Legal Battle | ഷുക്കൂര്‍ വധകേസില്‍ വിടുതല്‍ ഹര്‍ജി തള്ളിയ സിബിഐ കോടതി വിധിക്കെതിരെ നിയമപോരാട്ടം തുടരുമെന്ന് പി ജയരാജന്‍

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● നിലപാട് അറിയിച്ചത് ഫേസ് ബുക്ക് പോസ്റ്റിലൂടെ
● വിടുതല്‍ ഹര്‍ജി തള്ളിയത് എറണാകുളം സിബിഐ സ്പെഷല്‍ കോടതി
തലശ്ശേരി: (KVARTHA) അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ വിടുതല്‍ ഹര്‍ജി തള്ളിയ പ്രത്യേക സിബിഐ കോടതി വിധിക്കെതിരെ നിയമ പോരാട്ടം തുടരുമെന്ന് വ്യക്തമാക്കി പി ജയരാജന്‍. നിയമ വിദഗ്ധരുമായി ആലോചിച്ച് തുടര്‍ നടപടികളെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യത്തില്‍ ജയരാജന്‍ നിലപാട് അറിയിച്ചത്.

മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ അരിയില്‍ ഷൂക്കൂര്‍ കൊല്ലപ്പെട്ട കേസില്‍ പി ജയരാജന്റെയും ടിവി രാജേഷിന്റെയും വിടുതല്‍ ഹര്‍ജി എറണാകുളം സിബിഐ സ്പെഷല്‍ കോടതിയാണ് തള്ളിയത്. ഇരുവരും വിചാരണ നേരിടണമെന്നും കോടതി ഉത്തരവിട്ടു. സിബിഐ സ്പെഷല്‍ കോടതി ജഡ്ജ് പി ശബരിനാഥന്റേതാണ് ഉത്തരവ്. കേസില്‍ വിചാരണ കൂടാതെ വിടുതല്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് 2023 ജനുവരിയിലാണ് പി ജയരാജനും ടിവി രാജേഷും ഹര്‍ജി നല്‍കിയത്.
നേരത്തെ സിബിഐ കുറ്റപത്രത്തില്‍ പി ജയരാജനും ടിവി രാജേഷിനുമെതിരെ കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയിരുന്നു. ആദ്യം ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസില്‍ ക്രിമിനല്‍ ഗൂഢാലോചന കുറ്റം ഒഴിവാക്കിയായിരുന്നു പി ജയരാജനും ടിവി രാജേഷിനുമെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. പിന്നീട് അബ്ദുല്‍ ഷുക്കൂറിന്റെ മാതാവ് ആത്തിക്ക സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി കേസന്വേഷണം സിബിഐക്ക് വിടുകയും കേസില്‍ തുടരന്വേഷണം നടത്താന്‍ ഉത്തരവിടുകയുമായിരുന്നു. ഇതോടെയാണ് ക്രിമിനല്‍ ഗൂഢാലോചന കുറ്റവും കൂടി ഉള്‍പ്പെടുത്തി സിബിഐ പി ജയരാജനും ടിവി രാജേഷിനുമേതിരെ കുറ്റപത്രം സമര്‍പ്പിച്ചത്.
പി ജയരാജന്റെ വാഹനവ്യൂഹത്തിനു നേരെ കല്ലെറിഞ്ഞു എന്നാരോപിച്ച് 2012 ഫെബ്രുവരി 20ന് ഷുക്കൂറിനെ 30 ഓളം വരുന്ന സിപിഎം പ്രവര്‍ത്തകര്‍ ചേര്‍ന്ന് തടങ്കലില്‍ വച്ചു വിചാരണ ചെയ്തു കൊലപ്പെടുത്തി എന്നാണ് കേസ്. ഷുക്കൂറിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ വച്ചു നടന്നു എന്നാണ് സിബിഐ പറയുന്നത്.
കല്ലേറിനെ തുടര്‍ന്ന് ജയരാജനെയും രാജേഷിനേയും ഈ ആശുപത്രിയിലാണു പ്രവേശിപ്പിച്ചിരുന്നത്.
കേസില്‍ തങ്ങള്‍ക്കെതിരെ ഗൂഢാലോചന കുറ്റം അടക്കമുള്ള വകുപ്പുകള്‍ നിലനില്‍ക്കില്ല എന്നും വിചാരണ ആവശ്യമില്ലെന്നുമായിരുന്നു ജയരാജനും രാജേഷും വിടുതല്‍ ഹര്‍ജിയില്‍ പറഞ്ഞിരുന്നത്.
വിടുതല്‍ ഹര്‍ജിയെ എതിര്‍ത്തു കൊണ്ട് ഷുക്കൂറിന്റെ മാതാവ് ആത്തിക്കയും കേസില്‍ കക്ഷി ചേര്‍ന്നിരുന്നു. തളിപ്പറമ്പ് ആശുപത്രിയിലെ 315ാം നമ്പര്‍ മുറിയില്‍ വച്ച് ജയരാജന്റെയും രാജേഷിന്റെയും നേതൃത്വത്തില്‍ ഗൂഢാലോചന നടന്നു എന്നും ഇതില്‍ പങ്കെടുത്ത രണ്ടുപേര്‍ ഷുക്കൂറിന്റെ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തിട്ടുണ്ടെന്നും അത് സാധൂകരിക്കുന്ന ഫോണ്‍ വിളികളുടെ റെക്കോര്‍ഡുകളും മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ വിവരങ്ങളും തെളിവായുണ്ടെന്നുമാണു സിബിഐ വാദിച്ചത്.
മാത്രമല്ല, ഗൂഢാലോചന നേരിട്ട് കണ്ട ദൃക്‌സാക്ഷികളുടെ മൊഴികള്‍ ഉണ്ടെന്നും അതിനാല്‍ വിടുതല്‍ ഹര്‍ജി തള്ളണമെന്നും സിബിഐ വാദിച്ചിരുന്നു. തുടര്‍ന്നാണ് പി ജയരാജനും ടിവി രാജേഷും വിചാരണ നേരിടണമെന്നു കാട്ടി വിടുതല്‍ ഹര്‍ജി കോടതി തള്ളിയത്. ഈ ആവശ്യം കോടതി നിരാകരിച്ചതിനാല്‍ ഹൈക്കോടതിയെ സമീപിക്കുകയാണ് ഇനിയുള്ള മാര്‍ഗം. അല്ലാത്തപക്ഷം ഇരുവര്‍ക്കും കേസില്‍ വിചാരണ നേരിടേണ്ടിവരും.
#ShukoorCase #CBICourt #PJayarajan #KeralaNews #LegalBattle #Crime