Arrests | പോക്സോ വകുപ്പുകൾ മാത്രമല്ല നേരിടേണ്ടി വരിക! പത്തനംതിട്ടയിലെ പീഡന പരമ്പരയിൽ അറസ്റ്റിലായവർ 30 ആയി; സൂര്യനെല്ലി കേസിലേതിനേക്കാളും കൂടുതൽ പ്രതികൾ


● അറുപതിലധികം പേർ പീഡിപ്പിച്ചതായി പെൺകുട്ടിയുടെ മൊഴി
● '13 വയസുള്ളപ്പോൾ കൂട്ടുകാരനാണ് ആദ്യമായി പീഡിപ്പിച്ചത്'
● 'മൊബൈൽ ഫോണിലൂടെ അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ചു'
● പ്രതികളിൽ ഒരാൾ വിദേശത്താണ്
പത്തനംതിട്ട: (KVARTHA) കേരളത്തെ ഞെട്ടിച്ച പത്തനംതിട്ടയിലെ ലൈംഗിക പീഡന പരമ്പരയിൽ കൂടുതൽ അറസ്റ്റുകൾ രേഖപ്പെടുത്തി. അറുപതിലേറെ പേർ ലൈംഗികമായി പീഡിപ്പിച്ചെന്ന പെൺകുട്ടിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ നാല് പ്രതികളെ കൂടി അറസ്റ്റ് ചെയ്തതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മുപ്പതായി ഉയർന്നു. ശനിയാഴ്ച രാത്രിയിലും ഞായറാഴ്ച രാവിലുമായി പതിമൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ഇവരിൽ പത്തുപേരുടെ അറസ്റ്റ് രണ്ടു ഘട്ടമായി രേഖപ്പെടുത്തി. ബാക്കിയുള്ള മൂന്നു പേരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഡിഐജി അജിതാ ബീഗത്തിന്റെ മേൽനോട്ടത്തിൽ 25 ഉദ്യോഗസ്ഥർ അടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. പത്തനംതിട്ട ഡിവൈഎസ്പി എസ് നന്ദകുമാറാണ് അന്വേഷണ ഉദ്യോഗസ്ഥൻ. പെൺകുട്ടിയുടെ മൊഴി പ്രകാരം 64 പേരാണ് പീഡന കേസിൽ ഉൾപ്പെട്ടിരിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
പീഡിപ്പിച്ചവരുടെ പലരുടെയും പേരും ഫോൺ നമ്പറുകളും പെൺകുട്ടി സൂക്ഷിച്ചു വെച്ചിരുന്നു. ശനിയാഴ്ച മഹിളാ മന്ദിരത്തിൽ നിന്നും വനിതാ സ്റ്റേഷനിൽ എത്തിച്ച് പെൺകുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തി. അറസ്റ്റിലായവരിൽ പ്രായപൂർത്തിയാകാത്തവരും ഉൾപ്പെടുന്നു. പ്രതികളിൽ വിദേശത്തുള്ള ഒരാൾക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കുമെന്ന് പൊലീസ് അറിയിച്ചു. മുഴുവൻ പ്രതികളെയും രണ്ട് ദിവസത്തിനകം പിടികൂടാനുള്ള തീവ്ര ശ്രമത്തിലാണ് പൊലീസ്.
13 വയസുള്ളപ്പോൾ സഹപാഠിയായ സുബിൻ ആണ് ആദ്യമായി പീഡിപ്പിച്ചതെന്നാണ് മൊഴി. മൊബൈൽ ഫോണിലൂടെ അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ചുകൊടുത്ത് കുട്ടിയുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും കൈക്കലാക്കിയെന്നും വെളിപ്പെടുത്തി. പിന്നീട് കൂട്ടുകാർക്ക് കാഴ്‌ചവെച്ചതായും ഇവർ സംഘം ചേർന്ന് കൂട്ടബലാത്സംഗത്തിന് വിധേയയാക്കിയതായും മൊഴിയിൽ പറയുന്നു. ഇതുവരെ അറസ്റ്റിലായവരിൽ ഭൂരിഭാഗവും 30 വയസിന് താഴെയുള്ളവരാണ്.
അറസ്റ്റിലായവരിൽ ചിലർ മറ്റ് ക്രിമിനൽ കേസുകളിലും പ്രതികളാണ്. പത്തനംതിട്ട ജില്ലയുടെ വിവിധ ഇടങ്ങളിലും ജില്ലക്ക് പുറത്തും പീഡിപ്പിച്ചെന്നാണ് പെൺകുട്ടിയുടെ മൊഴി. ഒരു ദിവസം തന്നെ നാലുപേർ മാറി മാറി ഇരയാക്കിയെന്നുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്. പെൺകുട്ടിയുടെ നഗ്ന ദൃശ്യങ്ങൾ കാണിച്ചാണ് പലരും വിളിച്ചുവരുത്തി പീഡിപ്പിച്ചതെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പെൺകുട്ടി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ പൊലീസ് വിശദമായി പരിശോധിച്ചു വരികയാണ്.
ദളിത് പെൺകുട്ടിയാണ് പീഡനത്തിനിരയായത് എന്നതിനാൽ പോക്സോ വകുപ്പ് കൂടാതെ പട്ടികവിഭാഗങ്ങൾക്കെതിരായ അതിക്രമം തടയൽ നിയമത്തിലെ വകുപ്പുകളും ചേർത്തിട്ടുണ്ട്. സംഭവത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. കേരളത്തിൽ കോളിളക്കമുണ്ടാക്കിയ സൂര്യനെല്ലി കേസിലെ പ്രതികളെക്കാൾ കൂടുതലാണ് പത്തനംതിട്ട കേസിലെ പ്രതികളുടെ എണ്ണം.
1996-ൽ സൂര്യനെല്ലിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിപ്പട്ടികയിൽ 42 പേരായിരുന്നു. ഇടുക്കിയിലെ ഒൻപതാം ക്ലാസുകാരിയായിരുന്ന പെൺകുട്ടിയെ സ്നേഹം നടിച്ച് തട്ടിക്കൊണ്ടുപോകുകയും, തുടർന്നുള്ള 40 ദിവസം ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നായിരുന്നു അന്നത്തെ കേസ്. ഈ കേസിൽ പ്രതികളിലും ആരോപണവിധേയരിലും പെട്ടവരിൽ ചിലർ അറിയപ്പെടുന്നവരും ഉന്നതപദവികൾ വഹിക്കുന്നവരും ആയിരുന്നു.
#Pathanamthitta #Assault #POCSO #CrimeInKerala #JusticeForVictims #KeralaPolice