പെരിയ ഇരട്ടക്കൊലപാതകത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ കല്ല്യോട്ട് ബലിക്കളത്ത് പൊലീസിനെ ആക്രമിച്ച കേസിൽ 7 കോൺഗ്രസ് പ്രവർത്തകർക്ക് കാസർകോട് കോടതി 4 വർഷം കഠിനതടവും പിഴയും വിധിച്ചു
ADVERTISEMENT
● കാസർകോട് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് (3) ജഡ്ജി അചിന്ത്യാ രാജ് ഉണ്ണിയാണ് ശിക്ഷ വിധിച്ചത്
● 2019 മേയ് 5-നാണ് കേസിനാസ്പദമായ അക്രമ സംഭവങ്ങൾ നടന്നത്
● കല്ല്യോട്ട് ബലിക്കളത്തിലെ സിപിഐഎം പ്രവർത്തകൻ വത്സരാജിന്റെ വീട് ആക്രമിക്കുകയും പൊലീസിനെ തടസ്സപ്പെടുത്തുകയും ചെയ്തു
● ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും വാഹനങ്ങളും വീടും അടിച്ചുതകർക്കുകയും ചെയ്തു
കാസർകോട്: (KasargodVartha) പെരിയ ഇരട്ടക്കൊലപാതകത്തിന് ശേഷം കല്ല്യോട്ടും പരിസരത്തും നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് പൊലീസിനെ ആക്രമിച്ച കേസിൽ ഏഴ് കോൺഗ്രസ് പ്രവർത്തകർക്ക് തടവും പിഴയും ശിക്ഷ. കാസർകോട് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് (3) ജഡ്ജി അചിന്ത്യാ രാജ് ഉണ്ണിയാണ് പ്രതികൾക്ക് നാല് വർഷം കഠിനതടവും 91,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ച് ഉത്തരവായത്.
വിചാരണ വേളയിൽ ഹാജരാകാത്ത മറ്റ് മൂന്ന് പ്രതികളുടെ കേസ് കോടതി പ്രത്യേകം പരിഗണിക്കുന്നതിനായി മാറ്റി (സ്പ്ലിറ്റ് അപ്പ്). പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവൺമെൻ്റ് പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർ പി സതീശൻ, അഡ്വ. കെ അമ്പിളി എന്നിവരാണ് കോടതിയിൽ ഹാജരായത്.
അക്രമം നടന്നത് 2019-ൽ
2019 മേയ് 5-ന് രാത്രി 11.50 മണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. കല്ല്യോട്ട് ബലിക്കളം എന്ന സ്ഥലത്ത് താമസിക്കുന്ന സിപിഐഎം പ്രവർത്തകനായ വത്സരാജിൻ്റെ വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതികൾ ജനൽചില്ലുകളും സിറ്റൗട്ടിലുണ്ടായിരുന്ന ഫൈബർ കസേരകളും അടിച്ചുതകർത്തു. മുറ്റത്തും പരിസരത്തും നിർത്തിയിട്ടിരുന്ന നാല് വാഹനങ്ങൾ വടികൊണ്ട് അടിച്ചും കല്ലെറിഞ്ഞും കേടുപാടുകൾ വരുത്തി. സംഭവമറിഞ്ഞെത്തിയ ബേക്കൽ പൊലീസ് സ്റ്റേഷൻ എസ്ഐ കെ പി ശ്രീഹരി, മറ്റ് പൊലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ ഔദ്യോഗിക കൃത്യനിർവഹണം പ്രതികൾ തടസ്സപ്പെടുത്തി.
തുടർന്ന് വത്സരാജിൻ്റെ വീട്ടിൽ പിക്കറ്റ് പോസ്റ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പൊലീസ് ഓഫീസർമാരായ സുരേശൻ, ശരത് കുമാർ എന്നിവരെ പ്രതികൾ ആക്രമിച്ച് പരിക്കേൽപ്പിച്ചു. എസ്ഐക്കൊപ്പം ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയർ സിവിൽ പൊലീസ് ഓഫീസർ പ്രദീപിനെ വാരിക്കഷണം കൊണ്ടടിച്ചും ശരത്തിനെ കസേര കൊണ്ട് അടിച്ചും പ്രതികൾ കുറ്റകരമായ നരഹത്യയ്ക്ക് ശ്രമിച്ചു.
അക്രമത്തിൽ 98,834 രൂപയുടെ നാശനഷ്ടമാണ് പ്രതികൾ വരുത്തിയത്. സംഭവത്തിൽ ബേക്കൽ എസ്ഐ ശ്രീഹരി കെ പി രജിസ്റ്റർ ചെയ്ത കേസിൽ അന്ന് സബ് ഇൻസ്പെക്ടറായിരുന്ന രാഘവൻ എൻ പിയാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.
ശിക്ഷിക്കപ്പെട്ട പ്രതികൾ
കേസിൽ 10 പ്രതികളാണ് ആകെയുണ്ടായിരുന്നത്. ഇതിൽ ഏഴ് പ്രതികൾക്കാണ് ഇപ്പോൾ ശിക്ഷ വിധിച്ചിരിക്കുന്നത്. എം കെ സതീശൻ (48, പിതാവ്: കേളു), എ കെ സനൽകുമാർ (24, പിതാവ്: ആണ്ടി), വിജിത്ത് എം (20, പിതാവ്: ബാലകൃഷ്ണൻ), വിവേക് ചന്ദ്രൻ (21, പിതാവ്: ചന്ദ്രൻ), കെ ചന്ദ്രൻ (48, പിതാവ്: കറുവൻ), എ ഗിരീഷ് (30, പിതാവ്: കേളു), എം രവി (38, പിതാവ്: കൊട്ടൻ) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 333-ാം വകുപ്പ് പ്രകാരം നാല് വർഷം കഠിനതടവും 50,000 രൂപ പിഴയും, 332-ാം വകുപ്പ് പ്രകാരം ഒരു വർഷം സാധാരണ തടവും 5,000 രൂപ പിഴയും, 147 പ്രകാരം ആറ് മാസം സാധാരണ തടവും 1,000 രൂപ പിഴയും, 148 പ്രകാരം ഒരു വർഷം സാധാരണ തടവും 10,000 രൂപ പിഴയും, 427 പ്രകാരം ഒരു വർഷം സാധാരണ തടവും 20,000 രൂപ പിഴയും, 448 പ്രകാരം 6 മാസം സാധാരണ തടവും 5,000 രൂപ പിഴയുമാണ് പ്രതികൾ ഒടുക്കേണ്ടത്.
കേസിൽ വിചാരണ വേളയിൽ ഹാജരാകാത്ത മറ്റ് പ്രതികളായ എം ഗോപകുമാർ (38, പിതാവ്: കുഞ്ഞിരാമൻ), ആനന്ദ് കൃഷ്ണൻ (22, പിതാവ്: മുരളി പി വി), അനീഷ് എം കുമാർ (36, പിതാവ്: ഗോപാലൻ) എന്നിവരുടെ കേസ് മാറ്റിവെച്ചു.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം
Article Summary: The Kasaragod Additional District & Sessions Court sentenced seven Congress workers to 4 years of rigorous imprisonment and a fine of Rs 91,000 each for attacking police and vandalizing a CPIM worker's house in Kallyott, Periya, on May 5, 2019.
#Kvartha #KasaragodNews #PeriyaCase #CourtVerdict #KeralaPolice #KeralaNews #MalayalamNews #CrimeNews #CPIM #Congress #AmmuNews
