പാലക്കാട് ഡിപ്പോയ്ക്ക് സമീപത്തുനിന്ന് ജീവനക്കാർ നോക്കിനിൽക്കെ കെഎസ്ആർടിസി ബസ് കടത്തിക്കൊണ്ടുപോയ യുവാവ് 18 ദിവസത്തിന് ശേഷം പോലീസിൻ്റെ പിടിയിലായി
ADVERTISEMENT
● ബസിന് പുറമെ അതേ ദിവസം ഒരു മിനിലോറിയും ഇയാൾ മോഷ്ടിച്ചിരുന്നു.
● മോഷണം, അടിപിടി, ലഹരിക്കടത്ത് അടക്കം ഒൻപതോളം കേസുകൾ പ്രതിക്കെതിരെയുണ്ട്.
● തമിഴ്നാട്, ഹിമാചൽപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ കറങ്ങിയ ശേഷമാണ് പ്രതി മടങ്ങിയത്.
പാലക്കാട്: (KVARTHA) ജീവനക്കാർ നോക്കിനിൽക്കെ പുലർച്ചെ പാലക്കാട് ഡിപ്പോയ്ക്ക് സമീപത്തുനിന്ന് കെഎസ്ആർടിസി ബസ് ഓടിച്ചുകൊണ്ടുപോയ യുവാവ് 18 ദിവസത്തിന് ശേഷം പിടിയിൽ. ഫാസിലിനെയാണ് (25) പാലക്കാട് ടൗൺ സൗത്ത് പോലീസ് പിടികൂടിയത്. ജൂൺ ഏഴിന് പുലർച്ചെ 2.50-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മോഷണത്തിന് ശേഷം തമിഴ്നാട്, ഹിമാചൽപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കറങ്ങി നടന്ന പ്രതി, നാട്ടിൽ തിരിച്ചെത്തിയപ്പോൾ മണപ്പുള്ളിക്കാവിന് സമീപത്തുവെച്ചാണ് പോലീസിൻ്റെ പിടിയിലായത്.
'ഓടിക്കാൻ ആഗ്രഹം തോന്നി, ഓടിച്ചു'
മദ്യലഹരിയിൽ ഓടിക്കാനുള്ള ആഗ്രഹംകൊണ്ടാണ് ബസ് എടുത്തതെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്. ഡിപ്പോയ്ക്ക് പുറത്ത് മദ്യശാലയ്ക്ക് മുൻപിൽ നിർത്തിയിട്ട ബസ് പിന്നീട് ടൗൺ ബസ് സ്റ്റാൻഡിന് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ബസിൽ കയറി ബട്ടൺ അമർത്തിയപ്പോൾ തന്നെ സ്റ്റാർട്ടായെന്നും ഓടിക്കാൻ ആഗ്രഹം തോന്നിയപ്പോൾ മുന്നോട്ടെടുത്തെന്നും തെളിവെടുപ്പിനിടെ പ്രതി പറഞ്ഞു.
മോഷ്ടിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും ബസ് ഓടിച്ചിട്ടില്ലെങ്കിലും നേരത്തേ വലിയ വാഹനങ്ങൾ ഓടിച്ച് പരിചയമുണ്ടെന്നും ഫാസിൽ വ്യക്തമാക്കി. ഇതിനിടെ, ഉത്തരവാദിത്വമില്ലാതെ ബസ് വഴിയോരത്ത് നിർത്തിയിടാമോയെന്നും പ്രതി പോലീസിനോട് ചോദിച്ചു.
മോഷണം നടക്കുന്നതിന് തൊട്ടുമുൻപ് രണ്ടുപേർ ഡിപ്പോ പരിസരത്തേക്ക് സ്കൂട്ടറിൽ എത്തുന്നതിൻ്റെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഫാസിലിനെ പിടികൂടിയത്. ഒപ്പമുണ്ടായിരുന്ന ആൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
ലോറിയും മോഷ്ടിച്ചു
ബസ് മോഷണം പോയ രാത്രി ഏഴേമുക്കാലോടെ ഡിപിഒ റോഡിനടുത്തുള്ള ബാറിന് സമീപം നിർത്തിയിട്ട മിനിലോറിയും മോഷണം പോയിരുന്നു. ഈ കേസിലും ഫാസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് എസ്ഐ കെ. സലീം പറഞ്ഞു. യാക്കര സ്വദേശിയുടേതായിരുന്നു ലോറി. താക്കോൽ ലോറിയിൽവെച്ച് കടയിൽ മുടിവെട്ടാൻ കയറി തിരിച്ചുവരുന്നതിനിടെയാണ് ലോറി നഷ്ടപ്പെട്ടത്.
കോയമ്പത്തൂരിന് സമീപം ലോറി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് വിരലടയാളം പരിശോധിച്ചപ്പോഴാണ് ഫാസിലിൻ്റെ പങ്ക് വ്യക്തമായത്. ടൗൺ സൗത്ത്, നോർത്ത് സ്റ്റേഷനുകളിലായി മോഷണം, അടിപിടി, ലഹരിക്കടത്ത് ഉൾപ്പെടെ ഒൻപത് കേസുകൾ പ്രതിക്കെതിരെയുണ്ടെന്ന് പോലീസ് അറിയിച്ചു. എസ്ഐമാരായ കെ. സലിം, ഷബീബ് റഹ്മാൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഫാസിലിനെ പിടികൂടിയത്.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകൾ അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമന്റായി രേഖപ്പെടുത്തുക.
Article Summary: A 25-year-old man was arrested in Palakkad 18 days after he drove away a KSRTC bus from a depot out of a drunken desire to drive it, and police also linked him to the theft of a mini-lorry on the same night.
#KSRTCBusTheft #PalakkadNews #KeralaPolice #VehicleTheft #MalayalamNews #CrimeReport #AmmuNews
