറെ നേരത്തെ മൽപ്പിടുത്തത്തിനൊടുവിലാണ് പ്രതി കീഴടങ്ങിയത്.
● അടിമാലി സി.ഐ പ്രിൻസ് ജോസഫിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
അടിമാലി: (KVARTHA) പൊലീസിന് നേരെ വാക്കത്തി വീശിയ പ്രതിയെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ കുരുമുളക് സ്പ്രേ ഉപയോഗിച്ച് പിടികൂടി. അടിമാലിയിലാണ് സംഭവം. അടിമാലി പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒഴുവത്തടത്ത് വെച്ച് ജോസഫ് മാത്യുവിനെ (30) വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതിയായ ജോമോനെയാണ് അടിമാലി സി.ഐ പ്രിൻസ് ജോസഫിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്.
പൊലീസ് എത്തിയതോടെ വാക്കത്തി എടുത്ത് കൊലവിളി നടത്തിയ പ്രതി കൂടുതല്‍ പൊലീസ് ഉണ്ടെന്ന് മനസിലാക്കി വനത്തിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ചു. പിന്നാലെ പോയ പൊലീസിന് നേരെ വാക്കാത്തി വീശിയതിനെ തുടർന്ന് കുരുമുളക് സ്പ്രേ ഉപയോഗിച്ച് പ്രതിയെ കീഴടക്കുകയായിരുന്നു. ഏറെ നേരത്തെ മൽപ്പിടുത്തത്തിനൊടുവിലാണ് പ്രതി കീഴടങ്ങിയത്.
വീട്ടിലെ വാഹനങ്ങൾ കേടുവരുത്തിയ സംഭവങ്ങളിലും സ്ത്രീകളെ ശല്യപ്പെടുത്തിയ സംഭവങ്ങളിലും ഇയാൾ പ്രതിയാണെന്നും വനം, എക്സൈസ് വകുപ്പുകളിലും ഇയാൾക്കെതിരെ കേസുകൾ ഉണ്ടെന്നും അടിമാലി പൊലീസ് പറഞ്ഞു. എസ്.ഐമാരായ അബ്ബാസ്, കെ.ഡി. മണിയൻ, സെബാസ്റ്റ്യൻ എന്നിവരടങ്ങിയ സംഘമായിരുന്നു പ്രതിയെ പിടികൂടിയത്.
#PoliceAction #PepperSpray #CrimeNews #LawEnforcement #Adimali #Arrest